Accident | കൊട്ടിയൂരിൽ ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്; 'അപകട കാരണം ബസുകളുടെ അമിതവേഗം'
● സ്വകാര്യ ബസ് ഡ്രൈവർ സായന്ത് ഉൾപ്പെടെ പതിനാറു പേർക്ക് പരിക്കേറ്റു.
● പരുക്കേറ്റവർ ഇരിട്ടി. കണ്ണൂർ എന്നിവടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
● ബസുകളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ.
കണ്ണൂർ: (KVARTHA) ജില്ലയിലെ മലയോര പ്രദേശമായ കൊട്ടിയൂരിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കൊട്ടിയൂർ നീണ്ടുനോക്കി മുസ്ലിം പള്ളിക്ക് സമീപത്താണ് അപകടം സംഭവിച്ചത്.
തിരുനെല്ലിയിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പുത്തൻപുര എന്ന സ്വകാര്യ ബസും കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസ് റോഡരികിലെ കരിമ്പിൽ ബീരാന്റെ മതിലിൽ ഇടിച്ചു നിന്നു.
സ്വകാര്യ ബസ് ഡ്രൈവർ സായന്ത് ഉൾപ്പെടെ പതിനാറു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. സ്വകാര്യ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ട ബസ്സുകൾ സ്ഥലത്ത് നിന്നും നീക്കം ചെയ്തു. ബസുകളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു. അപകടത്തിൽപ്പെട്ട യാത്രക്കാരും ബസ് ജീവനക്കാരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ടൂറിസ്റ്റ് ബസ്സിൽ നിറയെ ആളുണ്ടായിരുന്നെങ്കിലും സ്വകാര്യ ബസ്സിൽ ആളുകൾ കുറവായിരുന്നു.
അപകടത്തിൽ സ്വകാര്യ ബസ്സിലെ ഡ്രൈവർ പേരിയ ആലാറ്റിൻ സ്വദേശി സായന്ത് (29) ന് കൈയ്ക്കും തലയ്ക്കും പരിക്കേറ്റു. ഇയാളെ മാനന്തവാടിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ടൂറിസ്റ്റ് ബസ്സിലെ യാത്രക്കാരായ ധർമ്മടം സ്വദേശികളായ ഷീന (52), ഷംന ( 49), സ്വകാര്യ ബസ്സിലെ യാത്രക്കാരായ പുൽപ്പള്ളി സ്വദേശിനി പുഷ്പ (42), പേരിയ സ്വദേശിനി ഗിരിജ (44) ഭർത്താവ് സുരേഷ് (48), സാറാമ്മ (78), ഷേർലി (53), ഷിബില (53), ധന്യ (25), വെള്ള (58), മിനി (36), അഷറഫ് (48), ഇസ്മയിൽ (58), അക്ഷയ്, വിപിൻകുമാർ (40) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ സ്വകാര്യ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കേളകം പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ അപകടത്തിൽപ്പെട്ട ബസ്സുകൾ സ്ഥലത്ത് നിന്നും നീക്കം ചെയ്തു. പരുക്കേറ്റവർ ഇരിട്ടി. കണ്ണൂർ എന്നിവടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
#Kerala #Kannur #busaccident #collision #injured #roadsafety #transportation