കൗണ്‍സിലിംഗുകാര്‍ മുതല്‍ നീന്തല്‍ വിദഗ്ധര്‍ വരെ; ദുരന്ത സാധ്യതാ മേഖലകളില്‍ സര്‍ക്കാര്‍ സുസജ്ജം

 


ഇടുക്കി: (www.kvartha.com 17.11.2014) ദുരന്തഭീതി വിതച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് കണ്ടുകൊണ്ടിരിക്കാനേ കഴിയുന്നുളളൂവെങ്കിലും, ദുരന്തമുണ്ടായാല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനം സുസജ്ജം. ജനത്തിന് മനോധൈര്യം പകരാന്‍ കൗണ്‍സിലിംഗുകാര്‍ മുതല്‍ അപകടം സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിന് നീന്തല്‍ വിദഗ്ധര്‍ വരെ പെരിയാര്‍ തീരത്ത് റെഡി. ദുരന്തനിവാരണ സേനയും പോലീസ് വലയവും ആരോഗ്യവിദഗ്ധരും സദാ ജാഗരൂകര്‍. തിങ്കളാഴ്ച കലക്ടറേറ്റില്‍ ജലവിഭവ മന്ത്രി പി.ജെ ജോസഫ് വിളിച്ചു ചേര്‍ത്ത സുരക്ഷാ അവലോകന യോഗത്തില്‍ നടപടികള്‍ വിശദമായി ചര്‍ച്ച ചെയ്തു. സുരക്ഷാ നടപടികള്‍ക്ക് ഫണ്ടിന്റെ അപര്യാപ്തത ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പു നല്‍കി.

ജനങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ട അവസ്ഥയുണ്ടായാല്‍ അവരുടെ സ്വത്തിനും വീടിനും സംരക്ഷണം ഏര്‍പ്പെടുത്താന്‍ പ്രത്യേക പോലീസ് സംഘങ്ങള്‍ പ്രദേശത്ത് പട്രോളിംഗ് നടത്തും. ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന 50 പോലീസ് ഉദ്യോഗസ്ഥരെക്കുടി മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാക്രമീകരണങ്ങള്‍ക്ക് ഉള്‍പ്പെടുത്തി. ഇതോടെ മുല്ലപ്പെരിയാറില്‍ 250 പോലീസുകാരുടെ സേവനം ഉറപ്പാക്കി. കൂടാതെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, ജില്ലാ സായുധ സേന, കെ.എ.പി തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ സേവനവും ലഭ്യം.  10 പോലീസ് ജീപ്പുകളും ഏഴ് മൊബൈല്‍ ബൈക്കുകളും പ്രദേശത്ത് പട്രോളിംഗ് നടത്തുന്നു.

അണക്കെട്ടിന്റെ തൊട്ടു താഴെ പെരിയാര്‍ തീരത്ത് താമസിക്കുന്ന 120 കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്.  120 കുടുംബങ്ങളെ 20 കുടുംബങ്ങളടങ്ങുന്ന സംഘങ്ങളായി തിരിച്ച് പ്രത്യേക നേതൃത്വത്തെ ഏല്‍പ്പിക്കും. 2042 പേരടങ്ങുന്ന പ്രാദേശിക ദുരന്ത നിവാരണ സമിതിയുടെ സഹായവും ഇതിന് ലഭ്യമാക്കും. എന്‍.സി.സി.കേഡറ്റുകളും സ്ഥലത്തുണ്ടാകും.

പ്രശ്‌നബാധിതമായ ഏഴ് വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കും. അടിയന്തിര ഘട്ടങ്ങളില്‍ ഭയവിഹ്വലരാകാതെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. വൈദ്യുതി എത്താത്ത സ്ഥലങ്ങളില്‍ ജനറേറ്റര്‍ സഹായത്താല്‍ വെളിച്ചം എത്തിക്കും.   വണ്ടിപ്പെരിയാര്‍, കുമളി, കട്ടപ്പന എന്നീ കേന്ദ്രങ്ങളിലെ ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. അവശ്യമരുന്നുകളുടെ ശേഖരവും ഉറപ്പാക്കി.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും ഏത് അടിയന്തിര ഘട്ടവും നേരിടുന്നതിന് ഉപയോഗിക്കുവാന്‍ തക്ക വിധത്തില്‍ ബോട്ടുകളെയും ഡ്രൈവര്‍മാരെയും തയ്യാറാക്കി നിര്‍ത്തിയിട്ടുമുണ്ട്. പോസ്റ്റുകള്‍ വഴിയുള്ള ടെലിഫോണ്‍ ബന്ധത്തിന് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ വള്ളക്കടവിലുള്ള കണ്‍ട്രോള്‍ റൂമിലേക്ക് അടിയന്തിര സന്ദേശങ്ങള്‍ക്കായുള്ള ഫോണ്‍ ബന്ധം ഭൂമിക്കടിയിലൂടെ കേബിള്‍ വഴി സ്ഥാപിക്കാന്‍ ബി.എസ്.എന്‍.എല്‍ ഒരുങ്ങിക്കഴിഞ്ഞു. യോഗത്തില്‍ ഡി.എം.ഒ.പി.ജെ.അലോഷ്യസ്, ഡി.ഡി.ഇ.അനിലാ ജോര്‍ജ്ജ്, ജല വിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി. ലതിക, വിവിധ വകുപ്പ്  മേധാവികള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


കൗണ്‍സിലിംഗുകാര്‍ മുതല്‍ നീന്തല്‍ വിദഗ്ധര്‍ വരെ; ദുരന്ത സാധ്യതാ മേഖലകളില്‍ സര്‍ക്കാര്‍ സുസജ്ജം

Keywords : Mullaperiyar, Mullaperiyar Dam, Kerala, Police, Government, Tragedy, Accident, Water level, Mullaperiyar: rescue team ready
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia