National Highway Development | ദേശീയ പാത വികസനം: 98.51 % ഭൂമി ഏറ്റെടുത്തു; 15 റീചില്‍ പണി അതിവേഗത്തിലെന്ന് പൊതുമരാമത്ത് മന്ത്രി മുഹ് മദ് റിയാസ്

 




തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ ദേശീയപാത വികസനം 2025ഓടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹ് മദ് റിയാസ് പറഞ്ഞു. മുന്‍കാലങ്ങളില്‍ നിന്ന് എല്ലാം വ്യത്യസ്തമായി അതിവേഗം പണികള്‍ നടക്കുകയാണ്. ഇതിനകം 98.51% ഭൂമി എറ്റെടുത്തു കഴിഞ്ഞു. 1079.06 ഹെക്ടറില്‍ 1062.96 ഹെക്ടറും ഏറ്റെടുത്തെന്നും മന്ത്രി വിശദീകരിച്ചു.  

സ്ഥലമെടുക്കാന്‍ സംസ്ഥാനം സര്‍കാര്‍ 5580 കോടി രൂപയാണ് നല്‍കിയത്. 15 റീചുകളില്‍ പണി പുരോഗമിക്കുന്നു. ആറ് റീചില്‍ പണികള്‍ അവാര്‍ഡ് ചെയ്ത് കഴിഞ്ഞു. സംസ്ഥാനത്ത് സമീപകാലത്ത് ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുക്കല്‍ നടന്ന പദ്ധതിയാണ് ദേശീയപാത വികസനം.

മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയുടെ പൂര്‍ണ രൂപം: ദേശീയപാതാ വികസനം സംസ്ഥാനത്ത് സാധ്യമാക്കുക എന്നത് എല്‍ ഡി എഫ് സര്‍കാരിന്റെ പ്രഖ്യാപിത നയമാണ്. റോഡുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ പരിമിതി കേരളത്തില്‍ ചെറുതല്ല. 2021 ലെ കണക്ക് അനുസരിച്ച് കേരളത്തില്‍ ആയിരത്തില്‍ 445 പേര്‍ക്ക് വാഹനമുണ്ട് എന്നതാണ് സാഹചര്യം. ദേശീയ തലത്തേക്കാള്‍ ഉയര്‍ന്ന വാഹനസാന്ദ്രതാ നിരക്കാണ് കേരളത്തില്‍ ഉള്ളത്.

സംസ്ഥാനത്തിലെ ജനസാന്ദ്രത ദേശീയ ശരാശരിയേക്കാള്‍ അധികമാണ്. കേരളത്തില്‍ ചതുരശ്ര കിലോ മീറ്ററില്‍ 860 എന്ന തരത്തിലാണ് സാന്ദ്രത. ദേശീയ ശരാശരി അത് 382 ആണ്. അതുകൊണ്ടുതന്നെ വാഹനപെരുപ്പത്തിന് അനുസരിച്ച് റോഡുകളുടെ വികാസത്തിന് ചില പരിമിതികള്‍ ഉണ്ട്. ഈ പരിമിതികള്‍ക്ക് അകത്ത് നിന്നുകൊണ്ട് റോഡുകള്‍ വികസിപ്പിക്കുന്നതിനാണ് സര്‍കാര്‍ ശ്രമിക്കുന്നത്.  ഇതില്‍ പ്രധാന ലക്ഷ്യമാണ് ദേശീയ പാതയുടെ വികസനം പൂര്‍ത്തീകരിക്കല്‍.

ഒരു കാലത്ത് നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ചുപോയ പദ്ധതിയാണ് കഴിഞ്ഞ എല്‍ ഡി എഫ് സര്‍കാരിന്റെ ഇഛാശക്തിയില്‍ ജീവന്‍ വച്ചത്. ഈ സര്‍കാരിന്റെ കാലത്ത് പദ്ധതി പൂര്‍ണമായും ട്രാകിലാക്കാനായെന്ന് അഭിമാനത്തോടെ പറയട്ടെ. കാസറകോട് ജില്ലാ അതിര്‍ത്തിയായ തലപാടി മുതല്‍ തിരുവനന്തപുരം ജില്ല അതിര്‍ത്തി വരെ നീളുന്ന ദേശീയപാതാ 66-ല്‍ എല്ലായിടത്തും പ്രവര്‍ത്തി ആരംഭിക്കുന്ന ഘട്ടത്തിലേക്ക് എത്തിക്കാന്‍ നമുക്ക് സാധിച്ചു.

രാജ്യത്ത് മറ്റെവിടെയും ഇല്ലാത്ത വിധം സ്ഥലമേറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കുകകയാണ്. ഇതിനായി 5580 കോടി രൂപ കേരളം ഇതിനോടകം നല്‍കിക്കഴിഞ്ഞു. ദേശീയപാതാ 66-ന്റെ വികസനത്തിനായി ഏറ്റെടുക്കേണ്ട 1079.06 ഹെക്ടര്‍ ഭൂമിയില്‍ 1062.96 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. 98.51 % ഭൂമിയും നമുക്ക് ഏറ്റെടുക്കാനായി. എല്ലാവരുടേയും സഹകരണത്തോടെയാണ് നമുക്ക് ഇത് പൂര്‍ത്തിയാക്കാനായത്.

ദേശീയപാത 66-ല്‍ കേരളത്തില്‍ എവിടെ സഞ്ചരിക്കുമ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ നമുക്ക് കാണാനാകും. 15 റീചുകളില്‍ പ്രവൃത്തി പൂര്‍ണാര്‍ഥത്തില്‍ പുരോഗമിക്കുന്നു. ആറ് റീചുകളില്‍ പ്രവര്‍ത്തി അവാര്‍ഡ് ചെയ്ത് പ്രാഥമികമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അരൂര്‍-തുറവൂര്‍ റീചില്‍ എലിവേറ്റഡ് ഹൈവേക്കുള്ള ഡിപിആര്‍ തയ്യാറാക്കുകയാണ്. ദേശീയപാതാ വികസനം കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ അധ്യായമാണ് എഴുതിച്ചേര്‍ക്കുന്നത്.

National Highway Development | ദേശീയ പാത വികസനം: 98.51 % ഭൂമി ഏറ്റെടുത്തു; 15 റീചില്‍ പണി അതിവേഗത്തിലെന്ന് പൊതുമരാമത്ത്  മന്ത്രി മുഹ് മദ് റിയാസ്


കോവിഡ് പോലുള്ള മഹാമാരികളോ മറ്റ് തടസങ്ങളോ ഇല്ലെങ്കില്‍ 2025-ഓടെ കേരളത്തില്‍ ദേശീയപാത 66-ന്റെ വികസനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സര്‍കാര്‍ പ്രതീക്ഷിക്കുന്നത്. അതിനായി ദേശീയപാത അതോറിറ്റിയുമായി ചേര്‍ന്ന് നിന്നുകൊണ്ട് സംസ്ഥാനം പ്രവര്‍ത്തിക്കുകയാണ്. പൊതുമരാമത്ത് സെക്രടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക മോനിറ്ററിംഗ് സംവിധാനം ഇതിനായി ഒരുക്കിയിട്ടുണ്ട്. ചീഫ് സെക്രടറിയുടെ നേതൃത്വത്തിലുള്ള സമിതിയും ദേശീയ പാതാ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.  മന്ത്രിതലത്തില്‍ നമ്മള്‍ നിശ്ചിത ഇടവേളകളില്‍ അവലോകനയോഗങ്ങള്‍ ചേരുന്നുണ്ട്. മുന്‍ഗണനാ പദ്ധതികളില്‍ ഉള്‍പെടുത്തി മുഖ്യമന്ത്രിയും ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗങ്ങള്‍ നടത്തുന്നുണ്ട്.

ബഹുമാനപെട്ട അംഗം സൂചിപിച്ച തലപാടി മുതല്‍ ചെങ്കള വരെ (ആകെ 39 കി.മീ) ആറുവരിപാതയാക്കുന്ന പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയ്ക്ക് കരാര്‍ നല്‍കിയിട്ടുള്ളതും  18.11.2021-ന് ആരംഭിച്ചിട്ടുള്ളതുമാണ്. ജനങ്ങളുടെ സ്വാഭാവികമായ യാത്രാ സൗകര്യത്തെ തടസപെടുത്താത്ത വിധം ആവശ്യമുള്ള സ്ഥലത്ത് ഹൈവേയുടെ ഇരുവശത്തുമായി 6.5 മുതല്‍ ഏഴ് മീറ്റര്‍ വരെ വീതിയില്‍ സര്‍വീസ് റോഡുകളും ആവശ്യമുള്ള സ്ഥലത്ത് അടിപാതകളും ഫ്‌ലൈഓവറുകളും ഉള്‍പെടുത്തിക്കൊണ്ടുള്ള ദേശീയപാതാവികസനമാണ് എന്‍ എച് എ ഐ നടത്തി വരുന്നത്. ഈ പാതയില്‍ കന്‍സിഷന്‍ എഗ്രിമെന്റ് പ്രകാരം ഒരു ഫ്‌ലൈഓവറും ഒന്‍പത് വെഹികുലാര്‍ അന്‍ഡര്‍പാസുകളും ഒരു ലൈറ്റ് വെഹികുലാര്‍ അന്‍ഡര്‍പാസും ഉള്‍പെടുത്തിയിട്ടുണ്ട്.

കൂടാതെ മൂന്നിടങ്ങളില്‍ കാല്‍നടമേല്‍പാലങ്ങള്‍ നിര്‍മിക്കാനുമാണ് ദേശീയ പാതാ അതോറിറ്റി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഉപ്പളയില്‍ രാമകൃഷ്ണ വിദ്യാലയത്തിനടുത്ത് ഇത്തരം ഒരു ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് പദ്ധതി ഉണ്ടെന്നാണ് ദേശീയ പാത അതോറിറ്റി അറിയിച്ചിരിക്കുന്നത്. കൂടാതെ ഇപ്പോള്‍ എം എല്‍ എ ഉന്നയിച്ചത് പോലുള്ള ആവശ്യങ്ങള്‍ വിവിധ ജനപ്രപതിനിധികളും രാഷ്ട്രീയ പാര്‍ടി നേതാക്കളും സംഘടനകളും പൊതുജനങ്ങളും ഉന്നയിക്കുന്നുണ്ട്. 

ഇത്തരം ആവശ്യങ്ങള്‍ സംസ്ഥാന സര്‍കാരും ദേശീയ പാതാ അതോറിറ്റിയുടെ ശ്രദ്ധയില്‍പെടുത്താറുണ്ട്.  ഇത് പരിഗണിച്ച് അഡീഷനല്‍ സ്ട്രക്ചറുകള്‍ നിര്‍മിക്കുകയോ നിലവിലുള്ള സ്ട്രക്ചറുകള്‍  പുതിയ സ്ട്രക്ചറുകളാക്കി മാറ്റം വരുത്തുകയോ ചെയ്യുന്നതിനുവേണ്ടിയുള്ള ചെയിന്‍ജ് ഓഫ് സ്‌കോപ് പ്രൊപോസല്‍ പരിഗണനയിലാണെന്ന് ദേശീയപാത അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്.

Keywords:  News,Kerala,State,Thiruvananthapuram,Road,Transport,Minister,Top-Headlines, National Highway Development, Minister Mohammad Riaz, National Highway Development: 98.51 % of land acquired; Public Works Minister Mohammad Riaz said that the work on 15 Reach is fast


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia