നെടുങ്കണ്ടം കസ്റ്റഡി മരണകേസ്; രാജ്കുമാറിന്റെ കുടുംബത്തിനും ഇരകള്‍ക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം, 6 പൊലീസുകാരെ പിരിച്ചുവിടും
Jun 1, 2021, 13:12 IST
തിരുവനന്തപുരം: (www.kvartha.com 01.06.2021) നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി മരണപ്പെട്ട സംഭവത്തില്‍ ആറ് പൊലീസുകാരെ പ്രോസിക്യൂട് ചെയ്യും. ഇവരെ പിരിച്ചുവിടാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും.
ജുഡീഷ്യല്‍ കമീഷന്‍ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍കാര്‍ നടപടി. പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിനും ഇരകള്‍ക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും സര്‍കാര്‍ അറിയിച്ചു.
നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സി ബി ഐ കുറ്റപത്രം സമര്‍പിച്ചിരുന്നു. എസ് ഐ കെ എ സാബുവാണ് ഒന്നാം പ്രതി. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡില്‍വെച്ച് പീഡിപ്പിച്ചതാണ് മരണകാരണമെന്ന് എറണാകുളം സി ജെ എം കോടതിയില്‍ സമര്‍പിച്ച ആദ്യ കുറ്റപത്രത്തില്‍ സി ബി ഐ പറഞ്ഞിരുന്നു.
രാജ്കുമാറിനെയും അദ്ദേഹത്തിന്റെ ജീവനക്കാരിയായ ശാലിനിയെയും 2019 ജൂണ്‍ 12 മുതല്‍ 15 വരെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ചെന്നാണ് സി ബി ഐ കുറ്റപത്രത്തില്‍ പറയുന്നത്. സമാനതകളില്ലാത്ത പൊലീസ് പീഡനം നടന്നുവെന്നാണ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തിക തട്ടിപ്പുക്കേസില്‍ 2019 ജൂണ്‍ 12നാണ് നെടുങ്കണ്ടം സ്വദേശി രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 15ന് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് റിമാന്‍ഡിലായ രാജ്കുമാര്‍ ജൂണ്‍ 21ന് മരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.