Navakerala Sadas | നവകേരള സദസിന് നവംബര്‍ 18 ന് കാസര്‍കോട് പൈവളിഗെയില്‍ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

 


തിരുവനന്തപുരം: (KVARTHA) നവകേരള നിര്‍മിതിയുടെ ഭാഗമായി ഇതിനകം സംസ്ഥാന സര്‍കാര്‍ നടത്തിയ മുന്നേറ്റങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനുമായി സംസ്ഥാന സര്‍കാര്‍ സംഘടിപ്പിക്കുന്ന നവകേരള സദസിന് നവംബര്‍ 18ന് കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയില്‍ തുടക്കമാവും. 

Navakerala Sadas | നവകേരള സദസിന് നവംബര്‍ 18 ന് കാസര്‍കോട് പൈവളിഗെയില്‍ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ് ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. ഡിസംബര്‍ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സമാപനം.

മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും. സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, തിരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളജ് യൂനിയന്‍ ഭാരവാഹികള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ പ്രതിഭകള്‍, കലാകാരന്‍മാര്‍, സെലിബ്രിറ്റികള്‍, അവാര്‍ഡ് ജേതാക്കള്‍, തെയ്യം കലാകാരന്‍മാര്‍, സാമുദായിക സംഘടനാ നേതാക്കള്‍, മുതിര്‍ന്ന പൗരന്‍മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ മണ്ഡലം സദസിലെ പ്രത്യേക ക്ഷണിതാക്കളാകും.

നവകേരള സദസ് നടക്കുന്ന ദിവസങ്ങളില്‍ രാവിലെ ഒമ്പതു മണിക്ക് ഓരോ മണ്ഡലത്തിലെയും പ്രത്യേക ക്ഷണിതാക്കളുമായി കൂടിക്കാഴ്ച നടക്കും. തുടര്‍ന്ന് വിവിധ മണ്ഡലങ്ങളിലെ സദസുകളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രതിരിക്കും. ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സംവിധാനമുണ്ടാവും.
നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് മുതല്‍ പരാതികള്‍ സ്വീകരിച്ചു തുടങ്ങും.

മുഴുവന്‍ പരാതികളും സ്വീകരിക്കുന്നതു വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. പരാതികള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കും. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കും. ലഭിക്കുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാണ് നിശ്ചയിച്ചിട്ടുള്ളത്. എല്ലാ പരാതികള്‍ക്കും കൈപ്പറ്റ് രസീത് നല്‍കും. പരാതി തീര്‍പ്പാകുന്ന മുറയ്ക്ക് തപാലില്‍ അറിയിക്കുകയും ചെയ്യും. പരാതികളുടെ സ്ഥിതി www(dot)navakeralasadas(dot)kerala(dot)gov(dot)inല്‍ നിന്ന് രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ ലഭ്യമാകും.

പരാതികളില്‍ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതല്‍ നടപടിക്രമം ആവശ്യമെങ്കില്‍ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കും. സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ ജില്ലാ ഓഫീസര്‍മാര്‍ വകുപ്പ് തല മേധാവി മുഖേന റിപോര്‍ട് സമര്‍പ്പിക്കും. ഇത്തരം പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നല്‍കും.

ഓരോ നിയമസഭാ മണ്ഡലത്തിലും എം എല്‍ എമാരുടെയും സര്‍കാര്‍ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘാടക സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടൊപ്പം തദ്ദേശസ്ഥാപന പ്രതിനിധികള്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്.

നവകേരള സദസിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ ചീഫ് സെക്രടറി ഡോ വി വേണു സ്വാഗതം പറയും. മന്ത്രിമാര്‍ ആശംസ അറിയിക്കും. കാസര്‍കോട് ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ എന്നിവര്‍ സംസാരിക്കും.

Keywords: Navakerala Sadas begins on November 18th at Kasaragod Pivalige; Chief Minister Pinarayi Vijayan will inaugurate, Thiruvananthapuram, News, Politics, Ministers, Navakerala Sadas, Inauguration, Chief Minister, Pinarayi Vijayan, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia