Discomfort | ജനശതാബ്ദിയിലെ പുതിയ കോച്ചുകള്‍ ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്ന് പരാതി
● സീറ്റുകള്‍ പിന്നിലേക്ക് നീക്കാന്‍ കഴിയുന്നില്ല.
● ഫൂട്ട് റെസ്റ്റ്, ഹാന്‍ഡ് റെസ്റ്റ് എന്നിവ ഇല്ല.
തിരുവനന്തപുരം: (KVARTHA) പുതിയ കോച്ചുകള്‍ ലഭിച്ച കോട്ടയം വഴിയുള്ള തിരുവനന്തപുരം സെന്‍ട്രല്‍-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിലെ സെക്കന്‍ഡ് ക്ലാസ് ചെയര്‍കാര്‍ കോച്ചുകളിലെ സീറ്റുകള്‍ ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്ന് പരാതി.
ലഭിച്ച പുതിയ സീറ്റുകള്‍ ദീര്‍ഘദൂരയാത്രയ്ക്ക് അനുയോജ്യമല്ലാത്തതിനാല്‍ യാത്ര ദുഷ്‌ക്കരമായിരിക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. പഴയ ജനശതാബ്ദി സെക്കന്‍ഡ് ക്ലാസ് കോച്ചുകളിലുണ്ടായിരുന്ന ഫൂട്ട് റെസ്റ്റ്, ഹാന്‍ഡ് റെസ്റ്റ് എന്നിവ പുതിയ കോച്ചുകളിലില്ല. പഴയ ട്രെയിനിലെ പോലെ സീറ്റുകള്‍ പുഷ്ബാക് അല്ലാത്തതിനാല്‍ പിന്നിലേക്ക് നീക്കാനും കഴിയുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
അടുത്തിടെയാണ് ജനശതാബ്ദി പരമ്പരാഗത കോച്ച് മാറ്റി എല്‍.എച്ച്.ബി. കോച്ചാക്കിയത്. മൂന്ന് എ.സി. ചെയര്‍കാര്‍ കോച്ചുകള്‍, 16 ചെയര്‍ കാര്‍, ഒരു സെക്കന്‍ഡ് ക്ലാസ് കോച്ച്, ഒരു ലഗേജ് കം ബ്രേക്ക് വാന്‍ എന്നിവയടങ്ങിയതാണ് തീവണ്ടി. അതേസമയം, പരമ്പരാഗത കോച്ചുകളെക്കാള്‍ അധികസുരക്ഷ നല്‍കുന്നതാണ് എല്‍.എച്ച്.ബി.കോച്ചുകള്‍. കുലുക്കവും ശബ്ദവും കുറവാണ്.
ജര്‍മനി ആസ്ഥാനമാക്കിയുളള ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍.എച്ച്.ബി.) എന്ന കമ്പനിയാണ് കോച്ചുനിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത്. സ്റ്റീലില്‍ നിര്‍മിച്ച കോച്ചുകള്‍ക്ക് പരമ്പരാഗത കോച്ചുകളെ അപേക്ഷിച്ച് ഭാരം കുറവാണ്.
അതേസമയം, ജനശതാബ്ദിക്കുള്ള സ്‌പെഷല്‍ കോച്ചുകള്‍ റെയില്‍വേ ഇപ്പോള്‍ നിര്‍മിക്കുന്നില്ല. കാലപ്പഴക്കം ചെന്നവ മാറ്റുമ്പോള്‍ പകരം സെക്കന്‍ഡ് ക്ലാസ് കോച്ചുകളാണ് നല്‍കുന്നത്. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും ഇതേ കോച്ചുകളാണ് നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
ഡിസൈനില്‍ മാറ്റം വരണമെങ്കില്‍ പ്രത്യേക ജനശതാബ്ദി കോച്ചുകള്‍ നിര്‍മിക്കാന്‍ റെയില്‍വേ ബോര്‍ഡ് കോച്ച് ഫാക്ടറികള്‍ക്കു നിര്‍ദേശം നല്‍കണം. കോച്ചുകളുടെ ഉല്‍പാദനം സംബന്ധിച്ച വാര്‍ഷിക പ്ലാന്‍ തയാറാക്കുന്നത് റെയില്‍വേ ബോര്‍ഡാണ്.
ഏതാനും വര്‍ഷങ്ങളായി കോച്ച് ഫാക്ടറികള്‍ വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മാണത്തില്‍ പൂര്‍ണമായും ശ്രദ്ധകേന്ദ്രീകരിച്ചതിനാല്‍ മെമുവിന് ഉള്‍പ്പെടെയുള്ള കോച്ചുകളുടെ നിര്‍മാണം കുറഞ്ഞെന്നാണ് പരാതി.
#IndianRailways #JanShatabdi #TrainTravel #PassengerComplaints #LHBCoaches #Kerala