Compensation | 'കോവിഡ് നെഗറ്റീവ് ആയിട്ടും ചികിത്സ'; ഡോക്ടർക്കും ആശുപത്രിയ്ക്കും 5 ലക്ഷം രൂപ പിഴ
● 'നെഗറ്റീവ് ഫലം മറച്ചുവെച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചു'
● 'മറ്റൊരിടത്തെ പരിശോധനയിൽ കിഡ്‌നി സംബന്ധമായ അസുഖമാണെന്ന് കണ്ടെത്തി'
● കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് കമ്മീഷൻ കണ്ടെത്തൽ
മലപ്പുറം: (KVARTHA) കോവിഡ് നെഗറ്റീവ് ആയിട്ടും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ചികിത്സ നൽകിയെന്ന പരാതിയിൽ ഡോക്ടർക്കും സ്വകാര്യ ആശുപത്രിയ്ക്കും എതിരെ ഉപഭോക്തൃ കമ്മീഷന്റെ നിർണായക വിധി. ചികിത്സാ പിഴവിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് ഉത്തരവിട്ടത്.
പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്: 'ഊർങ്ങാട്ടിരി സ്വദേശി മാടമ്പിള്ളിക്കുന്നേൽ സോജി റനി നൽകിയ പരാതിയിലാണ് വിധി. 2021 മെയ് 26ന് ആരോഗ്യ പ്രശ്നങ്ങളുമായി ഭർത്താവിനൊപ്പം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയതായിരുന്നു സോജി. ആശുപത്രിയിൽ നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഫലം ഇൻഡിറ്റർമിനേറ്റഡ് ആയിരുന്നു. തുടർന്ന് നടത്തിയ ആർടിപിസിആർ ടെസ്റ്റിൽ ഫലം നെഗറ്റീവ് ആയിട്ടും ഈ വിവരം രോഗിയെ അറിയിച്ചില്ല.
നെഗറ്റീവ് ഫലം മറച്ചുവെച്ച് സോജിയെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ഭർത്താവുമായോ ശാരീരിക അവശതകൾ അനുഭവിക്കുന്ന മകനുമായോ ബന്ധപ്പെടാൻ അനുവദിക്കാതെ ഒറ്റപ്പെടുത്തുകയും ചെയ്തു. കോവിഡ് സംശയിക്കുന്നവരിൽ നിന്ന് മാറ്റണമെന്ന രോഗിയുടെ അപേക്ഷ പോലും ആശുപത്രി അധികൃതർ പരിഗണിച്ചില്ല. മൂന്നാം ദിവസമാണ് ഭർത്താവിനെ കണ്ടപ്പോൾ താൻ കോവിഡ് നെഗറ്റീവ് ആണെന്ന വിവരം സോജി അറിയുന്നത്. തുടർന്ന് ഡോക്ടർമാരുടെ നിർദേശത്തിന് വിരുദ്ധമായി സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാർജ് വാങ്ങി മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി'.
അവിടെ നടത്തിയ പരിശോധനയിൽ കിഡ്‌നി സംബന്ധമായ അസുഖമാണെന്നും അതിന്റെ ലക്ഷണമാണ് ഡോക്ടര്‍ കോവിഡ് ലക്ഷണമായി കണക്കാക്കിയതെന്നുമായിരുന്നു പരാതിക്കാരിയുടെ വാദം. കടുത്ത കോവിഡ് രോഗബാധിതര്‍ക്ക് മാത്രം നല്‍കുന്നതും കിഡ്‌നി രോഗം ബാധിച്ചവര്‍ക്ക് കൊടുക്കാന്‍ പാടില്ലാത്തതുമായ മരുന്നുകളാണ് നല്‍കിയതെന്നും അതിനാല്‍ കടുത്ത മാനസിക ആഘാതവും ആരോഗ്യപ്രശ്‌നങ്ങളും അനുഭവിക്കേണ്ടിവന്നുവെന്നും ഹരജിക്കാരി കമ്മീഷനെ ബോധിപ്പിച്ചു.
അതേസമയം, സോജിയ്ക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് മരുന്ന് നൽകിയതെന്നും ആശുപത്രി അധികൃതരും ഡോക്ടറും കമ്മീഷനെ അറിയിച്ചു. പരിശോധനാ ഫലം സംശയകരമാണെങ്കിൽ ആർടിപിസിആർ ടെസ്റ്റ് ആവർത്തിക്കാൻ നിർദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്നും രോഗ വിവരം മറച്ചുവെച്ചിട്ടില്ലെന്നും ഭർത്താവിനെ അറിയിച്ചിട്ടുണ്ടെന്നും അവർ വാദിച്ചു.
ഡോക്ടറുടെ നിർദേശത്തിന് വിരുദ്ധമായി സ്വന്തം ഇഷ്ടപ്രകാരമാണ് സോജി ഡിസ്ചാർജ് വാങ്ങി പോയതെന്നും തുടർച്ചികിത്സ വൈകിയത് രോഗം മൂർച്ഛിക്കാൻ കാരണമായെന്നും അവർ വാദിച്ചു. രോഗിയുടെ നന്മയ്ക്ക് വേണ്ടിയുള്ള മരുന്നുകൾ മാത്രമാണ് നൽകിയതെന്നും ആശുപത്രിയുടെയും ഡോക്ടറുടെയും ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടില്ലെന്നും അവർ ആവർത്തിച്ചു. മറ്റു രാജ്യങ്ങളിലും നൽകുന്ന മരുന്നുകളാണ് സോജിയ്ക്ക് നൽകിയതെന്നും അത്തരം മാർഗ്ഗനിർദ്ദേശങ്ങൾ സ്ഥാപനം പാലിച്ചു പോരുന്നുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.
എന്നാൽ, നടത്തിയ ടെസ്റ്റുകളിൽ സോജിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും കോവിഡ് ബാധിതർക്ക് മാത്രം നൽകുന്ന മരുന്ന് നൽകിയത് നീതീകരിക്കാനാവില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. ഡോക്ടറുടെ നടപടി കോവിഡ് പ്രോട്ടോക്കോളിനും മെഡിക്കൽ എത്തിക്സിനും എതിരാണെന്നും രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അറിയാനുള്ള രോഗിയുടെ അവകാശം ആശുപത്രിയും ഡോക്ടറും നിഷേധിച്ചുവെന്നും കമ്മീഷൻ കണ്ടെത്തി.
കോവിഡ് ചികിത്സയ്ക്ക് സംസ്ഥാനത്ത് നിലവിലുള്ള പ്രോട്ടോക്കോളിന്റെയും ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച പ്രോട്ടോക്കോളിന്റെയും ലംഘനമാണ് ആശുപത്രിയിൽ നടന്നത്. ലോകാരോഗ്യ സംഘടന നിഷ്കർഷിച്ച മരുന്ന് നൽകുമ്പോൾ രോഗിയെ ബോധ്യപ്പെടുത്താനോ വിശ്വാസത്തിലെടുക്കാനോ ഡോക്ടർക്ക് കഴിഞ്ഞില്ല. ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തിയ വിദഗ്ധ സംഘവും ഇക്കാര്യം നിരീക്ഷിച്ചിട്ടുണ്ട്.
നെഗറ്റീവ് ഫലം ലഭിക്കുമ്പോൾ രോഗിയുടെ മാനസികാവസ്ഥയിൽ ഉണ്ടാകുന്ന പോസിറ്റീവ് ഫലം പരിഗണിക്കാതെ ചികിത്സ നടത്തിയത് ന്യായീകരിക്കാനാവില്ലെന്നും ഇത് രോഗിക്ക് ശാരീരികവും മാനസികവുമായ ആഘാതം ഉണ്ടാക്കിയെന്നും കമ്മീഷൻ വിലയിരുത്തി. കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷനാണ് സോജിയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവിനായി 25,000 രൂപയും നൽകാൻ വിധിച്ചത്.
#COVIDNegligence #MedicalMalpractice #ConsumerCourt #KeralaNews #HealthNews #Compensation