മുഖ്യമന്ത്രിയെ നേരിട്ട് പ്രതിയാക്കുന്ന ഞെട്ടിക്കുന്ന രേഖകള്‍ വരുന്നു

 


തിരുവനന്തപുരം: (www.kvartha.com 05.02.2015) വിവാദം തുടരുന്ന പാറ്റൂര്‍ ഭൂമി കൈയേറ്റത്തില്‍ സ്വകാര്യ കമ്പനികള്‍ക്കു വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഭരത് ഭൂഷണിന്റെയും പങ്ക് വെളിവാക്കുന്ന രേഖകള്‍ വെള്ളിയാഴ്ച ഇറങ്ങുന്ന മലയാളം വാരിക പുറത്തുവിടുന്നു.

മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നിര്‍ദേശങ്ങള്‍ നല്‍കുകയും ഒപ്പിടുകയും ചെയ്ത സുപ്രധാന ഫയല്‍ നോട്ടുകളാണിതില്‍ പ്രധാനമെന്ന് അറിയുന്നു. കേസിന്റെ തുടക്കത്തില്‍ വലിയ ആവേശം പ്രകടിപ്പിച്ച ലോകായുക്ത വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ചെങ്കിലും ആ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പിന്നോട്ടു പോകുന്നുവെന്ന സൂചന ശക്തമായിരിക്കെയാണ് പുതിയ രേഖകള്‍ പുറത്തുവരുന്നത്.

നേരത്തേ ജേക്കബ് തോമസ് സംഘത്തിന്റെ റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ മലയാളം വാരിക പുറത്തുവിട്ടിരുന്നു. സംസ്ഥാന ഭരണവും രാഷ്ട്രീയവും ബാര്‍ കോഴക്കേസിലും ദേശീയ ഗെയിംസ് ഉദ്ഘാടന വിവാദത്തിലും മുങ്ങിനില്‍ക്കെയാണ് ഭരണത്തെ ഇളക്കാന്‍ സാധ്യതയുള്ള വെളിപ്പെടുത്തലുകള്‍ പാറ്റൂര്‍ കേസില്‍ ഉണ്ടാകുന്നത്. ലോകായുക്ത രക്ഷിക്കാന്‍ ശ്രമിക്കുന്നത് ആരെയൊക്കെ എന്ന ചോദ്യംതന്നെ വിവാദമായേക്കും.

തലസ്ഥാന നഗരത്തില്‍ വഞ്ചിയൂര്‍ വില്ലേജിലാണ് 30 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ റിയല്‍ എസ്റ്റേറ്റു കമ്പനിയും ഫ്ളാറ്റ് നിര്‍മാതാക്കളും നിയമവിരുദ്ധമായി സ്വന്തമാക്കിയത്. മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് ഇതു സംബന്ധിച്ച് ലോകായുക്തയ്ക്ക് നല്‍കിയ പരാതിയേത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേണത്തിനു ജേക്കബ് തോമസ് സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ നവംബറിലും ഡിസംബറിലുമായി വിശദമായ രണ്ടു റിപ്പോര്‍ട്ടുകളാണ് വിജിലന്‍സ് നല്‍കിയത്.

ഈ മാസം 27നു നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ പാറ്റൂര്‍ കേസിലെ പുതിയ തെളിവുകള്‍ പുറത്തുവരുന്നത് സഭയിലും പുറത്തും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയേക്കും. ബാര്‍ കോഴക്കേസിനും ദേശീയ ഗെയിംസ് ഉദ്ഘാടത്തിലെ ലാലിസം വിവാദത്തിനും ഉണ്ടാക്കാന്‍ കഴിയാത്ത ഇളക്കം മുഖ്യമന്ത്രിക്കു നേരിട്ടുണ്ടാക്കും എന്നതാണ് പാറ്റൂര്‍ കേസിന്റെ പ്രത്യേകത.

ഭൂമി കൈയേറ്റത്തോട് സര്‍ക്കാര്‍ പരിപൂര്‍ണ മൃദുസമീപനം കാണിച്ചു എന്നതിനു തെളിവായി ഇപ്പോഴും വിവാദ ഫ്ളാറ്റ് നിര്‍മാണം തുടരുകയാണ്. നേരത്തേ കോര്‍പറേഷന്‍ ഇതിനു സ്റ്റോപ് മെമ്മോ കൊടുത്തിരുന്നു. അതിന് ഫ്ളാറ്റു നിര്‍മാതാക്കള്‍ കോടതിയില്‍ നിന്നു സ്‌റ്റേ വാങ്ങി. സ്‌റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തുമില്ല.
മുഖ്യമന്ത്രിയെ നേരിട്ട് പ്രതിയാക്കുന്ന ഞെട്ടിക്കുന്ന രേഖകള്‍ വരുന്നു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
15.90 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

Keywords: Thiruvananthapuram, Kerala, Oommen Chandy, Chief Minister, CM,  New documents against the CM Kerala in Patoor land case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia