സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് 'നിര്‍ഭയ കേരളം സുരക്ഷിത കേരളം': പദ്ധതി ഉദ്ഘാടനം ശനിയാഴ്ച

 


കൊച്ചി: സ്ത്രീകളുടെ സാമൂഹിക ഉന്നമനവും സ്ത്രീസുരക്ഷയും ലക്ഷ്യമിട്ട് കേരള പോലീസ് ആവിഷ്‌കരിച്ച 'നിര്‍ഭയ കേരളം സുരക്ഷിത കേരളം' പദ്ധതിക്ക് ശനിയാഴ്ച തുടക്കമാവും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനും സ്ത്രീകള്‍ക്ക് സുരക്ഷിതമായും നിര്‍ഭയമായും യാത്ര ചെയ്യുന്നതിനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള സമഗ്ര ഇടപെടലാണ് 'നിര്‍ഭയ കേരളം' പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചുമതലയേറ്റ ശേഷം വിളിച്ചുചേര്‍ത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നടത്തിയ ചര്‍ച്ചകളുടെയും തുടര്‍ന്നു നല്‍കിയ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് കേരളാ പോലീസ് നിര്‍ഭയ പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി പ്രാദേശിക തലങ്ങളില്‍ വനിതാ വളണ്ടിയര്‍ ഗ്രൂപ്പുകളുടെ രൂപവത്കരണം, മനുഷ്യക്കടത്തും തട്ടിക്കൊണ്ടുപോകലും തടയുന്നതിന് എല്ലാ ജില്ലകളിലുമുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്തല്‍, നിയമലംഘനങ്ങള്‍ തടയുന്നതിനുള്ള ബോധവത്കരണം, സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട എല്ലാവര്‍ക്കും പരിശീലനം, കുറ്റകൃത്യങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസവും സംരക്ഷണവും, കുറ്റകൃത്യങ്ങളുണ്ടാകുമ്പോഴുള്ള പോലീസ് നടപടി സംവിധാനങ്ങള്‍ ശക്തിപ്പെടുത്തല്‍, പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കായുള്ള നൂതന പദ്ധതികള്‍ എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നിര്‍ഭയ കേരള പദ്ധതി.

വിവിധ എജന്‍സികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വയംസഹായ സംഘങ്ങള്‍, വനിതാ ജാഗ്രതാ സമിതികള്‍ എന്നിവയിലെ അംഗങ്ങളെ ഉള്‍പെടുത്തിയാണ് പ്രാദേശിക തലങ്ങളില്‍ നിര്‍ഭയ വളണ്ടിയര്‍ സംഘങ്ങള്‍ക്ക് രൂപം നല്‍കുക. ഓരോ പഞ്ചായത്തില്‍ നിന്നും 10 അംഗങ്ങളെ വീതവും മുനിസിപ്പാലിറ്റിയില്‍ നിന്നും 30 അംഗങ്ങളെ വീതവും കോര്‍പറേഷനുകളില്‍ നിന്നും 100 അംഗങ്ങളെ വീതവും ഉള്‍പ്പെടുത്തി ജില്ലാതല വനിതാ സ്‌ക്വാഡുകള്‍ക്കും രൂപം നല്‍കും. 
സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് 'നിര്‍ഭയ കേരളം സുരക്ഷിത കേരളം': പദ്ധതി ഉദ്ഘാടനം ശനിയാഴ്ച

ഇവര്‍ നിര്‍ഭയ വളണ്ടിയര്‍മാര്‍ എന്നറിയപ്പെടും. യൂണിഫോം, ബാഡ്ജ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഇവര്‍ക്ക് നല്‍കും. എസ്.ഐമാര്‍ മുതല്‍ എസ്.പിമാര്‍വരെയുള്ള പോലീസ് ഉദ്യോഗസ്ഥരെ സ്ത്രീസുരക്ഷയും കുറ്റകൃത്യങ്ങളൂം സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കുവാന്‍ ഇവര്‍ക്ക് കഴിയും. സംസ്ഥാനത്തൊട്ടാകെ 12,000-ഓളം നിര്‍ഭയ വളണ്ടിയര്‍മാര്‍ ഈ പദ്ധതിയുടെ ഭാഗമായുണ്ടാകും.

വനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമവ്യവസ്ഥകള്‍, സ്വയംപ്രതിരോധം, പ്രഥമശുശ്രൂഷ, കൗണ്‍സിലിങ് രീതികള്‍, പോലീസിന്റെ സഹായക സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച  ബോധവത്കരണവും  ഇവരുടെ ചുമതലയാണ്.  കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിച്ച് നടപടിയെടുക്കാനും ഇവര്‍ക്ക് അവസരമുണ്ടാകും. പകല്‍ സമയത്തും സായാഹ്നങ്ങളിലുമുള്ള പട്രോളിങ്, ഗൃഹസന്ദര്‍ശനം, പോലീസ് ഉദ്യോഗസ്ഥരെ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് സഹായിക്കല്‍ എന്നിവയും ഇവരുടെ ചുമതലയില്‍പെടും.

സ്ത്രീകളും കുട്ടികളും ഉള്‍പെടെയുളള അനധികൃതമായ മനുഷ്യക്കടത്തും അതുമായി ബന്ധപ്പെട്ട ലൈംഗിക ചൂഷണവും തടയുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍, മനുഷ്യ വിഭവ ശേഷി, വാര്‍ത്താവിനിമയം എന്നിവ നല്‍കി ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്ലുകള്‍ ശക്തിപ്പെടുത്തും. ഇതിനായി വിശ്വാസ്യതയുള്ള എന്‍.ജി.ഒ. കളുടെ സഹകരണവും തേടും. സാമൂഹികനീതി വകുപ്പിന്റെ പങ്കാളിത്തവും ഇതിലുണ്ടാകും. ആദ്യഘട്ടമായി തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കാസര്‍കോട്, കോഴിക്കോട്, കൊച്ചി നഗരം, എന്നിവിടങ്ങളില്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്ലുകള്‍ ആരംഭിക്കും. ഇതേതരത്തില്‍ രണ്ടാം ഘട്ടമായി എല്ലാ ജില്ലകളിലും ഈ പദ്ധതി നടപ്പിലാക്കും.

അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കുന്ന സ്ത്രീകള്‍ പിന്നീട് സാമൂഹികമായ ഒറ്റപ്പെടുത്തലടക്കമുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാകാറുണ്ട്. അതിക്രമങ്ങള്‍ക്കെതിരെ സധൈര്യം പരാതി നല്‍കുന്നതിനും അതിക്രമങ്ങള്‍ക്കിരയാവുന്നവരെ സാമൂഹിക മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമായി എല്ലാ ജില്ലകളിലും ഷോര്‍ട്ട് സ്റ്റേ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കും.

പരാതിക്കാരോട് സൗമ്യമായി ഇടപെടുന്നതിനും   മൊഴി രേഖപ്പെടുത്തുന്നതിനുമുള്‍പെടെ പോലീസ് സേനയില്‍ ക്രിയാത്മക മനോഭാവം സൃഷ്ടിക്കുന്നതിനുളള പരിശീലനവും 'നിര്‍ഭയ കേരളം’ പദ്ധതിയുടെ ഭാഗമാണ്. സ്‌കൂളുകളിലും മറ്റും പെണ്‍കുട്ടികള്‍ക്ക് അതിക്രമങ്ങള്‍ തടയുന്നതിന് കായിക പരിശീലനവും നല്‍കും. 

സ്ത്രീകള്‍ക്ക്  പരാതി നല്‍കുന്നതിന് 1091 നമ്പര്‍ സേവനം ഏര്‍പെടുത്തി ആധുനിക കണ്‍ട്രോള്‍ റൂം സ്ഥാപിക്കാനും നിര്‍ഭയ പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്. ഇതുകൂടാതെ കൂടുതല്‍ പൊതുസ്ഥലങ്ങളിലും പൊതു വാഹനങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍, റസിഡന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് വനിതാ സംരക്ഷണ കമ്മറ്റികള്‍ രൂപീകരിക്കല്‍ തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമാണ്. 70 കോടി രൂപ ചെലവില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷിതത്വവും സാമൂഹികാവസ്ഥയും ഏറെ മെച്ചപ്പെടുത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

ശനിയാഴ്ച എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 11 ന്  യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി നിര്‍ഭയ കേരളം-സുരക്ഷിത കേരളം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയായിരിക്കും. ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി, ഭക്ഷ്യ-പൊതു വിതരണ സഹമന്ത്രി കെ.വി. തോമസ്, മന്ത്രിമാരായ  പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ. ബാബു, എം.കെ. മുനീര്‍, സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍, എ.ഡി.ജി.പി. ആര്‍. ശ്രീലേഖ എന്നിവര്‍ പങ്കെടുക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords Nirbhaya Keralam Surakshitha Keralam, Kerala Police, Protest, Kerala, Sonia Gandhi, Inauguration, Ernakulam,   Nirbhaya Keralam Surakshitha Keralam; Kerala police initiative will be started on Saturday, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia