NQAS Accreditation | 2 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ എന്‍ ക്യു എ എസ് ലഭിച്ചത് 176 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക്
മൂന്ന് വര്‍ഷ കാലാവധിയാണുളളത്
വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് (Hospitals) കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (NQAS) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Health Minister Veena George) . കൊല്ലം കരവാളൂര്‍ കുടുംബാരോഗ്യ കേന്ദ്രം (Kollam Karavalur Family Health Centre) 91 ശതമാനം സ്‌കോറോടെ (Score) അംഗീകാരവും, തൃശൂര്‍ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം (Thrissur Desamangalam Family Health Centre) 91.48 ശതമാനം സ്‌കോറോടെ പുന:അംഗീകാരവും നേടിയെടുത്തു. കൂടുതല്‍ ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം നേടിയെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടെ സംസ്ഥാനത്തെ 176 ആശുപത്രികള്‍ എന്‍ ക്യു എ എസ് അംഗീകാരവും 77 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക് ആശുപത്രികള്‍, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 117 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ ക്യു എ എസ് അംഗീകാരം നേടിയിട്ടുള്ളത്.
എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍ ക്യു എ എസ് അംഗീകാരത്തിന് മൂന്ന് വര്‍ഷ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.
എന്‍ ക്യു എ എസ് അംഗീകാരം ലഭിക്കുന്ന പി എച്ച് സികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ആശുപത്രി വികസനത്തിന് ഇതേറെ സഹായിക്കുമെന്നും മന്ത്രി അറിയിച്ചു.