എം വി ആറിന് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം, കണ്ണൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം

 


കണ്ണൂര്‍: (www.kvartha.com 10.11.2014) കഴിഞ്ഞദിവസം അന്തരിച്ച മുന്‍മന്ത്രിയും സി എം പി നേതാവുമായ എം.വി രാഘവന്റെ നിര്യാണത്തില്‍ അനുശോചിച്ച് യു.ഡി.എഫും എല്‍.ഡി.എഫും കണ്ണൂരില്‍ സംയുക്തമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം.

ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയതിനാല്‍  സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും  സര്‍വീസ് നടത്തുന്നുണ്ട്. കട-കമ്പോളങ്ങളും ഹോട്ടലുകളും  അടഞ്ഞു കിടക്കുന്നു. എം.വി ആറിന്റെ ഭൗതിക ശരീരം അവസാനമായി കാണാനും അന്ത്യാഞ്ജലി അര്‍പിക്കാനും ആയിരങ്ങളാണ്   ബര്‍ണശേരിയിലെ വീട്ടിലെത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.എം മാണി, കെ.സി.ജോസഫ്, കെ.പി.മോഹനന്‍,  രമേശ് ചെന്നിത്തല,  കെ.സി. വേണുഗോപാല്‍ എംപി, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ എം.വി.ആറിന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
സംസ്‌കാരം അല്‍പസമയത്തിനകം പയ്യാമ്പലത്ത് നടക്കും. മൃതദേഹം സിഎംപി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു.

ഞായറാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. മറവി രോഗം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മാടായി(1970), തളിപ്പറമ്പ്(1977), കൂത്തുപറമ്പ്(1980), പയ്യന്നൂര്‍(1982), അഴീക്കോട്(1987), കഴക്കൂട്ടം(1991), തിരുവനന്തപുരം വെസ്റ്റ്(2001) എന്നീ ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്. രണ്ട് തവണ സഹകരണ മന്ത്രിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

മത്സരിച്ച നിയോജകമണ്ഡലങ്ങളില്‍ വീണ്ടും മത്സരിക്കാന്‍ എം വി ആര്‍ തയ്യാറായിരുന്നില്ല. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ രണ്ടുതവണ അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. 16ാം വയസില്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ എംവിആര്‍ 1986 ല്‍ ബദല്‍ രേഖ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഎംല്‍ നിന്നും പുറത്തായി. മലബാറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച എംവിആര്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎം നോടൊപ്പം നിന്നു. സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി, യുവജനവിഭാഗം നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എം വി ആറിന് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം, കണ്ണൂരില്‍  ഹര്‍ത്താല്‍ പൂര്‍ണം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Kannur, UDF, LDF, Hotel, Minister, Dead Body, Thiruvananthapuram, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia