പണമല്ല വലുത്, പ്രണയിനിയാണെന്ന് ഉറച്ച നിലപാടെടുത്ത നിധിന്‍ വാക്കുപാലിച്ചു; അടുത്ത ബന്ധുക്കളെ സാക്ഷിയാക്കി വിദ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തി
Dec 29, 2021, 11:58 IST
തൃശ്ശൂര്‍: (www.kvartha.com 29.12.2021) ധനകാര്യസ്ഥാപനം വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് സഹോദരിയുടെ വിവാഹം മുടങ്ങുമോയെന്ന് ഭയന്ന് മരിച്ചനിലയില്‍ കണ്ടെത്തിയ വിപിന്റെ സഹോദരി വിദ്യ സുമംഗലിയായി.
പാറമേക്കാവ് അമ്പലത്തില്‍ ബുധനാഴ്ച രാവിലെ 8.30-നും ഒന്‍പതിനും ഇടയില്‍ നടന്ന ചടങ്ങിലാണ് അടുത്ത ബന്ധുക്കളെ സാക്ഷിയാക്കി വിദ്യയുടെ കഴുത്തില്‍ നിധിന്‍ താലി ചാര്‍ത്തിയത്. വിവാഹശേഷം ദമ്പതികള്‍ നിധിന്റെ കയ്പമംഗലത്തെ വീട്ടിലേക്ക് പോകും. ഡിസംബര്‍ ആറിനായിരുന്നു വിപിന്‍ ജീവനൊടുക്കിയത്.
ഡിസംബര്‍ പന്ത്രണ്ടിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമായിരുന്നു. പൊന്നും പണവുമൊന്നും നിധിന്‍ ആവശ്യപ്പെട്ടിരുന്നില്ല. എങ്കിലും, പെങ്ങള്‍ക്ക് വിവാഹത്തിന് അല്‍പം സ്വര്‍ണവും നല്ലവസ്ത്രവും നല്‍കാനുള്ള പ്രയത്നത്തിലായിരുന്നു വിപിന്‍.
ഇതിനായി കുണ്ടുവാറയിലെ മൂന്നുസെന്റിലെ ചെറിയ വീട് പണയപ്പെടുത്തി ഒരുലക്ഷമെങ്കിലും എടുക്കാന്‍ വിപിന്‍ തീരുമാനിച്ചു. പണം നല്‍കാമെന്നും ഡിസംബര്‍ ആറ് തിങ്കളാഴ്ച രാവിലെ എത്താനും ധനകാര്യസ്ഥാപനം വിപിനെ അറിയിച്ചിരുന്നു.
ഇതനുസരിച്ച് പെങ്ങളെയും അമ്മയെയും സ്വര്‍ണം വാങ്ങാനായി ജൂവലറിയിലേക്കയച്ച് ധനകാര്യസ്ഥാപനത്തിലെത്തിയ വിപിന് പണം നല്‍കാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് മനംനൊന്ത് വീട്ടില്‍ തിരിച്ചെത്തിയ വിപിനെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മാധ്യമങ്ങളിലൂടെ വാര്‍ത്തയറിഞ്ഞ് പലരും കുടുംബത്തെ സഹായിക്കാനായി മുന്നോട്ടുവന്നു.
എന്നാല്‍ പണമല്ല വലുത്, പ്രണയിനിയാണെന്ന് ഉറച്ച നിലപാടെടുത്ത നിധിന്‍, വിപിന്റെ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞ് വിവാഹം കഴിച്ചേ വിദേശത്തേക്ക് മടങ്ങൂവെന്ന് തീരുമാനിച്ചു. ജനുവരി പകുതിയോടെ നിധിന്‍ വിദേശത്തേക്ക് ജോലിക്കായി മടങ്ങും. വൈകാതെ വിദ്യയെയും കൊണ്ടുപോകും.
Keywords: Nidhin and Vidya got married, Thrissur, News, Local News, Marriage, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.