മധുവിധു തീരും മുമ്പെ സ്‌നിജോയെ തനിച്ചാക്കി അനു യാത്രയായി; അവിനാശി ദുരന്തത്തില്‍ പൊലിഞ്ഞത് ദമ്പതികളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും

 


എരുമപ്പെട്ടി: (www.kvartha.com21.02.2020) വ്യാഴാഴ്ച പുലര്‍ച്ചെ കോയമ്പത്തൂര്‍-സേലം ദേശീയപാതയില്‍ അവിനാശി മേല്‍പ്പാലത്തിനു സമീപം കെ എസ് ആര്‍ ടി സി ഗരുഡ കിംഗ് ക്ലാസ് ബസില്‍ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറി മരിച്ച 19 പേരില്‍ നവവധുവും. എയ്യാല്‍ കൊള്ളന്നൂര്‍ വര്‍ഗീസ് - മര്‍ഗലി ദമ്പതികളുടെ മകള്‍ അനുവാണ് ആ നിര്‍ഭാഗ്യവതി.

ഇക്കഴിഞ്ഞ ജനുവരി 19ന് ആണ് അനു എരുമപ്പെട്ടി വാഴപ്പിള്ളി ജോസ്-ലിസി ദമ്പതികളുടെ മകനായ സ്നിജോയെ വിവാഹം കഴിച്ചത്. ബംഗളൂരുവിലെ ഒപ്റ്റം മെഡിക്കല്‍ സെന്ററില്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗത്തില്‍ ടെക്‌നീഷ്യയായി ജോലി നോക്കുകയായിരുന്നു അനു. ഖത്തറില്‍ ജോലിനോക്കുന്ന സ്നിജോ ലീവ് കഴിഞ്ഞ് ഞായറാഴ്ച മടങ്ങിപ്പോകാനിരിക്കെയായിരുന്നു.

മധുവിധു തീരും മുമ്പെ സ്‌നിജോയെ തനിച്ചാക്കി അനു യാത്രയായി; അവിനാശി ദുരന്തത്തില്‍ പൊലിഞ്ഞത് ദമ്പതികളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും

ഞായറാഴ്ച പ്രിയതമനെ ഗള്‍ഫിലേക്ക് യാത്രയാക്കാന്‍ വരും വഴിയാണ് അനുവിനെ മരണം തട്ടിയെടുത്തത്. ലീവ് ഇല്ലാത്തതിനാല്‍ അനു വിവാഹത്തിന്റെ മൂന്നാം നാള്‍ തന്നെ ബംഗളൂരുവിലേക്ക് പോയിരുന്നു. തുടര്‍ന്ന് ഫെബ്രുവരി രണ്ടിന് എരുമപ്പെട്ടി തിരുഹൃദയ പള്ളി പെരുന്നാളിന് തിരിച്ചെത്തി.

ആഘോഷത്തിലും കുടുംബ സത്കാരങ്ങളിലും പങ്കെടുത്ത നവദമ്പതികള്‍ നാലിന് മധുവിധു ആഘോഷിക്കുന്നതിനായി ഡെല്‍ഹിയിലേക്കും പോയി. നാല് ദിവസത്തിന് ശേഷം ഇരുവരും ബംഗളൂരുവിലേക്ക് മടങ്ങി.

ഒമ്പതിന് ജോലിയില്‍ പ്രവേശിച്ച അനുവിനൊപ്പം ഒരാഴ്ച ബംഗളൂരുവില്‍ തങ്ങിയശേഷം 17നാണ് സ്‌നിജോ നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ സ്‌നിജോയ്‌ക്കൊപ്പം അനുവിന് നാട്ടിലേക്ക് വരാന്‍ കഴിഞ്ഞില്ല. കാരണം അവധി ഉണ്ടായിരുന്നില്ല. കമ്പനി അവധി അനുവദിച്ചത് വ്യാഴാഴ്ചയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ചത്തെ ഡ്യൂട്ടിയും നോക്കി രാത്രി ഒമ്പതുമണിയോടെയാണ് അനു ബസില്‍ കയറിയത്.

അനുവിനെ വീട്ടിലേക്ക് കൊണ്ടുവരാന്‍ സ്നിജോ കാറുമായി വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ന് തന്നെ തൃശൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ കാത്തുനിന്നു. എന്നാല്‍ ബസ് വരേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനാല്‍ ഫോണില്‍ വിളിച്ചുനോക്കി നോക്കി. എന്നാല്‍ എടുത്തില്ല. മണിക്കൂറുകള്‍ക്ക് ശേഷമാണ് അപകട വിവരം പൊലീസ് അറിയിക്കുന്നത്. അനുവിന് പരിക്കേറ്റിട്ടേയുള്ളൂവെന്നും പെട്ടെന്ന് വരണമെന്നുമാണ് അറിയിച്ചിരുന്നത്.

ഉടന്‍തന്നെ ബന്ധുക്കളോടൊപ്പം സ്നിജോ അപകടം നടന്ന തിരുപ്പൂര്‍ അവിനാശിയിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ തിരുപ്പൂരിലെ ആശുപത്രിയില്‍ എത്തിയ സ്നിജോ കണ്ടത് പ്രിയതമയുടെ ചേതനയറ്റ ശരീരമാണ്.

പ്രിയതമയുടെ മൃതശരീരവുമായി സ്നിജോ വീട്ടിലെത്തിയ രംഗം കണ്ടു നില്‍ക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും വാവിട്ടു കരഞ്ഞു. അനുവിനെ ഖത്തറിലേക്ക് കൊണ്ടു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു സ്‌നിജോ. അതിനിടെയാണ് ഒരുമാസം മാത്രം ആയുസുള്ള ദാമ്പത്യം അവസാനിപ്പിച്ച് വിധി സ്‌നിജോനെ തനിച്ചാക്കി അനുവിനെ തട്ടിയെടുത്തത്.

Keywords: Newly bride also dies Avinashi bus accident, News, KSRTC, bus, Marriage, Holidays, Accidental Death, Trending, Injured, Hospital, Police, Phone call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia