മഅ്ദനി ആരോടെല്ലാമാണു സംസാരിച്ചത്; ബംഗളൂരു കേസില്‍ കോടതി സൂഫിയ മഅ്ദനിയെ വിസ്തരിക്കുന്നു

 


തിരുവനന്തപുരം: (www.kvartha.com 19/08/2015) അബ്ദുല്‍ നാസര്‍ മഅ്ദനി പ്രതിയായ ബംഗളൂരു സ്‌ഫോടനക്കേസില്‍ അദ്ദേഹത്തിന്റെ ഭാര്യ സൂഫിയ മഅ്ദനിയെ അടുത്ത ബുധനാഴ്ച വിസ്തരിക്കും. കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായാണ് പ്രോസിക്യൂഷന്‍ സൂഫിയയെ കാണുന്നത്. മഅ്ദനിക്കെതിരേ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങളില്‍ ചിലത് സൂഫിയയുടെ സാന്നിധ്യത്തിലാണ് ചെയ്തിരിക്കുക എന്നാണു വാദം.

കേസിലെ മുഖ്യപ്രതികളായ തടിയന്റവിടെ നസീറുള്‍പ്പെടെ ചിലരുമായി മഅ്ദനി ഫോണില്‍ ദീര്‍ഘമായി സംസാരിച്ചിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഈ സംഭാഷണങ്ങള്‍ നടന്നത് മഅ്ദനി ശാസ്താംകോട്ടയിലെ അന്‍വാറുല്‍ ഇസ്്‌ലാം യത്തീംഖാനയിലെ സ്വന്തം മുറിയില്‍ ഉള്ളപ്പോഴാണെന്നും ആ സമയത്ത് സൂഫിയ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അവരെക്കൂടി സാക്ഷിയായി ഉള്‍പ്പെടുത്തിയത്.

അതേസമയം, തടിയന്റവിടെ നസീറുമായും മറ്റും താന്‍ അങ്ങോട്ടു വിളിച്ചു സംസാരിച്ചിട്ടില്ലെന്നും പരിചയമില്ലാത്ത ഫോണ്‍ നമ്പറില്‍ നിന്നു തന്നെ വിളിച്ചപ്പോള്‍ എടുക്കുക മാത്രമാണു ചെയ്തതെന്നും മഅ്ദനി അന്വേഷണ ഉദ്യോഗസ്ഥരോടു നേരത്തേ വിശദീകരിച്ചതായി പുറത്തുവന്നിരുന്നു. തീവ്രവാദത്തിന്റെയും ഇസ്്‌ലാമിക വിരുദ്ധമായ ഭീകര ആശയങ്ങളുടെയുംലോകത്തുനിന്ന് മടങ്ങി വരണം എന്നു താന്‍ അവരെ ഉപദേശിക്കുക മാത്രമാണു ചെയ്തതെന്നും മഅ്ദനി വ്യക്തമാക്കിയിരുന്നു. അഞ്ചു വര്‍ഷം മുമ്പ് അറസ്്റ്റു ചെയ്യുന്നതിനു മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിശുദ്ധ ഖുര്‍ആന്‍ തൊട്ട് അദ്ദേഹം ഇത് പറയുകയും താ്ന്‍ നിരപരാധിയാണെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.

കളമശേരി ബസ് തീവെയ്പു കേസില്‍ നേരത്തേ പ്രതിചേര്‍ത്ത സൂഫിയ എറണാകുളം ജില്ല വിട്ടു പോകുന്നത് കോടതി വിലക്കിയിരുന്നു. അവര്‍ക്കു നല്‍കിയ ജാമ്യത്തിലെ വ്യവസ്ഥകളുടെ ഭാഗമായിരുന്നു അത്. മഅ്ദനിക്കു ജാമ്യം ലഭിച്ചപ്പോള്‍ കോടതിയുടെ പ്രത്യേക അനുമതി വാങ്ങി അവര്‍ ബംഗളൂരുവില്‍ പോവുകയും രോഗിയായ മഅ്ദനിയെ പരിചരിക്കാന്‍ ഒപ്പം നില്‍ക്കുകയും ചെയ്തിരുന്നു. ഇങ്ങനെ എറണാകുളവും ബംഗളൂരുമായാണ് സൂഫിയ മഅ്ദനി ഇപ്പോള്‍ താമസിക്കുന്നത്. അതിനിടെയാണ് സാക്ഷി വിസ്താരത്തിന് ആഗസ്റ്റ് 26നു ബംഗളൂരുവിലെ എന്‍ഐഎ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

മഅ്ദനിയുടെ ജാമ്യ വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്നും കേരളത്തിലേക്കു സ്ഥിരമായി മടങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതി വീണ്ടും 21നു പരിഗണിക്കാനിരിക്കുകയാണ്.
മഅ്ദനി ആരോടെല്ലാമാണു സംസാരിച്ചത്; ബംഗളൂരു കേസില്‍ കോടതി സൂഫിയ മഅ്ദനിയെ വിസ്തരിക്കുന്നു

Keywords: NIA court notice to Soofia Maudani for attending witness trial, Abdul-Nasar-Madani, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia