Fatal Crashes | അപകടമല്ല അരുംകൊലകൾ; ചോരമണം മായാതെ കേരളത്തിലെ റോഡുകൾ

 
 Not Accidents, But Murders; Blood-Stained Roads of Kerala
 Not Accidents, But Murders; Blood-Stained Roads of Kerala

Representational Image Generated by Meta AI

● സ്ത്രീകളും കുട്ടികളും യുവാക്കളും വയോധികരുമെല്ലാം റോഡ് അപകടങ്ങളിൽ കൊല്ലപ്പെടുന്നു. 
● സർക്കാരിനും വാഹനമോടിക്കുന്നവനും ഇതിൽ പങ്കുണ്ട്. 
● രണ്ടാം തീയതി രാത്രിയായിരുന്നു ആലപ്പുഴയിലെ അപകടം. 

ഭാമനാവത്ത് 

(KVARTHA) ഓരോ ദിവസവും അതിദാരുണമായ വാർത്തകളാണ് കേൾക്കുന്നത്. കേരളം നിലവിളികൾ മാത്രം ബാക്കിയാവുന്ന ശ്മശാന ഭൂമി മാത്രമായി മാറുകയാണോ? മഹായുദ്ധങ്ങളുണ്ടാകുമ്പോൾ കൊല്ലപ്പെടുന്നവരോളം തന്നെ റോഡ് അപകടങ്ങളിൽ മരിക്കുന്നു. അപ്രതീക്ഷിതമായ സംഭവങ്ങളിൽ ഇന്നലെ വരെ ഇവിടെ ജീവിച്ചവർ ഇല്ലാതാവുന്നത് എത്ര സങ്കടകരമാണ്? സ്ത്രീകളും കുട്ടികളും യുവാക്കളും വയോധികരുമെല്ലാം റോഡ് അപകടങ്ങളിൽ കൊല്ലപ്പെടുന്നു. 

അപകടങ്ങളായി ഇതിനെ വിശേഷിപ്പിക്കാൻ കഴിയില്ല. അരുംകൊല തന്നെയാണ്. സർക്കാരിനും വാഹനമോടിക്കുന്നവനും ഇതിൽ പങ്കുണ്ട്. അമിത വേഗതയും അശ്രദ്ധയുമാണ് വാഹനമോടിക്കുന്നവർ കാലൻമാരായി മാറാൻ കാരണം. അടിച്ചു പൂസായി വണ്ടി ഓടിക്കുന്നതും മത്സര ഓട്ടം നടത്തുന്നതും ചരക്കു ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിൽ കൂട്ടക്കുരുതി നടത്താൻ കാരണമാകുന്നുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ട് പ്രധാന അപകടങ്ങളിലായി പൊലിഞ്ഞത് പത്ത് വിദ്യാർത്ഥികളുടെ ജീവനുകളാണ്. ആലപ്പുഴ കളര്‍കോട്ടെ അപകടത്തിൽ ജീവൻ നഷ്ടമായത് ആറ് ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കാണെങ്കില്‍, പാലക്കാട് പനയമ്പാടത്ത് ഓർമയായത് സുഹൃത്തുക്കളും സഹപാഠികളുമായ നാല് എട്ടാം ക്ലാസ് വിദ്യാർത്ഥിനികൾ. ഡിസംബര്‍ പിറന്നതുതന്നെ ദുരന്തവാര്‍ത്തയോടെയായിരുന്നു. 

രണ്ടാം തീയതി രാത്രിയായിരുന്നു ആലപ്പുഴയിലെ അപകടം. 12ന് വൈകിട്ട് 3.50 ഓടെയായിരുന്നു പാലക്കാട്ടെ അപകടം ക്ഷണിച്ചു വരുത്തിയ അപകടങ്ങളായിരുന്നു ഇതൊക്കെ. റോഡപകടങ്ങൾ സംഭവിക്കുന്നതല്ല, സംഭവിപ്പിക്കുന്നതാണെന്ന ഹെെകോടതിയുടെ നിരീക്ഷണം വളരെ കൃത്യമാണ്. ഒരുനിമിഷത്തെ അശ്രദ്ധ ജീവിതം ശോകമയമാക്കും. അപകടമരണങ്ങൾ കേവലം കണക്കുകളല്ലെന്നും ആരുടെയെങ്കിലുമെല്ലാം ഉറ്റവരാണെന്നും കോടതി ഓർമിപ്പിക്കുന്നുണ്ട്.

തൃശൂർ നാട്ടികയിൽ ദേശീയപാത ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന അഞ്ചുപേർ തടിലോറി പാഞ്ഞുകയറി മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ജാമ്യാപേക്ഷ തള്ളിയാണ് കോടതിയുടെ നിരീക്ഷണം. രണ്ടാംപ്രതി കണ്ണൂർ തളിപ്പറമ്പ് ചാമക്കാലായിൽ സി ജെ ജോസിന്റെ ജാമ്യഹർജി തള്ളി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണനാണ് ഉത്തരവായത്. കേസിൽ വലപ്പാട് പൊലീസിന്റെ അന്വേഷണം ഒരുമാസത്തിനകവും കോടതിവിചാരണ മൂന്നുമാസത്തിനകവും പൂർത്തിയാക്കണമെന്നും ഉത്തരവിട്ടു.

ഡ്രൈവറും ഒന്നാംപ്രതി ക്ലീനർ അലക്സും മദ്യപിച്ച്‌ ലക്കുകെട്ട സാഹചര്യത്തിലാണ് അപകടമുണ്ടായത്. ഡ്രൈവർ അമിതലഹരിയിലായിരുന്നതിനാൽ ഒന്നാംപ്രതി അലക്സാണ് വാഹനമോടിച്ചത്. ഇയാൾക്ക് ലൈസൻസുമുണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ വർഷം ലക്ഷത്തിലധികം പേർ മരിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട അന്താരാഷ്ട്ര യോഗങ്ങളിൽ മുഖം മറച്ചിരിക്കേണ്ട സ്ഥിതിയാണെന്നുമുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പാർലമെന്റിലെ പ്രസ്താവനയും ഉത്തരവിൽ പരാമ‌ശിച്ചു.

അപകടമരണങ്ങളായതിനാൽ ഹർജിക്കാരനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്ന് അഭിഭാഷകൻ വാദിച്ചു. എന്നാൽ, സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടി ഹൈകോടതി ഈ വാദം തള്ളി.  റോഡ് സുരക്ഷ ഏവരുടെയും ഉത്തരവാദിത്തമാണ്. സുരക്ഷിത ഡ്രൈവിങ്‌ മറ്റുള്ളവരുടെ ജീവനെയും രക്ഷിക്കുന്നു. അപകടങ്ങൾ ആവ‌ർത്തിക്കാതിരിക്കാൻ അന്വേഷണ ഏജൻസികളും ജുഡീഷ്യറിയും ജാഗ്രത കാട്ടണം. റോഡപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ സമൂഹത്തിന് സന്ദേശമാകാനാണ് ഈ നിർദേശങ്ങളെന്നും ഹൈകോടതി പറഞ്ഞിട്ടുണ്ട്. ഇതുകൊണ്ടൊന്നും സർക്കാരിൻ്റെ കണ്ണു തുറക്കുമോയെന്ന കാര്യം സംശയമാണ്. 

റോഡിലെ കുണ്ടും കുഴിയും അശാസ്ത്രീയമായ മുന്നറിയിപ്പു ബോർഡുകളും യാത്രക്കാർക്ക് അപകടക്കെണിയൊരുക്കുകയാണ്. ഒരു പുതിയ വാഹനം റോഡിലിറക്കുമ്പോൾ 15 വർഷത്തെ റോഡ് ടാക്സ് മുൻകൂട്ടി വാങ്ങുന്ന സർക്കാരിന് യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ യാതൊരു ഉത്തരവാദിത്തവുമില്ല. ധാരാളം കിമ്പളം കിട്ടുന്ന സ്വർഗരാജ്യമാണ് മോട്ടോർ വാഹന വകുപ്പിന് റോഡിലെ നിയമ ലംഘനങ്ങൾ. 

റോഡ് നിർമ്മിക്കുമ്പോൾ പൊതുമരാമത്ത് ഉദ്യോഗസ്ഥർ കൈകൂലി വാങ്ങുന്നതിൽ തുടങ്ങുന്നു അഴിമതിയുടെ ചരിത്രം. എംഎൽഎ, മന്ത്രിമാർ, പാർട്ടി നേതാക്കൾ, പ്രാദേശിക ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങി നീണ്ട നിര തന്നെ കൈക്കൂലിക്കാരായി രംഗത്തുണ്ട്. നാണം കെട്ട് പണം വാങ്ങുന്ന ഇവരുടെയൊക്കെ കൈയ്യിൽ ചോരക്കറയുണ്ട്. അപകടങ്ങൾ യാദൃശ്ചികമല്ല ക്ഷണിച്ചു വരുത്തുന്നതാണ്.

#RoadSafety #KeralaAccidents #TrafficSafety #PublicResponsibility #RoadDeaths #JudicialAction

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia