Nikesh Kumar | എംവി നികേഷ് കുമാര്‍ പാലക്കാട്ട് സിപിഎം സ്ഥാനാര്‍ഥിയായേക്കില്ല; ലക്ഷ്യം കണ്ണൂരിലെ നിയമസഭാ മണ്ഡലം
അടുത്ത സംസ്ഥാന കമിറ്റി യോഗം ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് വിവരം
രണ്ടുവര്‍ഷം കണ്ണൂരിലെ പൊതുമണ്ഡലത്തില്‍ സജീവമായ ശേഷം 2026ലെ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് നികേഷിനെ മത്സരിപ്പിക്കാനാണ് സിപിഎമിന്റെ ആലോചന
കണ്ണൂര്‍: (KVARTHA) മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച എംവി നികേഷ് കുമാര്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റിയില്‍ പ്രത്യേക ക്ഷണിതാവാകാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും വരുന്ന ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നും മത്സരിച്ചേക്കില്ല. വിജയ സാധ്യത കുറഞ്ഞ മണ്ഡലത്തില്‍ നിന്നും വീണ്ടും മത്സരിച്ച് തോല്‍ക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടിലാണ് എംവി നികേഷ് കുമാര്‍.
അടുത്ത സംസ്ഥാന കമിറ്റി യോഗം ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നറിയുന്നു. നിലവില്‍ പാര്‍ടി അംഗമായ നികേഷ് കുമാര്‍ മുഴുവന്‍ സമയ പാര്‍ടി പ്രവര്‍ത്തനത്തിന് ഇറങ്ങുകയാണെന്നും കണ്ണൂര്‍ തട്ടകമാകുമെന്നും കഴിഞ്ഞദിവസത്തെ കണ്ണൂര്‍ ജില്ലാ കമിറ്റി യോഗത്തില്‍ ജില്ലാ സെക്രടറി എംവി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.
രണ്ടുവര്‍ഷം കണ്ണൂരിലെ പൊതുമണ്ഡലത്തില്‍ സജീവമായ ശേഷം 2026ലെ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് നികേഷിനെ മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നികേഷിനെ കളത്തിലിറക്കാന്‍ സംസ്ഥാന നേതൃത്വം ആലോചിച്ചിരുന്നില്ലെങ്കിലും പാലക്കാട്ടേക്കില്ലെന്ന് നികേഷ് കുമാര്‍ സംസ്ഥാന സെക്രടറി എംവി ഗോവിന്ദനെ അറിയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായതിന്റെ ക്ഷീണം നികേഷിന്റെ സ്വീകാര്യതയിലൂടെ മറികടക്കാമെന്നായിരുന്നു സിപിഎം കണക്കുകൂട്ടല്‍. നിഷ് പക്ഷ വോടുകളും സവര്‍ണ ഹിന്ദു വോടുകളും നികേഷിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ സമാഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും പാര്‍ടിക്കുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ ജയിച്ചുകയറാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും വലിയ പഴി കേള്‍ക്കേണ്ടിവരില്ലെന്ന ചിന്തയും നികേഷിനെ മത്സരിപ്പിക്കുന്നതിനെ സിപിഎം നേതൃത്വത്തെ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ടിക്കായി ചാവേറാകാന്‍ നികേഷ് വിസമ്മതിച്ചതോടെയാണ് ഈ നീക്കം പൊളിഞ്ഞത്.
2016ല്‍ അഴീക്കോട് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച നികേഷ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെഎം ശാജിയോട് 2284 വോടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. 28 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കഴിഞ്ഞദിവസമാണ് നികേഷ് കുമാര്‍ അറിയിച്ചത്. തട്ടകം കണ്ണൂരിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി എറണാകുളത്ത് നിന്ന് നികേഷ് കുമാര്‍ പിതാവ് എംവി രാഘവന്റെ ബര്‍ണശ്ശേരിയിലെ വീട്ടിലേക്ക് താമസം മാറ്റിയിട്ടുണ്ട്.