'ഇന്‍ഗ്ലിഷ് അങ്ങനെ അനായാസം കൈകാര്യം ചെയ്യുന്ന ആളല്ലെങ്കിലും മനോഹരമായി ഹിന്ദി സംസാരിക്കും'; നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടതില്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് പിന്നാലെ കുത്തിപ്പൊക്കി എ എന്‍ ശംസീറിന്റെ പ്രശംസ, വൈറല്‍
Jan 19, 2022, 11:02 IST
വടകര: (www.kvartha.com 19.01.2022) ടെലിപ്രോംപ്‌റ്റെറിന്റെ തകരാര്‍ മൂലം പ്രസംഗം തുടരാന്‍ കഴിയാതെ നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറലായതിന് പിന്നാലെ സി പി എം നേതാവ് എ എന്‍ ശംസീര്‍ എം എല്‍ എ നടത്തിയ പ്രസംഗവും വൈറലാകുന്നു. മോദിയുടെ ഹിന്ദി പ്രസംഗത്തിലുള്ള കഴിവിനെ പ്രശംസിച്ച് ശംസീര്‍ മുന്‍പ് നടത്തിയ പ്രസംഗമാണ് കോണ്‍ഗ്രസ് അനുകൂലികള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.
'മോദി ആദ്യം പ്രസംഗിക്കുക ഗരീബീ മാലോം. മോദി ഇന്‍ഗ്ലിഷ് അങ്ങനെ അനായാസം കൈകാര്യം ചെയ്യുന്ന ആളല്ല. പക്ഷേ മനോഹരമായി ഹിന്ദി സംസാരിക്കും. ഉള്ളത് ഉള്ളത് പോലെ പറയണമല്ലോ. മറ്റേത് മൂപ്പര്‍ക്ക് ആവൂല്ല. മോദിയുടെ മുന്‍ഗാമി എന്ന് പറയുന്നയാള്‍, മൂപ്പര്‍ക്ക് മിണ്ടാന്‍ കഴിയില്ല. കടലാസ് നോക്കി വായിക്കും.
അത് പറന്നുപോയാ തീര്‍ന്നു. ധന്യവാദ്. തീര്‍ന്നു. ഇദ്ദേഹത്തിന് സദസ്സിനെ നോക്കി പ്രസംഗിക്കാനുള്ള കഴിവുണ്ട്. ചിലര്‍ക്ക് പ്രസംഗം എന്നത് ഒരു കഴിവാണ്. ചിലര്‍ക്ക് അത് ജന്മനാ കിട്ടും. എല്ലാവരും ജനിക്കുമ്പോള്‍ പ്രാസംഗികന്‍ ഒന്നുമല്ല. സ്ഥിര പരിശ്രമത്തിലൂടെ നേടിയെടുക്കുന്നതാണ്. ഏത് സദസിനകത്തും പോയി പ്രസംഗിക്കാന്‍ കഴിവുള്ള ആളാണ് മോദി..' ശംസീര്‍ അന്ന് പ്രസംഗിച്ചത് ഇങ്ങനെയാണ്.
ടെലിപ്രോംപ്‌റ്റെറിന്റെ തകരാറുമൂലം മോദിയ്ക്ക് പ്രസംഗം ഇടയ്ക്ക് നിര്‍ത്തേണ്ടി വന്നെന്ന പരിഹാസം ഉയരുന്നതിനിടെയാണ് ശംസീറിന്റെ പഴയ പ്രശംസയും ഉയര്‍ന്നുവരുന്നത്. ലോക സാമ്പത്തിക ഫോറത്തിന്റെ ഉച്ചകോടിയില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഇടയ്ക്കുവച്ച് പെട്ടെന്ന് പ്രസംഗം അവസാനിപ്പിക്കുകയും മോദി അസ്വസ്ഥനാകുകയും ചെയ്യുന്നത്. ഇത് വീഡിയോയില്‍ കാണാം.
സംഭവത്തിന് പിന്നാലെ മോദിക്ക് നോക്കി വായിക്കാനല്ലാതെ മറ്റൊന്നും അറിയില്ല എന്ന തരത്തില്‍ ട്രോളുകള്‍ പ്രചരിച്ചിരുന്നു. പ്രസംഗം നോക്കി വായിക്കാന്‍ സഹായിക്കുന്ന ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതുമൂലം മോദി പ്രസംഗത്തിനിടെ തപ്പിത്തടയുന്നുവെന്ന മട്ടിലാണ് കഴിഞ്ഞ ദിവസം വീഡിയോയും സമൂഹമാധ്യമത്തില്‍ പ്രചരിച്ചത്. ഇതില്‍ കൂടുതല്‍ കള്ളം ടെലിപ്രോംപ്‌റ്റെറിന് താങ്ങാന്‍ കഴിയില്ല എന്ന് മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തതും വൈറലായി.
എന്നാല്‍ ടെലിപ്രോംപ്റ്റെര്‍ തകരാറല്ലെന്നും ആശയവിനിമയത്തിലുണ്ടായ പ്രശ്നമാണ് പ്രസംഗം തടസ്സപ്പെടാന്‍ കാരണമെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.