ഹോട്ട്സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരും; ബസുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതം കേരളത്തില്‍ അനുവദിക്കില്ല, സംസ്ഥാനത്ത് 88 ഹോട്ട്സ്പോട്ടുകള്‍

 


കാസര്‍കോട്: (www.kvartha.com 19.04.2020) ഹോട്ട്സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരുമെന്നും യാതൊരു ഇളവുകളും ഇവിടങ്ങളില്‍ അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. കേരളത്തില്‍ 88 ഹോട്ട്സ്പോട്ടുകളാണുള്ളത്. ഹോട്ട്സ്പോട്ടുകളുടെ വിശദാംശം ആരോഗ്യവകുപ്പ് പുറത്തിറക്കും. ഓറഞ്ച്, ഗ്രീന്‍ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളിലും കര്‍ശന നിയന്ത്രണം ഉണ്ടാവും.

ഓറഞ്ച് എ വിഭാഗത്തിലെ ജില്ലകളില്‍ 24 മുതലും ഓറഞ്ച് ബി ജില്ലകളില്‍ 20 മുതലും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കും. റെഡ് കാറ്റഗറി ജില്ലകളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായാണ് കേരളം ഉത്തരവിറക്കിയിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ പാസുകളുമായി ജനങ്ങള്‍ ഇപ്പോള്‍ എത്തുന്നുണ്ട്. ഇവരെ കേരളത്തിലേക്ക് കടക്കാന്‍ സംസ്ഥാനത്തെ ഒരു അതിര്‍ത്തിയിലും അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. എന്നാല്‍ നേരത്തെയുള്ള ഉത്തരവ് അനുസരിച്ച് ഗര്‍ഭിണികള്‍, ചികിത്സയ്ക്കായെത്തുന്നവര്‍, ബന്ധുക്കളുടെ മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവര്‍ എന്നിവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കും.

മെഡിക്കല്‍ എമര്‍ജന്‍സി കേസുകള്‍ക്ക് അന്തര്‍ജില്ലാ യാത്രാനുമതിയും നല്‍കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ഡ്യൂട്ടിക്കെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അയല്‍ ജില്ലാ യാത്ര അനുവദിക്കും. താമസിക്കുന്ന ജില്ലയില്‍ നിന്ന് ജോലി ചെയ്യുന്ന തൊട്ടടുത്ത ജില്ലയിലേക്കും തിരിച്ചും മാത്രമായിരിക്കും ഇത്തരത്തിലുള്ള യാത്രാനുമതി. ഇവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യാം. ജോലിക്ക് പോകുന്നവരെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് കൈയ്യില്‍ കരുതണം. ഡ്യൂട്ടിയിലില്ലാത്തവര്‍ ഈ ആനുകൂല്യം ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും.

അടിയന്തരസേവന വിഭാഗങ്ങള്‍, ഡ്യൂട്ടിക്കായി പോകുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ജോലിക്കെത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ എന്നിവയെ ഒറ്റ, ഇരട്ട ക്രമീകരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളില്‍ ക്ലാസ് ഒന്ന്, രണ്ട് വിഭാഗത്തിലെ 50 ശതമാനം ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കെത്തണം. ക്ലാസ് മൂന്ന്, നാല് വിഭാഗങ്ങളിലെ 33 ശതമാനം പേര്‍ ഹാജരാകണം. നേരത്തെയുള്ള ഉത്തരവനുസരിച്ചു മാത്രമേ കടകള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. ഗ്രീന്‍ കാറ്റഗറിയിലെ ജില്ലകളിലും ഇത് ബാധകമാണ്. അല്ലാതെയുള്ള വ്യാപാരസ്ഥാപനങ്ങളും കടകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

കഴിഞ്ഞദിവസം പുറത്തിറക്കിയ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുടെ ഉത്തരവില്‍ 13.3 ഖണ്ഡിക ഭേദഗതി വരുത്തി. ഈ കാലയളവില്‍ ഒരു ജില്ലയിലും ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ല. അതേസമയം, ജില്ലാ കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഏറ്റെടുക്കുന്ന ബസുകളും, വ്യവസായ/വാണിജ്യ സ്ഥാപനങ്ങളില്‍ ഭാഗികമായി പ്രവര്‍ത്തനത്തിന് ജീവനക്കാരെയും തൊഴിലാളികളെയും എത്തിക്കാനുള്ള വാഹനങ്ങളും മാത്രം കര്‍ശനമായ നിയന്ത്രണങ്ങളോടെ ഓടിക്കാന്‍ അനുമതി നല്‍കും.

ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിച്ച് പ്രഭാത നടത്തം/ സായാഹ്ന നടത്തം അനുവദിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. എന്നാല്‍ വീടിനടുത്ത് തന്നെയായിരിക്കണം നടക്കുന്നത്. സംഘം ചേര്‍ന്ന് നടക്കാന്‍ അനുവദിക്കില്ല. ഹോട്ട്സ്പോട്ടുകളില്‍ കടകള്‍, ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ലോക്ക്ഡൗണ്‍ കാലത്തേതുപോലെയായിരിക്കും. പൊതുസ്ഥലത്ത് എല്ലാവരും മാസ്‌കുകള്‍ നിര്‍ബന്ധമായി ധരിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ടാക്സി, ഓട്ടോ സര്‍വീസുകള്‍ അനുവദിക്കില്ല.

ഹോട്ട്സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരും; ബസുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതം കേരളത്തില്‍ അനുവദിക്കില്ല, സംസ്ഥാനത്ത് 88 ഹോട്ട്സ്പോട്ടുകള്‍

Keywords:  Kerala, News, Trending, COVID19,Must action continue in Covid hot spots
 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia