ചിങ്ങത്തെ കാത്തിരിക്കാതെ കര്‍ക്കിടകത്തില്‍ അത്തം എത്തി; തൃപ്പൂണിത്തുറ അത്തച്ചമയം ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കി
Aug 12, 2021, 08:27 IST
തിരുവനന്തപുരം: (www.kvartha.com 12.08.2021) മലയാളിയുടെ ഓണക്കാലം അത്തതോടെ ആരംഭിക്കുന്നു. പൂക്കളമിടലിനും തുടക്കമായി. ഇന്നേക്ക് പത്താം നാള്‍ പൊന്നോണം ആണ്. ഇനിയുള്ള 10 നാള്‍ മലയാളിക്ക് പൂക്കളുടെ ഓണക്കാലമാണ്. കോവിഡിന്റെ ഈ കാലത്ത് ആഘോഷങ്ങളെല്ലാം ഓണ്‍ലൈനില്‍ ഒതുങ്ങുകയാണ്. ഈ ദുരിതകാലത്ത് 10 ദിവസം വീട്ടുമുറ്റത്തോരുക്കുന്ന പൂക്കളങ്ങള്‍ നല്ല കാഴ്ചയും നാളേക്കുള്ള പ്രതീക്ഷയുമാണ്.
സൂര്യോദയം കഴിഞ്ഞുള്ള അല്‍പനേരം ഉത്രം നക്ഷത്രമാണെങ്കിലും രാവിലെ 8.54 മുതല്‍ അത്തം തുടങ്ങുകയായി. അത് അടുത്ത രാവിലെ എട്ടു മണി വരെ നീളും എന്നതിനാല്‍ വെള്ളിയാഴ്ചയും ശനിയാഴ്ടയും അത്തമാണെന്ന് പറയാം. കര്‍ക്കിടകത്തിലാണ് ഇത്തവണ അത്തം എന്ന പ്രത്യേകതയുമുണ്ട്. ഇനിയും അഞ്ചു നാള്‍ കഴിഞ്ഞാല്‍ മാത്രമേ ചിങ്ങം പിറക്കൂ.
ആളും ആരവവുമില്ലാതെ തൃപ്പൂണിത്തുറ അത്തച്ചമയത്തിന് വെള്ളിയാഴ്ച കൊടിയേറും. കോവിഡ് കാലമായതിനാല്‍ ആഘോഷം ചടങ്ങുകളില്‍ ഒതുങ്ങും. പ്രളയവും കോവിഡും തീര്‍ത്ത കെടുതികള്‍ക്കിടെ കഴിഞ്ഞ നാലുവര്‍ഷമായി അത്തച്ചമയത്തിന് കാര്യമായ ആഘോഷങ്ങളില്ല.
കോവിഡ് കാലത്തിനു മുമ്പുവരെ തൃപ്പൂണിത്തുറ അത്തച്ചമയം ആഘോഷത്തിന്റേതായിരുന്നു . ആഘോഷവും സന്തോഷവും നിറയുന്ന രാജവീഥികള്‍. കൊട്ടും പാട്ടും മേളവുമായി ഓണത്തെ വരവേല്‍ക്കുന്നു. തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ് മലയാളിയുടെ ഓണാഘോഷങ്ങള്‍ തന്നെ തുടങ്ങുന്നത്. എന്നാല്‍ കോവിഡ് കാലമായതിനാല്‍ ഇത്തവണ കഴിഞ്ഞ വര്‍ഷത്തേതിന്റെ തനിയാവര്‍ത്തനാണ്. ആഘോഷങ്ങളില്ലാതെ ചടങ്ങുകളിലൊതുക്കിയിരിക്കുകയാണ് അത്തച്ചമയം. അത്തം നഗറില്‍ ഉയര്‍ത്താനുളള പതാക രാജകുടുംബത്തിന്റെ പ്രതിനിധിയായ നിര്‍മല തമ്പുരാനില്‍ നിന്ന് തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ ഏറ്റുവാങ്ങി. രാജ കുടുംബത്തിന്റെ പ്രതിനിധിയായി ഒരു സ്ത്രീ അത്തം പതാക കൈമാറുന്നത് ഇതാദ്യമായിട്ടാണ്
രാവിലെ പത്തിന് തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗന്‍ഡില്‍ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തും. കോവിഡ് കാലമായതിനാല്‍ കഥംകളി, ഓട്ടം തുളളല്‍ അടക്കമുളള മത്സരങ്ങള്‍ ഓണ്‍ലൈനായി നടത്തും. പണ്ടുകാലത്ത് കൊച്ചി രാജാക്കന്‍മാര്‍ പ്രജകളെ കാണാന്‍ അത്തം നാളില്‍ നടത്തിയിരുന്ന ഘോഷയാത്രയാണ് തൃപ്പൂണിത്തുറ അത്തച്ചമയമായി മാറിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.