വിമതരായി മത്സരിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ല: മുസ്ലിം ലീഗ്

 


മലപ്പുറം: (www.kvartha.com 08.10.2015) തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമതരായി മത്സരിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. മുസ്‌ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ സൗഹൃദമത്സരങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ശ്രമം നടക്കുന്നത്. മലപ്പുറത്ത് മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ ഒന്‍പതു പഞ്ചായത്തുകളിലുണ്ടായ ലീഗ്- കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. പൊതുവെ യു.ഡി.എഫായി മുന്നോട്ടുപോകും. മൂത്തേടം, എടപ്പറ്റ, പൊന്മുണ്ടം പഞ്ചായത്തുകള്‍ക്ക് സ്വന്തം രീതിയില്‍ തീരുമാനമെടുക്കാനുള്ള സ്വതന്ത്ര്യം കൊടുത്തിട്ടുണ്ട്. ഇതു കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിക്കാതിരിക്കാനാണ് ശ്രമം. പോരൂര്‍, കരുവാരക്കുണ്ട് അടക്കമുള്ള പഞ്ചായത്തുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിക്കും.
വിമതരായി മത്സരിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ല: മുസ്ലിം ലീഗ്

സമവായ സാഹചര്യം മുന്‍കൂട്ടി പറയാന്‍ കഴിയില്ല. പ്രശ്‌നങ്ങളുള്ള പഞ്ചായത്തുകളിലെ തര്‍ക്കം പരിഹരിക്കാന്‍ പറ്റുമെന്നു തന്നെയാണ് പ്രതീക്ഷ. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ലീഗ് കവര്‍ന്നെടുക്കാന്‍ ശ്രമിക്കില്ല. യു ഡി എഫിന് പുറത്തുള്ള രാഷ്ട്രീയപാര്‍ട്ടികളുമായി തിരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കില്ല. യു ഡി എഫിനെതിരേയുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ ഫലപ്രദമായി നേരിടും. അത്തരം നീക്കങ്ങള്‍ ജാഗ്രതയോടെയാണു കാണുന്നത്.

നിലവിലെ അവസ്ഥയില്‍ യു ഡി എഫിനെ തോല്‍പ്പിക്കാനാകില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാളേറെ സീറ്റുകള്‍ ഇത്തവണ നേടും. തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിധിയെഴുത്താകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് ഈ സര്‍ക്കാറിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ വോട്ടാകുമെന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ്.

മലപ്പുറത്ത് മുസ്്ലീം ലീഗിനു വല്യേട്ടന്‍ മനോഭാവമാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തര്‍ക്കങ്ങള്‍ മുന്നണിയെ ബാധിക്കാതെ വലിയ കക്ഷികളും ചെറിയ. കക്ഷികളും ഒരുപോലെ വിട്ടുവീഴ്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണമില്ലാത്ത, വികസന കാര്യങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നവരെയാണ് ലീഗ് സ്ഥാനാര്‍ഥികളാക്കുന്നത്.

മലപ്പുറം ജില്ലാവിഭജനകാര്യത്തില്‍ മുസ്ലിം ലീഗ് ഔദ്യോഗികമായി തീരുമാനമെടുത്തിട്ടിട്ടില്ല. ജില്ലാവിഭജനം പ്രചരണായുധമാകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വിജനത്തിന്റെ സാധ്യതകളും ഗുണദോഷങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും പാര്‍ട്ടി സംസ്ഥാനഘടകത്തില്‍ ഇക്കാര്യം ചര്‍ച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Keywords: Kerala, IUML, K.P.A.Majeed, Muslim-League, Election
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia