ഒഞ്ചിയത്തെ കൊലപാതകത്തിനു പിന്നില്‍ ആസൂത്രിത രാഷ്ട്രീയ ഗൂഢാലോചന: പിണറായി

 


ഒഞ്ചിയത്തെ കൊലപാതകത്തിനു പിന്നില്‍ ആസൂത്രിത രാഷ്ട്രീയ ഗൂഢാലോചന: പിണറായി
തിരുവനന്തപുരം: ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നില്‍ ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും കൊലനടത്തിയത് പ്രൊഫഷണല്‍ വാടക കൊലയാളി സംഘമാണെന്ന് സംശയിക്കേണ്ടതുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ടി. പി ചന്ദ്രശേഖരന്റെ കൊലപാതകം കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച കൊടുങ്കാറ്റിനിടയില്‍ എ.കെ സെന്ററില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. ചന്ദ്രശേഖരന്റെ കൊല അപലപനീയമാണ്. അതേസമയം കൊലപാതകത്തിന്റെ പേരില്‍ സിപിഎമ്മിനെ ഒറ്റപ്പെടുത്താനും രാഷ്ട്രീയമായി കടന്നാക്രമിക്കാനുള്ള വ്യഗ്രതകളുമാണ് കൊലയ്ക്ക് ശേഷം പ്രകടമായിരിക്കുന്നത്. സിപിഎമ്മിനെ വേട്ടയാടാനുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ് കൊലയെന്നും പിണറായി ആരോപിച്ചു. ഇതിന് ഭരണകൂടത്തിന്റെയും മന്ത്രിമാരുടെയും ഒത്താശയുമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കൊല നടന്നത് കേരളം മറ്റൊരു ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണെന്നത് പ്രത്യേകം ശ്രദ്ധഅര്‍ഹിക്കുന്നു. പിറവം ഉപതെരഞ്ഞെടുപ്പിന്റെ ആരവം ആളിക്കത്തിയതിനിടയിലാണ് സിപിഎം നിയമസഭാംഗം ശെല്‍വരാജ് രാജിവെച്ച് യു.ഡി.എഫില്‍ ചേക്കേറി എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിച്ചത്. ഇപ്പോള്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുഡിഎഫുമായി ഉറ്റബന്ധം പുലര്‍ത്തുന്ന ഒഞ്ചിയത്തെ ടി. പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടു. ഇതെല്ലാം കൂട്ടിവായിക്കപ്പെടേണ്ടതാണ്.

സിപിഎമ്മിനെതിരെ നടത്താനിരിക്കുന്ന കടുത്ത രീതിയിലുള്ള കടന്നാക്രമണത്തിന്റെ തുടക്കമായി ഒഞ്ചിയം സംഭവത്തെ വിലയിരുത്തിയാല്‍ തെറ്റില്ല. 1972 ല്‍ പശ്ചിമബംഗാളില്‍ ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്റെ കൊലപാതകത്തോടുകൂടിയാണ് അവിടെ അര്‍ദ്ധഫാസിസ്റ്റ് ഭീകരത അരങ്ങേറുകയും നൂറുകണക്കിന് സിപിഎമ്മുകാരെ കൊലപ്പെടുത്തിയതെന്നും പിണറായി ഓര്‍പ്പിമിച്ചു.

നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെ ജനമധ്യത്തില്‍ താറടിക്കാനും അവമതിക്കാനുമുള്ള ഗുഢാലോചനയാണ് ഒഞ്ചിയത്ത് നടന്നത്. ഇതിന് ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചന്ദ്രശേഖരന്‍ തങ്ങളോട് വെളിപ്പെടുത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും പ്രസ്താവിച്ചിരിക്കുകയാണ്. അപ്പോള്‍ എന്തുകൊണ്ട് ചന്ദ്രശേഖരന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയില്ല. പിണറായി ചോദിച്ചു. ഇത് മുഖ്യമന്ത്രിയുടെ കുറ്റകരമായ അനാസ്ഥയാണെന്നും പിണറായി പറഞ്ഞു. കൊലക്കേസ് അന്വേഷണം നിഷ്പക്ഷവും നീതിപൂര്‍വ്വവുമായിരിക്കണം. എന്നാല്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രസ്താവനകള്‍ കാണുമ്പോള്‍ അന്വേഷണം സത്യസന്ധമായിരിക്കില്ലെന്ന് സംശയിച്ചാല്‍ തെറ്റില്ലെന്നും പിണറായി പറഞ്ഞു.



Keywords: Murder, CPM, Kerala, Pinarayi vijayan, Chandrashekaran, Revolutionary Party, Vatakara,  Onchiyam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia