Appreciation | പ്രവാസികള്‍ കേരളത്തിന്റെ അഭിമാനം: മന്ത്രി ശിവന്‍കുട്ടി
● മന്ത്രി വി. ശിവൻകുട്ടി പ്രവാസികളുടെ സംഭാവനകളെ പ്രശംസിച്ചു.
● കേരളത്തിന്റെ വികസനത്തിൽ പ്രവാസികൾ വലിയ പങ്ക് വഹിക്കുന്നു.
● സാമ്പത്തികം മുതൽ സാമൂഹിക മേഖല വരെ പ്രവാസികളുടെ സംഭാവന വളരെ വലുതാണ്.
തിരുവനന്തപുരം: (KVARTHA) ആധുനിക കേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസികള്‍ അനിവാര്യമായ ഒരു ഘടകമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കൗമുദി ടി.വി സംഘടിപ്പിച്ച പ്രവാസി സംഗമവും പ്രതിഭാ പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹം, സമ്പദ്വ്യവസ്ഥ, സംസ്‌കാരം എന്നീ മേഖലകളില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സാമൂഹിക സംഘടനകളിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന പ്രവാസികള്‍, കേരളത്തിന്റെ വികസനത്തിന് വലിയ സാമ്പത്തിക സഹായം നല്‍കുന്നു. അവരുടെ ഈ സംഭാവനകളെ അംഗീകരിച്ച് കൗമുദി ടി.വി നടത്തുന്ന പരിപാടി അഭിനന്ദനീയമാണെന്ന് മന്ത്രി പറഞ്ഞു.
യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുത്തു. നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് കൊളശേരി മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച പ്രവാസികള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഡയറക്ടര്‍ അബ്ദുള്‍ അസീസ്.എ, ഹോട്ട് ബര്‍ഗര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നാസര്‍ നെല്ലോളി, റീഗേറ്റ് ബില്‍ഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പോള്‍ തോമസ്, എഴുത്തുകാരനും സിനിമാ നിര്‍മ്മാതാവുമായ മന്‍സൂര്‍ പല്ലൂര്‍, ഇന്റിമസി ഹീലിംഗ് വില്ലേജ് സ്ഥാപന മാനേജിംഗ് ഡയറക്ടര്‍ ഗുരു യോഗി ശിവന്‍, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം പള്ളിവിള എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കേരളകൗമുദി ജനറല്‍ മാനേജര്‍മാരായ എ.ജി. അയ്യപ്പദാസ്, ഷിറാസ് ജലാല്‍ എന്നിവര്‍ സംസാരിച്ചു. കൗമുദി ടി.വി ആന്‍ഡ് ഡിജിറ്റല്‍ ന്യൂസ് ഹെഡ് ലിയോ രാധാകൃഷ്ണന്‍ സ്വാഗതവും കൗമുദി ടി.വി നോര്‍ത്ത് റീജിയണ്‍ ഹെഡ് രജീഷ്.കെ.വി നന്ദിയും പറഞ്ഞു.