Invitation | ബിജെപി നേതാവ് സന്ദീപ് വാരിയര്‍ ഇടതുനയം സ്വീകരിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
● സന്ദീപുമായി താന്‍ നേരിട്ട് സംസാരിച്ചിട്ടില്ല
● സിപിഎമ്മിലേക്ക് ആളെ എടുക്കുക എളുപ്പമല്ല
● പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്
● സരിനെപ്പോലെയല്ല സന്ദീപ് എന്ന് ടിപി രാമകൃഷ്ണന്‍
കല്‍പറ്റ: (KVARTHA) ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന സന്ദീപ് വാരിയര്‍ ഇടതു നയം സ്വീകരിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനോടൊപ്പം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദീപുമായി താന്‍ നേരിട്ട് സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ സംസ്ഥാന സെക്രട്ടറി ഇനി ആരെങ്കിലും അദ്ദേഹത്തോട് സംസാരിച്ചോ എന്നറിയില്ലെന്നും വ്യക്തമാക്കി.
സിപിഎമ്മിലേക്ക് ആളെ എടുക്കുക എളുപ്പമല്ലെന്നും പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട് യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരം. തിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റിലും എല്‍ഡിഎഫ് ജയിക്കുമെന്ന പ്രത്യാശയും ഗോവിന്ദന്‍ പങ്കുവച്ചു.
എന്നാല്‍ സന്ദീപ് ഇപ്പോഴും ബിജെപി പ്രവര്‍ത്തകനാണെന്നും ഇടതു നയം അംഗീകരിച്ചാല്‍ സ്വീകരിക്കുമെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. സരിനെപ്പോലെയല്ല സന്ദീപ് എന്ന് പറഞ്ഞ അദ്ദേഹം സരിന്‍ ഇടതു നയം അംഗീകരിച്ചു വന്നയാളാണെന്നും ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഇടത് നയം അംഗീകരിക്കുന്ന ആരെയും സ്വീകരിക്കും. പാര്‍ട്ടിയുടെ ദേശീയ നയം ചര്‍ച്ച ചെയ്യുന്നതേയുള്ളൂ, മധുര പാര്‍ട്ടി കോണ്‍ഗ്രസിലായിരിക്കും നയം പ്രസിദ്ധീകരിക്കുക എന്നും മറ്റു തീരുമാനമൊന്നും എടുത്തതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
അപമാനം നേരിട്ട പാലക്കാട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് കഴിഞ്ഞദിവസമാണ് ബിജെപി നേതാവ് സന്ദീപ് ജി വാരിയര്‍ വ്യക്തമാക്കിയത്. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനെതിരെ നിരവധി ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. അമ്മ മരിച്ചപ്പോള്‍ പോലും എത്തിയില്ലെന്നതടക്കമുള്ള ആരോപണങ്ങളും അദ്ദേഹം ഉയര്‍ത്തിയിരുന്നു. സന്ദീപിനെ അനുനയിപ്പിക്കാന്‍ ബിജെപി- ആര്‍ എസ് എസ് നേതൃത്വം ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സന്ദീപിനെ സ്വാഗതം ചെയ്യുന്ന നിലപാടിലേക്ക് എല്‍ഡിഎഫ് നീങ്ങിയത്.
#KeralaPolitics #CPM #SandeepWarrier #MVGovindan #LeftIdeology #LDF