Revision | സർക്കാർ സർവീസിൽ ആശ്രിത നിയമനത്തിന് ഇനി പുതിയ നിയമങ്ങൾ;  വ്യവസ്ഥകൾ പരിഷ്ക്കരിക്കാൻ മന്ത്രിസഭാ തീരുമാനം

 
New Rules for Dependent Appointment in Government Service; Cabinet Decision to Revise Regulations
New Rules for Dependent Appointment in Government Service; Cabinet Decision to Revise Regulations

Photo Credit: Facebook/ Pinarayi Vijayan

● വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ കവിയാൻ പാടില്ല.
● വിധവകൾക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല.
● വിവാഹ മോചിതരുടെ കുട്ടികൾക്കും ആശ്രിത നിയമനത്തിന് അർഹതയുണ്ട്.

തിരുവനന്തപുരം: (KVARTHA) സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകളിൽ സുപ്രധാനമായ പരിഷ്കാരങ്ങൾ വരുത്താൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ വ്യവസ്ഥകൾ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാന സർവ്വീസിൽ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ഈ പദ്ധതി പ്രകാരം ജോലി ലഭിക്കാൻ അർഹതയുണ്ടാകും. ജീവനക്കാരൻ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നൽകും എന്നതാണ് പ്രധാന മാറ്റം. എന്നാൽ, ഇൻവാലിഡ് പെൻഷണറായ ജീവനക്കാർ മരണപ്പെട്ടാൽ അവരുടെ ആശ്രിതർക്ക് ഈ പദ്ധതി വഴി നിയമനം ലഭിക്കില്ല.

സർവീസ് നീട്ടിക്കൊടുക്കൽ വഴിയോ പുനർനിയമനം മുഖേനയോ സർവ്വീസിൽ തുടരാൻ അനുവദിക്കുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതർക്കും ആശ്രിത നിയമനത്തിന് അർഹതയുണ്ടായിരിക്കില്ല. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (കോളേജുകളിലെ പ്രിൻസിപ്പൽമാർ ഉൾപ്പെടെ) അധ്യാപകരുടെ ആശ്രിതർക്കും ഈ ആനുകൂല്യം ലഭിക്കും. എന്നാൽ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ഈ പരിധിയിൽ വരില്ല. സ്വമേധയാ വിരമിച്ച ജീവനക്കാർ മരണപ്പെട്ടാൽ അവരുടെ ആശ്രിതർക്കും നിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

നിയമനത്തിന് അപേക്ഷിക്കുന്ന ആശ്രിതർ ജീവനക്കാരൻ മരണമടയുന്ന തീയതിയിൽ 13 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവരായിരിക്കണം. വിധവ/വിഭാര്യൻ, മകൻ, മകൾ, ദത്തെടുത്ത മകൻ, ദത്തെടുത്ത മകൾ എന്നിവരാണ് പ്രധാനമായും അർഹതയുള്ളവർ. അവിവാഹിതരായ ജീവനക്കാരുടെ കാര്യത്തിൽ അച്ഛൻ, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരൻ എന്നിവർക്ക് മുൻഗണനാ ക്രമത്തിൽ നിയമനം ലഭിക്കും. ആശ്രിതർ തമ്മിൽ അഭിപ്രായ സമന്വയമുണ്ടെങ്കിൽ അപ്രകാരം നിയമനം നൽകും. തർക്കമുണ്ടെങ്കിൽ മുൻഗണനാ ക്രമം അനുസരിച്ചായിരിക്കും നിയമനം.

ജീവനക്കാരൻ മരണമടയുന്ന സമയത്ത് വിവാഹിതരായ മകൻ/മകൾ എന്നിവർ വിവാഹശേഷവും മരണമടഞ്ഞ ഉദ്യോഗസ്ഥൻ്റെ/ഉദ്യോഗസ്ഥയുടെ ആശ്രിതരായിരുന്നു എന്ന് തെളിയിക്കുന്ന തഹസിൽദാരുടെ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. വിധവ/വിഭാര്യൻ ഒഴികെയുള്ള മറ്റ് ആശ്രിതർ വിധവയുടെയോ/വിഭാര്യന്റെയോ സമ്മതപത്രം കൂടി അപേക്ഷയോടൊപ്പം നൽകണം. ആശ്രിതർ തമ്മിൽ തർക്കമുണ്ടാകുന്ന സാഹചര്യത്തിൽ വിധവ/വിഭാര്യൻ നിർദ്ദേശിക്കുന്ന ആളിനായിരിക്കും നിയമനം നൽകുക. വിധവ/വിഭാര്യൻ എന്നിവർക്ക് മറ്റ് ആശ്രിതരുടെ സമ്മതപത്രം ആവശ്യമില്ല.

വിവാഹമോചിതരായ സർക്കാർ ജീവനക്കാർ സർവീസിലിരിക്കെ മരണമടഞ്ഞാൽ അവരുടെ മക്കൾക്ക് (മകൻ, മകൾ, ദത്തുപുത്രൻ, ദത്തുപുത്രി) മുൻഗണനാ ക്രമത്തിൽ നിയമനം ലഭിക്കും. അതുപോലെ, അച്ഛൻ/അമ്മ, അവിവാഹിതരായ സഹോദരി/സഹോദരൻ എന്നിവർ ജീവനക്കാരനെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത് എന്ന തഹസിൽദാരുടെ സാക്ഷ്യപത്രം ഹാജരാക്കിയാൽ മറ്റ് വ്യവസ്ഥകൾക്ക് വിധേയമായി അവർക്കും ആശ്രിത നിയമനത്തിന് അർഹതയുണ്ട്.

കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകളിലോ, അവയുടെ കീഴിലുള്ള സ്ഥാപനങ്ങളിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ, ബാങ്കുകളിലോ (സഹകരണ ബാങ്കുകൾ ഉൾപ്പെടെ) സ്ഥിരമായി ജോലിയിൽ പ്രവേശിച്ചവർക്ക് ഈ പദ്ധതി പ്രകാരം നിയമനം ലഭിക്കാൻ അർഹതയുണ്ടായിരിക്കില്ല. നിയമപരമായി ആദ്യ ഭാര്യ/ഭർത്താവിനെ വേർപിരിഞ്ഞ് പുനർവിവാഹം ചെയ്ത കേസുകളിൽ ആദ്യ ഭാര്യയിലോ ആദ്യ ഭർത്താവിലോ ഉണ്ടായ കുട്ടികൾക്കും ആശ്രിത നിയമനത്തിന് അർഹതയുണ്ട്.

പൊതുഭരണ (സർവീസസ്-ഡി) വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ആശ്രിത നിയമനത്തിനായി ഒഴിവുകൾ അനുവദിക്കുന്നത്. വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷകൾ ലഭിക്കുന്നതിനനുസരിച്ച് ഈ സീനിയോറിറ്റി ലിസ്റ്റ് പുതുക്കും. അപേക്ഷിക്കാവുന്ന തസ്തികകളുടെ യോഗ്യതയും ലഭ്യമായ ഒഴിവുകളും ഏകീകൃത സോഫ്റ്റ്‌വെയറിൽ പ്രസിദ്ധീകരിക്കും. ഓരോ തസ്തികയ്ക്കും പ്രത്യേകം സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കും. ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, അപേക്ഷകരെ എല്ലാ സീനിയോറിറ്റി ലിസ്റ്റുകളിലും ഉൾപ്പെടുത്തും. എന്നാൽ, ഒരു ലിസ്റ്റിൽ നിന്ന് ജോലി ലഭിച്ചാൽ മറ്റ് ലിസ്റ്റുകളിൽ നിന്ന് ഒഴിവാക്കും. മരണപ്പെട്ട ജീവനക്കാരൻ്റെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

നേരിട്ടുള്ള നിയമന രീതിയിലുള്ള സബോർഡിനേറ്റ് സർവീസിലെ ക്ലാസ് III, ക്ലാസ് IV തസ്തികകളിലേക്കും ലാസ്റ്റ് ഗ്രേഡ് സർവീസ്, പാർട്ട് ടൈം കണ്ടിജന്റ് സർവീസുകളിലെ തസ്തികകളിലേക്കുമാണ് പ്രധാനമായും ആശ്രിത നിയമനം നടത്തുന്നത്. എല്ലാ വകുപ്പുകളിലെയും നേരിട്ടുള്ള നിയമനത്തിന് വ്യവസ്ഥയുള്ള ക്ലാസ് III, ക്ലാസ് IV, സാങ്കേതിക വിഭാഗം, യൂണിഫോം തസ്തികകൾ ഉൾപ്പെടെയുള്ള എൻട്രി കേഡർ തസ്തികകളുടെ ഒഴിവുകളിൽ ഒരു നിശ്ചിത എണ്ണം ആശ്രിത നിയമനത്തിനായി മാറ്റിവയ്ക്കേണ്ടതാണ്. ഒരു തസ്തികയിൽ ഒന്നിലധികം നിയമന രീതികളുണ്ടെങ്കിൽ, നേരിട്ടുള്ള നിയമനത്തിനായി മാറ്റിവെച്ചിട്ടുള്ള ഒഴിവുകളിൽ നിന്നാണ് ആശ്രിത നിയമനത്തിനായി ഒഴിവുകൾ കുറവ് ചെയ്യേണ്ടത്. ഇങ്ങനെ മാറ്റിവയ്ക്കേണ്ട തസ്തികകൾ ഏതൊക്കെയാണെന്ന് കണ്ടെത്തി പൊതുഭരണ (സർവീസസ്-ഡി) വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖാന്തിരം നേരിട്ട് നിയമനം നടത്തുന്ന ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിൽ ആശ്രിത നിയമനത്തിനായി കണ്ടെത്തിയിട്ടുള്ള തസ്തികകളിൽ ഓരോ 16-ാമത്തെ ഒഴിവ് ആശ്രിത നിയമനത്തിനായി റിപ്പോർട്ട് ചെയ്യണം. ഓരോ തസ്തികയിലും നേരിട്ടുള്ള നിയമനത്തിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി തന്നെയായിരിക്കും ആശ്രിത നിയമനത്തിനും ബാധകമാകുക. അപേക്ഷകൻ 18 വയസ്സോ അതിനു മുകളിലോ ഉള്ള ആളാണെങ്കിൽ ജീവനക്കാരൻ മരണമടഞ്ഞ തീയതി മുതൽ മൂന്ന് വർഷത്തിനകവും, 18 വയസ്സിന് താഴെയുള്ള ആളാണെങ്കിൽ 18 വയസ്സ് പൂർത്തിയായി മൂന്ന് വർഷത്തിനകവും അപേക്ഷ സമർപ്പിക്കണം.

വിധവ/വിഭാര്യൻ എന്നിവരുടെ നിയമന കാര്യത്തിലും മരണമടയുന്ന അവിവാഹിതനായ സർക്കാർ ജീവനക്കാരൻ്റെ പിതാവ്/മാതാവ് എന്നിവരുടെ കാര്യത്തിലും പാർട്ട് ടൈം കണ്ടിജന്റ് തസ്തികകളിലേക്കുള്ള നിയമനത്തിലും മുനിസിപ്പൽ കണ്ടിജന്റ് സർവ്വീസിലെ ഫുൾടൈം കണ്ടിജന്റ് തസ്തികയിലെ നിയമനത്തിലും ഉയർന്ന പ്രായപരിധി ബാധകമല്ല. ഈ വിഭാഗക്കാർക്ക് വിരമിക്കൽ പ്രായം വരെ നിയമനം നൽകും. ആശ്രിത നിയമന അപേക്ഷകളിൽ കാലതാമസം ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

The Kerala Cabinet has decided to implement significant revisions in the rules for dependent appointments under the compassionate employment scheme in government service. Key changes include providing appointments regardless of the circumstances of the employee's death (excluding invalid pensioners), revised eligibility criteria for dependents, and new guidelines for application and seniority.

#KeralaGovernment #DependentAppointment #GovernmentJobs #NewRules #CabinetDecision #CompassionateEmployment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia