Medal | അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ 2023 ലെ മെഡലിന് കേരളത്തില്‍ നിന്ന് അര്‍ഹരായത് 9 പേര്‍

 


തിരുവനന്തപുരം: (www.kvartha.com) അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ 2023 ലെ മെഡലിന് കേരളത്തില്‍ നിന്ന് ഒന്‍പതുപേര്‍ അര്‍ഹരായി. ഇന്‍ഡ്യയില്‍ ഒട്ടാകെ 140 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

എസ് പിമാരായ ആര്‍ ഇളങ്കോ, വൈഭവ് സക്‌സേന, ഡി ശില്‍പ, അഡീഷനല്‍ എസ് പി എംകെ സുല്‍ഫികര്‍, ഡിവൈ എസ് പിമാരായ പി രാജ്കുമാര്‍, കെജെ ദിനില്‍, ഇന്‍സ്‌പെക്ടര്‍മാരായ കെആര്‍ ബിജു, പി ഹരിലാല്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ സാജന്‍ എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്. 

എസ് പി ആര്‍ ഇളങ്കോ നിലവില്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ ടെക്‌നികല്‍ ഇന്റലിജന്‍സ് വിഭാഗം എസ് പിയാണ്. കൊല്ലം റൂറല്‍, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ജില്ലാ പൊലീസ് മേധാവിയായിരുന്നു. വൈഭവ് സക്‌സേന നിലവില്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയാണ്. പൊലീസ് ആസ്ഥാനത്ത് എ എ ഐജിയായും തിരുവനന്തപുരം സിറ്റി ഡെപ്യൂടി കമീഷണറായും ജോലി നോക്കിയിട്ടുണ്ട്. ഡി ശില്‍പ ഇപ്പോള്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാണ്. കോട്ടയം ജില്ലാ പൊലീസ് മേധാവി, വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

എംകെ സുല്‍ഫികര്‍ നിലവില്‍ തിരുവനന്തപുരം റൂറല്‍ അഡീഷനല്‍ എസ് പിയാണ്. നെടുമങ്ങാട്, പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ ഡിവൈ എസ് പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവാര്‍ഡ് ജേതാവായ പി രാജ്കുമാര്‍ ഇപ്പോള്‍ കൊച്ചി സിറ്റി അസിസ്റ്റന്റ് കമീഷണറാണ്. ശാസ്താംകോട്ട ഡിവൈ എസ് പിയായും വിജിലന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ ഇന്‍സ്‌പെക്ടറായും ജോലി ചെയ്തിട്ടുണ്ട്.

നിലവില്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അസിസ്റ്റന്റ് കമീഷണര്‍ ആയ ജെകെ ദിനില്‍ തിരുവനന്തപുരം സിറ്റി, എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ഡി സി ആര്‍ ബി അസിസ്റ്റന്റ് കമിഷണര്‍, ഫോര്‍ട് അസിസ്റ്റന്റ് കമിഷണര്‍, നെടുമങ്ങാട് ഡിവൈ എസ് പി എന്നീ തസ്തികകളില്‍ ജോലി ചെയ്തു.

ഇന്‍സ്‌പെക്ടര്‍ കെആര്‍ ബിജു നിലവില്‍ ചവറ പൊലീസ് സ്റ്റേഷനില്‍ ജോലി നോക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ഫോര്‍ട്, നെയ്യാറ്റിന്‍കര, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളില്‍ ഇന്‍സ്‌പെക്ടറായും ജോലി ചെയ്തിട്ടുണ്ട്.

ഇന്‍സ്‌പെക്ടര്‍ പി ഹരിലാല്‍ നിലവില്‍ തിരുവനന്തപുരം മെഡികല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ ജോലി നോക്കുന്നു. എറണാകുളം ജില്ലയിലെ വരാപ്പുഴ, പത്തനംതിട്ടയിലെ തിരുവല്ല എന്നിവിടങ്ങളില്‍ ഇന്‍സ്‌പെക്ടറായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ കെ സാജന്‍ നിലവില്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ, ക്രൈംബ്രാഞ്ചില്‍ ജോലി നോക്കുന്നു. വെള്ളറട എസ് ഐയായും ബാലരാമപുരം എ എസ് ഐയായും ജോലി ചെയ്തിട്ടുണ്ട്.

Medal | അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ 2023 ലെ മെഡലിന് കേരളത്തില്‍ നിന്ന് അര്‍ഹരായത് 9 പേര്‍

Keywords: Nine police officers from Kerala bag Union Home Minister’s Medal, Thiruvananthapuram, News, Politics, Police Officers, Medal,  Home Minister, Police Station, Investigation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia