Guruvyoor Temple Thar | ഗുരുവായൂര്‍ ദേവസ്വം പുനര്‍ലേലം ചെയ്ത മഹീന്ദ്ര ഥാര്‍ കറങ്ങിത്തിരിഞ്ഞ് 'ഗീതാഞ്ജലി'യിലെത്തി; ജി എസ് ടി അടക്കം 48.1 ലക്ഷം നല്‍കി അങ്ങാടിപ്പുറത്തെ ബിസിനസുകാരന്‍ സ്വന്തമാക്കി
Jul 5, 2022, 12:01 IST
അങ്ങാടിപ്പുറം: (www.kvartha.com) വിവാദങ്ങള്‍ക്കൊടുവില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് പുനര്‍ലേലം ചെയ്യേണ്ടിവന്ന മഹീന്ദ്ര ഥാര്‍ വാഹനം ദുബൈയില്‍ ബിസിനസുകാരനായ കമല നഗര്‍ 'ഗീതാഞ്ജലി'യില്‍ വിഘ്‌നേഷ് വിജയകുമാര്‍ സ്വന്തമാക്കി.
വിഘ്‌നേഷിന്റെ അച്ഛന്‍ കുന്നത്ത് വിജയകുമാറും അമ്മ വള്ളിക്കാട്ട് ഗീതയും രാവിലെ ഏഴുമണിയോടെ ഗുരുവായൂരിലെത്തി ദര്‍ശനത്തിനുശേഷമാണ് വാഹനം കൈമാറല്‍ ചടങ്ങുകള്‍ക്കായി ദേവസ്വം ഓഫീസില്‍ എത്തിയത്. ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ വാഹനം പൂജിച്ചതിനുശേഷം ഡ്രൈവര്‍ രാമകൃഷ്ണനാണ് ഥാര്‍ വീട്ടിലെത്തിച്ചത്.
അടിസ്ഥാനവിലയേക്കാള്‍ 28 ലക്ഷം രൂപ അധികം നല്‍കിയാണ് വിഘ്‌നേഷ് വിജയകുമാര്‍ പുനര്‍ലേലത്തില്‍ ഥാര്‍ വാങ്ങിയത്. നേരത്തേ വാഹനം ലേലമെടുത്ത അമല്‍ മുഹ് മദും എത്തിയിരുന്നു. 43 ലക്ഷവും ജിഎസ്ടിയും ഉള്‍പെടെ 48.1 ലക്ഷംരൂപയാണ് വിഘ്‌നേഷ് ദേവസ്വത്തില്‍ അടച്ചത്. ദേവസ്വം ഓഫീസിന് മുന്നില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ഡെപ്യൂടി അഡ്മിനിസ്‌ട്രേറ്റര്‍ എ കെ രാധാകൃഷ്ണന്‍ ദേവസ്വം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
2018 ഡിസംബര്‍ ഒന്‍പതിന് മഹീന്ദ്ര ഗുരുവായൂരപ്പന് ഒരു ഥാര്‍ വാഹനം വഴിപാട് വാഗ്ദാനം ചെയ്തിരുന്നു. ഈ വാഹനം 18നാണ് ദേവസ്വം ലേലം ചെയ്തത്. അടിസ്ഥാന വിലയായ 15 ലക്ഷം രൂപയേക്കാള്‍ 10,000 രൂപ അധികം വിലയ്ക്കാണ് ലേലം നടന്നത്. എന്നാല്‍ ലേല നടപടികള്‍ ദേവസ്വം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സേവാകേന്ദ്രം ഹൈകോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന്, ആദ്യ ലേലം റദ്ദാക്കുകയും പിന്നീട് വീണ്ടും ലേലം ചെയ്യുകയും ചെയ്യുകയായിരുന്നു.
ആകെ 14 പേരാണ് പുനര്‍ലേലത്തില്‍ പങ്കെടുത്തത്. വിഘ്‌നേഷിന്റെ അച്ഛന്‍ വിജയകുമാര്‍, കംപനി ജനറല്‍ മാനേജര്‍ അനൂപ് അരീക്കോട്ട് എന്നിവര്‍ ലേലത്തില്‍ പങ്കെടുത്തു. ഗുരുവായൂരപ്പ ഭക്തരായ ഞങ്ങള്‍ക്ക് ഗുരുവായൂരപ്പന്റെ ഈ അനുഗ്രഹത്തിന് വിലമതിക്കാനാകില്ലെന്ന് വിഘ്‌നേഷിന്റെ അച്ഛന്‍ വിജയകുമാര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.