ദേശീയ നേതാക്കളാക്കി പലരെയും നാടു കടത്താന്‍ ലീഗില്‍ പുതിയ പാക്കേജ് തയ്യാറാകുന്നു

 


തിരുവനന്തപുരം: (www.kvartha.com 12.09.2015) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ മുസ്്ലിം ലീഗില്‍ ഒതുക്കേണ്ടവരെ സമര്‍ത്ഥമായി ഒതുക്കാന്‍ പുതിയ 'പാക്കേജ്' തയ്യാറാകുന്നു. പാര്‍ട്ടിയുടെ മുഴുന്‍ പോഷക സംഘടനകള്‍ക്കും ദേശീയതലത്തില്‍ സമിതികളുണ്ടാക്കാനുള്ള തീരുമാനത്തിന്റെ മറവിലാണിത്. നേതൃത്വത്തിനു പലവിധത്തില്‍ അപ്രിയമുള്ളവരെ ദേശീയ സംഘാടക സമിതി കണ്‍വീനറും മറ്റുമാക്കി 'നാടുകടകടത്താന്‍' ആണു പദ്ധതി.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ ചേര്‍ന്ന ലീഗ് ദേശീയ നിര്‍വാഹക സമിതി യോഗമാണ് പോഷക സംഘടനകള്‍ക്കെല്ലാം ദേശീയതലത്തില്‍ സംഘാടക സമിതികളും തുടര്‍ന്നു സ്ഥിരം സമിതികളുമുണ്ടാക്കാന്‍ തീരുമാനിച്ചത്. അതിലേക്ക് വിവിധ പോഷക സംഘടനകളില്‍ നിന്നു നിയോഗിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഈ അവസരം മുതലാക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കും മറ്റു പല നേതാക്കള്‍ക്കും സ്വന്തം താല്‍പര്യങ്ങളുണ്ടെന്നും അതാണു നടപ്പാക്കുകയെന്നും പ്രമുഖ പോഷക സംഘടനാ നേതാവ് കെവാര്‍ത്തയോടു പറഞ്ഞു.

മുസ്്‌ലിം യൂത്ത് ലീഗ്, മുസ്്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എംഎസ്എഫ്), സ്വതന്ത്ര തൊഴിലാളി യൂണിയന്‍ ( എസ് ടി യു), മുസ്്‌ലിം വനിതാ ലീഗ് എന്നിവയും പ്രവാസി സംഘടനയായ കേരള മുസ്്‌ലിം കള്‍ച്ചറല്‍ സെന്റര്‍ ( കെഎംസിസി)യുമാണ് ലീഗിന്റെ പ്രധാന പോഷക സംഘടനകള്‍. കൂടാതെ, അധ്യാപകര്‍ക്കും അഭിഭാഷര്‍ക്കും മറ്റും സംഘടനകളുണ്ട്. വനിതാ ലീഗില്‍ നിന്നും യൂത്ത് ലീഗില്‍ നിന്നും ചില നേതാക്കളെ 'ദേശീയ നേതാക്കളാക്കാന്‍'അനൗപാരിക തീരുമാനമായിക്കഴിഞ്ഞെന്നാണു വിവരം.

യൂത്ത് ലീഗിന് ദേശീയ സംഘാടക സമിതിയുണ്ടാക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു നടത്തിയ ശ്രമമാണ് അന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ ടി ജലീല്‍ ലീഗ് വിടുന്നതിലേക്ക് എത്തിയത്. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേയും ഗുജറാത്ത് ഭൂകമ്പ ദുരിതാശ്വാസ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും ജലീല്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എം കെ മുനീറായിരുന്നു അക്കാലത്ത് യൂത്ത് ലീഗ് പ്രസിഡന്റ്. അടുത്ത പ്രസിഡന്റായി ജലീലിനെ കൊണ്ടുവരണമെന്ന നിലപാട് യൂത്ത് ലീഗില്‍ ശക്തമായി. എന്നാല്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ പ്രസിഡന്റാക്കാനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം.

മാത്രമല്ല ജലീലിനെ ദേശീയ കണ്‍വീനറാക്കാനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ടുണ്ടായ
വിവാദത്തിനൊടുവില്‍ രാജിവച്ച ജലീലിനെ പിന്നീടു നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരേ മത്സരിപ്പിച്ചു.

കുഞ്ഞാലിക്കുട്ടി പരാജയപ്പെടുകയും ചെയ്തു. അതേ വഴിയില്‍, പാര്‍ട്ടിക്ക് അനഭിമതരായ പലരെയും ഒതുക്കാനുള്ള നീക്കമാണ് ഇപ്പോഴത്തേത്. പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമുള്ള നേതാക്കളെ ഇനിയും ഒതുക്കാന്‍ ശ്രമിച്ചാല്‍ സിപിഎമ്മിന് ഇനിയും ജലീലുമാരെ കിട്ടുമെന്നാണ് ലീഗിനുള്ളില്‍ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.

ദേശീയ നേതാക്കളാക്കി പലരെയും നാടു കടത്താന്‍ ലീഗില്‍ പുതിയ പാക്കേജ് തയ്യാറാകുന്നു

Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: മൂന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്ക് കവര്‍ച്ചയുമായി ബന്ധം?

Keywords:  New 'promotion package' for some leaders is Muslim league, Thiruvananthapuram, Kunhalikutty, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia