കണ്ണുകാണില്ലെങ്കിലും കുട്ടീ, നമുക്ക് കാണാനാകും, എഴുതാനാകും, പാട്ടുപാടാനാകും; അവര്‍ ഒത്തുചേര്‍ന്നു; സന്തോഷം ചിറകുവിരിച്ചു; കൂട്ടിന് മന്ത്രിയും

 


മലപ്പുറം: (www.kvartha.com 03.12.2021) കണ്ണുകാണില്ലെങ്കിലും കുട്ടീ....... നമുക്ക് കാണാനാകും. എഴുതാനാകും. പാട്ടുപാടാനാകും. മറ്റുള്ളവരേക്കാള്‍ ഉയരങ്ങള്‍ കീഴടക്കാനാകും. പത്മശ്രീ ബാലന്‍ പൂതേരി തന്റെ കൊച്ചുമകളെ പോലെ അല്‍വീനയുടെ കാതുകളിലോതി. അവള്‍ സന്തോഷത്തോടെ പുഞ്ചിരിച്ചു. സംതൃപ്തയായ്.... കീബോര്‍ഡ് വായനയും പാട്ടുമെല്ലാം അതിഗംഭീരമായെന്നായിരുന്നു ബാലേട്ടന്റെ കമന്റ്.
 
കണ്ണുകാണില്ലെങ്കിലും കുട്ടീ, നമുക്ക് കാണാനാകും, എഴുതാനാകും, പാട്ടുപാടാനാകും; അവര്‍ ഒത്തുചേര്‍ന്നു; സന്തോഷം ചിറകുവിരിച്ചു; കൂട്ടിന് മന്ത്രിയും

പത്മശ്രീ ജേതാവില്‍ നിന്നുള്ള അഭിനന്ദനം അന്‍വീനയ്ക്കും അര്‍ഹതയ്ക്കുള്ള അംഗീകാരമായി. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ സ്നേഹ സമ്മാനമായി നല്‍കിയ ചുവന്ന റോസാപ്പൂ അവള്‍ നിറകൈയ്യോടെ സ്വീകരിച്ചു. മന്ത്രി പറഞ്ഞു... `നിങ്ങള്‍ക്കെല്ലാം നല്ലതേ വരൂ......' ഒട്ടെറെ പരിമിതികള്‍ക്കിടയിലും ദൂരങ്ങള്‍ താണ്ടിയെത്തി ഒത്തുകൂടിയ വേദിയിലായിരുന്നു ബാലേട്ടന്റെയും അന്‍വീനയുടെയും മന്ത്രിയുടെയും മറ്റുള്ളവരുടെയും സമാഗമം.

ലോക ഭിന്നശേഷി ഭിനാചരണത്തിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പ് മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച വേദിയാണ് ഭിന്നശേഷിക്കാരുടെ പാട്ടും കളിയും തമാശകളും കൊണ്ട് നിറപ്പകിട്ടായത്. കണ്ണുകാണാനാകെതെയും ചെവി കേള്‍ക്കാനാകാതെയും എണീറ്റു നടക്കാനാകാതെയും ജീവിതം ജീവിച്ചു തീര്‍ക്കേണ്ടി വരുന്നവര്‍ക്കിടയില്‍ അതിജീവനത്തിന്റെ ആവേശം പകരുന്ന മനുഷ്യരില്‍ ചിലരാണ് ബാലന്‍ പൂതേരിയും അല്‍വീനയും. എഴുത്തും സംഗീതവും കാലാതിവര്‍ത്തിയായതു പോലെ തന്നെയാണ് ശാരീരിക പരിമിതികള്‍ അതിജീവിച്ചുള്ള ഈ മനുഷ്യരുടെ പ്രയാണവും.

അകക്കണ്ണിന്റെ വെളിച്ചത്തില്‍ 214 പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ച് പത്മശ്രീ നേടിയ ബാലന്‍ പൂതേരിയും മാന്ത്രിക വിരലുകളാല്‍ കീബോര്‍ഡില്‍ വിസ്മയം തീര്‍ക്കുന്ന ഒന്‍പതു വയസ്സുകാരി അന്‍വീനയും ഭിന്നശേഷിക്കാര്‍ക്കിടയിലും അല്ലാത്തവര്‍ക്കിടയിലും ആവേശമാണ്. ഇവരുടെ നിറസാന്നിധ്യത്താല്‍ സമ്പന്നമായിരുന്നു ജില്ലയിലെ ഇത്തവണത്തെ ഭിന്നശേഷി ദിനാചരണം. കരിപ്പൂര്‍ സ്വദേശിയാണ് പത്മശ്രീ ബാലന്‍ പൂതേരി. പൂര്‍ണ്ണമായും അന്ധനായ ഇദ്ദേഹം ബി.എ ഹിസ്റ്ററി, എക്കണോമിക്സ് കോഴ്സുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

പുസ്തക രചന, പ്രസിദ്ധീകരണം, സാമൂഹ്യ പ്രവര്‍ത്തനം ഇതെല്ലാമാണ് ഇഷ്ട മേഖലകള്‍. ഭിന്നശേഷിക്കാരനായ സ്വയംസംരംഭകനെന്ന നിലയില്‍ 2011ല്‍ ഇദ്ദേഹത്തിന് സാമൂഹിക നീതി വകുപ്പിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2011ലെ കുഞ്ഞുണ്ണി അവാര്‍ഡ് ജേതാവു കൂടിയാണ്. തൃക്കലങ്ങോട് പേരൂര്‍ സ്വദേശിയും വള്ളിക്കാപ്പറ്റ അന്ധ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അല്‍വീന കീബോര്‍ഡ് വായനയില്‍ പ്രതിഭയാണ്. മിമിക്രി കലാകാരിയുമാണ്. സ്പാനിഷ്, ഇംഗ്ലീഷ്, ജാപ്പനീസ്, ഫ്രഞ്ച്, ചൈനീസ്, അറബിക്, ഹിന്ദി ഭാഷകളും നന്നായി കൈകാര്യം ചെയ്യും. പൊതുവിജ്ഞാനത്തിലും ഒട്ടും പിന്നിലല്ല. 2020ലെ ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവായ അല്‍വീന സിദ്ദീഖിന്റെയും ലബിതയുടെയും മകളാണ്.

Keywords:  Kerala, News, Malappuram, Top-Headlines, Minister, Celebration, V Abdul Rahman, Observed World Disability Day.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia