ഓണപ്പറമ്പ് മദ്രസ തീവെപ്പിന് മുമ്പ് അരനൂറ്റാണ്ട് പഴക്കമുള്ള മേശ കടത്തി

 


തളിപ്പറമ്പ്: വിവാദമായ പഴയങ്ങാടി കൊട്ടില ഓണപ്പറമ്പ് നൂറുല്‍ ഇസ്ലാം മദ്രസ തീവെപ്പ് സംഭവം ഇ.കെ വിഭാഗം സംഘടനയെ തിരിഞ്ഞുകുത്തുന്നു. തീവെപ്പുമായി ബന്ധപ്പെട്ട് ഇ.കെ വിഭാഗം പ്രവര്‍ത്തകരായ രണ്ടു പേര്‍ പോലീസിന്റെ കസ്റ്റഡിയിലായി. മറ്റ് രണ്ട് പേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. ഓണപ്പറമ്പ് സ്വദേശികളായ ഓട്ടോ ഡ്രൈവറെയും സുഹൃത്തിനെയുമാണ് കേസ് അന്വേഷിക്കുന്ന തളിപ്പറമ്പ് സി.ഐ എ.വി ജോണ്‍ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

കൂട്ടുപ്രതികളായ രണ്ട് പേര്‍ക്ക് വേണ്ടിയുള്ള അന്വേഷണമാണ് പോലീസ് ഊര്‍ജിതമാക്കിയിട്ടുള്ളത്. തീവെപ്പിന് മുമ്പ് മദ്രസയില്‍ ഉണ്ടായിരുന്ന 50 വര്‍ഷത്തിലധികം പഴക്കമുള്ള കൂറ്റന്‍ മേശയും അതിനകത്തുണ്ടായിരുന്ന ഹാജര്‍ പട്ടിക, അമൂല്യ ഗ്രന്ഥങ്ങള്‍ എന്നിവ ഉള്‍പെടെയുള്ള രേഖകളും കടത്തിക്കൊണ്ടു പോയതാണ് അന്വേഷണം ഇ.കെ വിഭാഗത്തിന് നേരെ നീങ്ങാന്‍ ഇടയായത്.

ഈ വലിയ മേശ കത്തിയതിന്റെ യാതൊരു അവശിഷ്ടവും തീവെപ്പ് ഉണ്ടായ മദ്രസയ്ക്കകത്തു നിന്നും കണ്ടെടുക്കാന്‍ കഴിയാതിരുന്നതാണ് കേസില്‍ വഴിത്തിരിവായതെന്ന് പോലീസ് വ്യക്തമാക്കി. നാലോ, അതിലധികമോ ആളുകളില്ലാതെ ഈ മേശ ഒരിക്കലും ഇവിടെ നിന്ന് കടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഒഴിവാക്കാന്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ശക്തമായ സമ്മര്‍ദമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഉണ്ടായിട്ടുള്ളതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. ഇതാണ് പ്രതികളുടെ അറസ്റ്റ് വൈകാന്‍ കാരണം. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് വൈകിയാല്‍ എസ്.പി ഓഫീസിലേക്ക് സി.പി.എം മാര്‍ച്ച് നടത്തുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേസില്‍ സംശയമുള്ള ചിലരെ ചോദ്യം ചെയ്തു വരികയാണെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ. സുദര്‍ശന്‍ പറഞ്ഞു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പഴയങ്ങാടി എസ്.ഐയും വ്യക്തമാക്കി.

കണ്ണൂരില്‍ പോലീസ് മീറ്റ് നടക്കുന്നതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകുന്നതെന്നാണ് ഇതേക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍ പ്രതികരിച്ചത്. ഇ.കെ. വിഭാഗം സുന്നികളുടെ നേതൃത്വത്തിലുള്ള പള്ളിക്കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ഓണപ്പറമ്പ് മദ്രസ. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18 ന് പുലര്‍ച്ചെയാണ് മദ്രസ കത്തി നശിച്ചത്. മദ്രസയിലെ പൗരാണിക ഗ്രന്ഥങ്ങള്‍ ഉള്‍പെടെ വിലപ്പെട്ട സാധനങ്ങളെല്ലാം കത്തി നശിച്ചതായി മദ്രസ അധികൃതര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. തീവെപ്പിന് പിന്നില്‍ എ.പി വിഭാഗം പ്രവര്‍ത്തകരാണെന്നും ഖുര്‍ആന്‍ ഉള്‍പെടെയുള്ള ഗ്രന്ഥങ്ങളും വിലപ്പെട്ട രേഖകളും ഇവര്‍ തീയിട്ട് നശിപ്പിച്ചതായും ഇ.കെ വിഭാഗം ആരോപിച്ചിരുന്നു. ഏതാനും എ.പി വിഭാഗം നേതാക്കളുടെ പേരുകളും പോലീസിന് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരുന്നു.

ഓണപ്പറമ്പ് മദ്രസ തീവെപ്പിന് മുമ്പ് അരനൂറ്റാണ്ട് പഴക്കമുള്ള മേശ കടത്തി

പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവത്തിന് പിറകില്‍ ഇ.കെ. വിഭാഗം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് വ്യക്തമായ സൂചന ലഭിച്ചത്. കടത്തിക്കൊണ്ടുപോയ മേശകളും രേഖകളും കണ്ടെത്താന്‍ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഓണപ്പറമ്പില്‍ എ.പി. വിഭാഗം സുന്നികളുടെ സ്വലാമത്ത് സെന്റര്‍ നേരത്തെ ആക്രമിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ തളിപ്പറമ്പ് സി.ഐയുടെയും ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ച നടത്തിയിരുന്നെങ്കിലും പ്രശ്‌നം കൂടുതല്‍ വഷളാവുകയായിരുന്നു.

എ.പി വിഭാഗം സ്വലാമത്ത് സെന്റര്‍ ആക്രമിച്ചതിലും തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളിലും ഇ.കെ വിഭാഗം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ച് ഇ.കെ വിഭാഗം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ഇ.കെ വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കൈവെട്ടുമെന്ന് പരസ്യമായി പ്രസംഗിച്ചിരുന്നു. വിവാദം പ്രസംഗം നടത്തിയ സംഭവത്തില്‍ അദ്ദേഹത്തിനെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഓണപ്പറമ്പ് മദ്രസ തീവെപ്പ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും വന്‍ പ്രതിഷേധ പ്രചരണം ഇ.കെ വിഭാഗം നടത്തിയിരുന്നു. ഇതിനിടയിലാണ് വാദികളായവര്‍ തന്നെ പ്രതികളാവുന്ന സ്ഥിതി ഉണ്ടായിട്ടുള്ളത്.

എ.പി വിഭാഗം പ്രവര്‍ത്തകരെ ആക്രമിക്കുന്നതിനായി ബോംബ് ഉണ്ടാക്കുന്നതിടയില്‍ പാനൂരില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ നാല് ഇ.കെ വിഭാഗം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവവും ഇ.കെ വിഭാഗത്തിന് തിരിച്ചടിയായിരുന്നു.

Also Read: 
കൈക്കുഞ്ഞുമായി ഭാര്യയും മക്കളും യാചിച്ചിട്ടും കാലിയ റഫീഖ് മുത്തലിബിനെ വെട്ടിക്കൊന്നു

Keywords : Kannur, Police, Investigates, Custody, Case, Accused, Kerala, EK Sunni, Shukoor, Musthafa, AP Sunni, Madrasa, Fire, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia