എസ്എന്‍ഡിപിയുടെ വിശാല ഐക്യത്തിനു പണ്ടേപ്പോലെ വഴങ്ങാതെ എന്‍എസ്എസ്

 


തിരുവനന്തപുരം: (www.kvartha.com 21/09/2015) എസ്എന്‍ഡിപി യോഗത്തിന്റെ മൂന്നാംവട്ട ഐക്യനീക്കത്തിനു പച്ചക്കൊടി കാട്ടാന്‍ എന്‍എസ്എസ് തയ്യാറാകുന്നില്ല. ഹിന്ദുക്കളിലെ 'നായാടി മുതല്‍ നമ്പൂതിരി വരെ'യുള്ള മുഴുവന്‍ വിഭാഗങ്ങളുടെയും ഐക്യത്തിനു വേണ്ടി മുമ്പു രണ്ടു തവണ എസ്എന്‍ഡിപിയുമായി കൈകോര്‍ത്ത എന്‍എസ്എസ് മാസങ്ങള്‍ക്കുള്ളില്‍ സഖ്യം അവസാനിപ്പിക്കുകയായിരുന്നു. അതിനുശേഷം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും തമ്മില്‍ പരസ്യ വിവാദവുമുണ്ടായി.

ആദ്യം സഖ്യമുണ്ടായത് പി കെ നാരായണപ്പണിക്കര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും സുകുമാരന്‍ നായര്‍ അസി. സെക്രട്ടറിയുമായിരുന്നപ്പോഴാണ്. അത് പൊളിഞ്ഞ ശേഷം കുറേക്കാലം രണ്ടു സംഘടനകളും അകല്‍ച്ചയിലായിരുന്നു. നാരായണപ്പണിക്കര്‍ അന്തരിച്ച ശേഷം വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും വീണ്ടും അടുത്തു. രണ്ടാം വട്ട ഐക്യപ്രഖ്യാപനം മുമ്പത്തേക്കാള്‍ ആവേശത്തിലായിരുന്നു. ഇനിയൊരിക്കലും തങ്ങളെ തമ്മില്‍ പിരിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും രണ്ടു നേതാക്കളും പ്രഖ്യാപിച്ചു. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ സഖ്യം പിരിഞ്ഞു. പരസ്പരം കുറ്റാരോപണങ്ങളും ഉന്നയിച്ചു.

സംഘ്പരിവാറും എസ്എന്‍ഡിപി യോഗവും അടുക്കുന്നു എന്ന തരത്തില്‍ ചില നീക്കങ്ങള്‍ ഉണ്ടായ പിന്നാലെയാണ് എന്‍എസ്എസുമായുള്ള പിണക്കങ്ങള്‍ തീര്‍ക്കാന്‍ വെള്ളാപ്പള്ളി ശ്രമിച്ചത്. എന്നാല്‍ മുന്‍ അനുഭവങ്ങളുട അടിസ്ഥാനത്തില്‍ അനുകൂലമായല്ല സുകുമാരന്‍ നായര്‍ പ്രതികരിച്ചതത്രേ. സുകുമാരന്‍ നായരുടെ ഈഗോ മാത്രമാണു പ്രശ്‌നമെന്നും തങ്ങള്‍ വീണ്ടും ഐക്യപ്പെടുമെന്നും വെള്ളാപ്പള്ളി ഒരു അഭിമുഖത്തില്‍ പറയുകയും ചെയ്തു.

സംഘ്പരിവാറിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നതിന് ഹിന്ദു സമുദായ സംഘടനകളെ ഒന്നിപ്പിക്കാനുള്ള ദൗത്യമാണ് വെള്ളാപ്പള്ളി ഏറ്റെടുത്തിരിക്കുന്നത് എന്ന സംശയമുള്ളതിനാലാണ് ഇത്തവണ എതിര്‍ നിലപാടെടുക്കുന്നതെന്നാണു വിവരം. സംവരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ സമീപകാലത്ത് ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരേ പരസ്യ പരാമര്‍ശങ്ങള്‍ നടത്താറുണ്ടെങ്കിലും സംഘ്പരിവാറിനെയും അവരുടെ വര്‍ഗ്ഗീയ അജന്‍ഡകളെയും ശക്തമായി എതിര്‍ക്കുന്ന നിലപാടില്‍ നിന്ന് എന്‍എസ്എസ് പിന്നോട്ടു പോയിട്ടില്ല. അതിന്റെ ഭാഗമായിത്തന്നെയാണ് ഇപ്പോള്‍ എസ്എന്‍ഡിപിയുടെ മൂന്നാം ഐക്യനീക്കത്തോടു മുഖം തിരിച്ചു നില്‍ക്കാനും അവര്‍ തയ്യാറാകുന്നത്.

ഭൂരിപക്ഷ സമുദായ സംഘടനകളുമായി ആലോചിച്ച് എല്ലാവരെയും ചേര്‍ത്ത് രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കമെന്നാണ് കഴിഞ്ഞ ദിവസം യോഗം കൗണ്‍സിലിന്റെ തീരുമാനമായി വെള്ളാപ്പള്ളി പറഞ്ഞത്. ഇതോടെ എന്‍എസ്എസുമായി ഏതുവിധവും അടുക്കാനുള്ള ശ്രമങ്ങള്‍ എസ്എന്‍ഡിപി യോഗം സജീവമാക്കുകയാണ്.

എസ്എന്‍ഡിപിയുടെ വിശാല ഐക്യത്തിനു പണ്ടേപ്പോലെ വഴങ്ങാതെ എന്‍എസ്എസ്


Keywords:  Kerala, Thiruvananthapuram, NSS, NSS not favorable to SNDP move for unity.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia