Nimisha Priya | നിമിഷ പ്രിയ ഒരു പെണ്ണാണ്, ഒരു അമ്മയാണ്; പാപിയാണെങ്കിൽ പശ്ചാത്തപിക്കാൻ ഒരവസരം കൊടുക്കാം

 
Nimisha Priya is a woman, a mother; If sinner, give chance to repent
Nimisha Priya is a woman, a mother; If sinner, give chance to repent


ധനസമാഹരണ യജ്ഞവുമായി 'സേവ് നിമിഷ പ്രിയ' ആക്ഷൻ കൗൺസിൽ രംഗത്ത് വന്നിരിക്കുന്നതാണ് പുതിയ വാർത്ത

മിന്റാ മരിയ തോമസ് 

(KVARTHA) കൊലക്കയർ കാത്തു ജയിലിൽ കുറെ കഴിഞ്ഞില്ലേ. പാപിയാണെങ്കിൽ പശ്ചാതപിക്കാൻ ഒരവസരം കൊടുക്കാം. ഒരു പെണ്ണാണ്. ഒരു അമ്മയാണ്. യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി ധനസമാഹരണ യജ്ഞവുമായി 'സേവ് നിമിഷ പ്രിയ' ആക്ഷൻ കൗൺസിൽ രംഗത്ത് വന്നിരിക്കുന്നതാണ് പുതിയ വാർത്ത. നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലായേക്കാമെന്ന വിലയിരുത്തലിലാണ് ദിയ ധനം നൽകാനുള്ള ധനസമാഹരണം ആരംഭിക്കുന്നത്. മൂന്നുകോടി രൂപ സമാഹരിക്കാൻ ‘ദിയാധന സ്വരൂപണം’ എന്ന പേരിലാണ് ക്യാമ്പയിൽ ആരംഭിക്കുന്നത്. മകളുടെ ജീവൻ രക്ഷിക്കാൻ എല്ലാവരുടെയും സഹായം വേണമെന്ന് യെമനിൽ നിന്നും നിമിഷപ്രിയയുടെ മാതാവ് പ്രേമകുമാരി അഭ്യർത്ഥിച്ചിട്ടുണ്ട്. 

ശരീഅത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍  ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം. യെമനിലെ സര്‍ക്കാരുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. ഈ സഹചര്യത്തില്‍ 'സേവ് നിമിഷ പ്രിയ' ആക്ഷന്‍ കൗണ്‍സിലാണ് യെമനിലെ ചര്‍ച്ചകള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത്. സഹായിക്കുന്നതിൽ തെറ്റില്ല. എന്തിനാണ് നിമിഷ പ്രിയ അയാളെ കൊന്നത്? ഇതാണ് പൊതുസമൂഹത്തിൽ നിന്ന് ഇപ്പോൾ ഉയരുന്ന ചോദ്യം. നിമിഷ പ്രിയ ശരിക്കും ഇത്തരം സഹായം അർഹിക്കുന്നുണ്ടോ എന്ന് കൂടി ചിന്തിക്കണം. 

കാരണം ഒപ്പം ജോലി ചെയ്തിരുന്ന യെമൻ പൗരനായ ഒരാൾക്ക് ആവശ്യത്തിലധികം സ്വാതന്ത്ര്യം നൽകുകയും അയാളിൽ നിന്ന് ഇഷ്ടത്തിന് പണം വാങ്ങി ചിലവ് ചെയ്യുകയും കൂടാതെ അയാളെ കേരളത്തിൽ കൊണ്ട് വന്ന് ചുറ്റി കറങ്ങുകയുമൊക്കെ ചെയ്ത ശേഷം ഒരിക്കൽ അയാളുടെ 'ശല്യം സഹിക്കാൻ പറ്റാതായി' എന്നും പറഞ്ഞ്, അയാളെ കൊല്ലുകയും അതിന് ശേഷം ഒരു പെൺസുഹൃത്തിന്റെ സഹായത്തോടെ അയാളുടെ മൃതദേഹം കഷണങ്ങളായി വെട്ടി മുറിച്ച് പ്ലാസ്റ്റിക് ബാഗിൽ കെട്ടി രാത്രിയുടെ മറവിൽ വാട്ടർ ടാങ്കിൽ   ഒളിപ്പിക്കുകയും ചെയ്തതാണ് അവർക്കെതിരെയുള്ള കുറ്റം എന്നാണ് പല മാധ്യമങ്ങളിലും വന്നത്. ഇത്തരമൊരു ഹീന കുറ്റം ചെയ്ത ഈ കുറ്റവാളി മോചനം അർഹിക്കുന്നുണ്ടോ എന്ന് സഹായിക്കുന്നവർ ഓർക്കേണ്ടതുണ്ട്. 

nimisha priya is a woman a mother if sinner give chance

അവർ വെട്ടി കഷങ്ങളാക്കിയത് ഒരമ്മ പ്രസവിച്ചു വളർത്തിയ തലാൽ അബ്ദു റഹിമാൻ എന്ന അവരുടെ ഓമന പുത്രനെയാണ് എന്നതും ഓർക്കണം! ഒരാളെ കൊല്ലുക. എന്നിട്ട് തെളിവ് നശിപ്പിക്കാൻ അയാളെ ഇറച്ചി കഷ്ണം പോലെ അരിഞ്ഞ് വാട്ടർ ടാങ്കിലേക്ക് ഇടുക. ശരിക്കും ഞെട്ടിപ്പിക്കുന്ന കാര്യം തന്നെയാണ്. അബദ്ധത്തിൽ അയാളെ കൊന്നത് ന്യായീകരിക്കാം, സാഹചര്യം കൊണ്ട് സംഭവിച്ചത് ആകാം. പക്ഷേ ഒരമ്മ ഒരാളെ മീൻ മുറിക്കുന്ന പോലെ കഷണം കഷണം ആക്കിയതിനെ ന്യായീകരിക്കാൻ കഴിയില്ല. ബ്ലഡ് മണി  ആവശ്യപ്പെട്ടിട്ടുണ്ടോ, കൊല്ലപ്പെട്ട ആളുടെ ബന്ധുക്കൾ? അവർ ക്ഷമിക്കാൻ  തയ്യാറായെങ്കിൽ മാത്രമേ ഇതുകൊണ്ട് കാര്യമുള്ളൂ. കൊല്ലപ്പെട്ട തലാൽ അബ്ദുറഹിമാൻ്റ കുടുംബം ദിയാധനം ചോദിച്ചതായി ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ? നിമിഷയുടെ കുടുംബം ഓരോന്ന് അങ്ങ് പറയുന്നതാണോ ഇതൊക്കെ? ചിന്തിക്കേണ്ട കാര്യമാണ്. 

ഇത് വെറുതെ മണി പ്രോഗ്രാം ആയി മാറരുത്. തെറ്റിനെ ആർക്കും ന്യായീകരിക്കാൻ ആവില്ല. എന്നാൽ ജീവൻ അത് എല്ലാവർക്കും വിലപ്പെട്ടതാണ്. അത് നിമിഷ പ്രിയയ്ക്ക് ആയാലും കൊല്ലപ്പെട്ടയാൾക്ക് ആയാലും. തെറ്റ് പറ്റാത്തവർ ഇല്ല. സാഹചര്യം ആവാം. ന്യായീകരിക്കുകയല്ല. പാവം ഒരു കുഞ്ഞു ഉണ്ടല്ലോ. ജീവിക്കാൻ വേണ്ടി ആണല്ലോ എല്ലാവരും നാടുവിടുന്നത്. തെറ്റുകൾ വൈകാരികമായ ചില സന്ദർഭങ്ങളിൽ ഉണ്ടാകാം. ചിലപ്പോൾ അത് ജീവിതത്തിൽ തന്നെ വലിയ പ്രതിസന്ധിയിൽ എത്തിക്കുന്നു എന്നുള്ളതാണ്. 

സംഭവിച്ചു പോയി. സഹായം കിട്ടിയാൽ രക്ഷപ്പെടട്ടെ. എല്ലാ വിളക്കുകളും, എല്ലാ പ്രകാശങ്ങളും  കെട്ടു പോകുമ്പോഴും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമെങ്കിലും വഴികാട്ടിയായി ഉണ്ടാകും എന്നുള്ളതാണ്. തെറ്റിനുള്ള ശിക്ഷ തീരുന്നില്ല. തെറ്റ്‌ ചെയ്തിട്ടുണ്ടെങ്കിൽ കാലം ശിക്ഷ കൊടുക്കും. എങ്കിലും ഇത്രയും കാലം തടവിൽ കിടന്ന് അനുഭവിച്ചു. ഇനി സഹായിക്കേണ്ടത് നമ്മളാണ്. ഒരു ജീവൻ തിരികെകൊടുക്കാൻ ഒന്നിക്കാം. വീട്ടുകാർ പറയുന്നത് ആത്മാർത്ഥമാണെങ്കിൽ സഹകരിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia