Denial | അബ്ദുല്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടിട്ടില്ല; പ്രചരിക്കുന്നത് വസ്തുതയില്ലാത്ത വാര്‍ത്തയെന്ന് എം വി ഗോവിന്ദന്‍
● എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും എന്നും ഉറപ്പ്
● ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി വിട്ടതെന്ന് പ്രചാരണം
● ഷുക്കൂറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാന്‍ തയാറായി വിഡി സതീശന്‍
ചേലക്കര: (KVARTHA) പാലക്കാട് ആരും പാര്‍ട്ടി വിട്ടിട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വസ്തുതയില്ലാത്ത വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഎം പാലക്കാട് ഏരിയ സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.
ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് അവലോകനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഷുക്കൂറിനെ പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി വിടുകയാണെന്ന തീരുമാനം അദ്ദേഹം അറിയിച്ചത്. പിന്നാലെ അബ്ദുല്‍ ഷുക്കൂര്‍ നിലപാട് പറഞ്ഞാല്‍ കോണ്‍ഗ്രസ് അനുകൂല സമീപനം സ്വീകരിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു.
മണലാഞ്ചേരിയില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് ഷുക്കൂര്‍. പാര്‍ട്ടിയില്‍ വിവിധ ചുമതല വഹിച്ച ഷുക്കൂര്‍ സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ പ്രതികരണങ്ങളിലാണ് പാര്‍ട്ടി വിടാന്‍ തീരുമാനം എടുത്തത്. പി സരിന്റെ പ്രചാരണത്തില്‍ സജീവമല്ലെന്നായിരുന്നു ഷൂക്കൂറിനെതിരെ സുരേഷ് ബാബു ആക്ഷേപം ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് അബ്ദുല്‍ ഷുക്കൂര്‍ തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. പിന്നാലെയാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം എടുത്തത് എന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ഇതെല്ലാം പാടെ അവഗണിച്ച എം വി ഗോവിന്ദന്‍ അബ്ദുല്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടില്ലെന്നും എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും എന്നും അറിയിച്ചു. ചേലക്കരയില്‍ ഇടതുപക്ഷത്തിന് ചരിത്ര വിജയം ഉണ്ടാകുമെന്നും പാലക്കാട് മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ പുനര്‍നിയമനം ചട്ടവിരുദ്ധമെങ്കില്‍ സര്‍ക്കാര്‍ കോടതിയില്‍ പോകണമെന്ന ഗവര്‍ണറുടെ നിലപാടിലും സംസ്ഥാന സെക്രട്ടറി മറുപടി നല്‍കി. ഗവര്‍ണറുടെ ചീട്ട് വേണ്ടെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. മോഹനന്‍ കുന്നുമ്മലിനെ നിയമിച്ചത് നിയമ വിരുദ്ധമായാണ്. ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍ വിദ്യാഭ്യാസ മേഖലയില്‍ കാവി വത്കരണം നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
എന്‍സിപി(ശരദ് പവാര്‍) എംഎല്‍എ തോമസ് കെ തോമസ് എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ 100 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വിവാദത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. എല്‍ഡിഎഫ് എംഎല്‍എമാരെ വില കൊടുത്ത് വാങ്ങാന്‍ കഴിയില്ലെന്നും സിപിഐഎം ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസാണ്. പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥി വിഷയമേയല്ല. പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പി സരിന്‍ ഇപ്പോള്‍ എടുത്ത നിലപാടാണ് പ്രധാനം. പാര്‍ട്ടിയെ വിമര്‍ശിച്ചു എന്ന പേരില്‍ ആരെയും ഒഴിവാക്കിയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
#AbdulShukoor #MVGovindan #CPM #Kerala #Politics,