CPM | രാഷ്ട്രീയ എതിരാളികളാൽ കൊല്ലപ്പെടുമെന്ന വാദം ഉയർത്തി തില്ലങ്കേരി സഖാക്കൾ; വിവാദങ്ങളുടെ തീയണക്കാൻ സിപിഎം
Feb 20, 2023, 14:32 IST
കണ്ണൂർ: (www.kvartha.com) പാർടിക്കായി കൊലപാതകങ്ങൾ ചെയ്യുകയും ജയിലിൽ പോകേണ്ടി വരികയും ചെയ്ത ജീവിക്കുന്ന രക്തസാക്ഷികളാവാൻ അർജുൻ ആയങ്കിയുടെയും കൂട്ടരുടെയും ശ്രമം സിപിഎമിനെ പ്രതിരോധത്തിലാക്കി. സിപിഎമിലെയും ഡിവൈഎഫ്ഐയുടെയും നേതാക്കൾ ശത്രുപക്ഷത്ത് നിർത്തിയ സാഹചര്യത്തിലാണ് രാഷ്ട്രീയ എതിരാളികൾ തങ്ങളെ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന സഹതാപ തരംഗമുണ്ടാക്കുന്ന തുറുപ്പ് ചീട്ട് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി തന്റെ ഫേസ്‌ബുക് പേജിലൂടെ പുറത്തെടുത്തതെന്നാണ് ഉയരുന്ന ആക്ഷേപം.
ഒരു മാസത്തിനിടെ തങ്ങളിലൊരാൾ കൊല്ലപ്പെടുമെന്നും കൊലപാതകത്തിന്റെ പാപക്കറ സിപിഎമിന് മേൽ കെട്ടിവെച്ച് വേട്ടയാടരുതെന്നും രാഷ്ട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നുണ്ടെന്നുമാണ് ജിജോ കുറിച്ചത്. പാർടിയെ ഈ കാര്യത്തിൽ തെറ്റിക്കരുതെന്നും ജിജോ തില്ലങ്കേരി പോസ്റ്റിൽ പറയുന്നുണ്ട്. എന്നാൽ 20 മിനുറ്റിനു ശേഷം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം തില്ലങ്കേരിയിൽ സിപിഎം നടത്തുന്ന രാഷ്ട്രീയ വിശദീകരണയോഗത്തിന് മുന്നോടിയായാണ് തങ്ങളുടെ പാർടിക്കൂർ തുറന്നു പ്രഖ്യാപിച്ച് കൊണ്ട് ജിജോ തില്ലങ്കേരി രംഗത്തുവന്നത്.
നേരത്തെ തങ്ങൾ പാർടിക്ക് എതിരായി ഒന്നും ചെയ്യില്ലെന്ന് ആകാശ് തില്ലങ്കേരിയുടെ മറ്റൊരു സുഹൃത്ത് ജയപ്രകാശ് തില്ലങ്കേരി ഫേസ്‌ബുകിൽ കുറിച്ചിരുന്നു. തങ്ങളെയും പാർടിയെയും തെറ്റിദ്ധരിപ്പിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നായിരുന്നു ഇയാളുടെ ആരോപണം. ഇതിനിടെയിൽ തില്ലങ്കേരിയിൽ പി ജയരാജൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തോടെ വിവാദങ്ങൾ അവസാനിപ്പിക്കുന്നതിനാണ് സിപിഎം ഒരുങ്ങുന്നത്. ജില്ലാ സെക്രടറി എംവി ജയരാജൻ ഉൾപെടെയുള്ളവർ പങ്കെടുക്കും. ആകാശ് തില്ലങ്കേരി വിഷയം രാഷ്ട്രീയ വിവാദമായതോടെയാണ് സിപിഎം വിശദീകരണ യോഗം വിളിച്ചിരിക്കുന്നത്.
Keywords: Kannur, News, Kerala, CPM, Killed, 'One of us will be killed in a month', says Jijo Thillankeri.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.