സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന അങ്ങയുടെ ഒരു പ്രസ്താവന ഞങ്ങളെ കുറച്ചു വേദനിപ്പിച്ചു: നിയമസഭാ സ്പീകെറെകുറിച്ച് പ്രതിപക്ഷ നേതാവ്
May 25, 2021, 16:16 IST
തിരുവനന്തപുരം: (www.kvartha.com 25.05.2021) സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന അങ്ങയുടെ ഒരു പ്രസ്താവന ഞങ്ങളെ കുറച്ചു വേദനിപ്പിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേരള നിയമസഭയിലെ ഇരുപത്തി മൂന്നാമത്തെ സ്പീകെറായി തെരഞ്ഞെടുത്തിന് ശേഷമുള്ള അനുമോദന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരം ഒരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളില്‍ നിന്നും ഉണ്ടായിട്ടില്ല. അങ്ങ് ഈ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും ഞങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. അത് സംഘര്‍ഷങ്ങളുണ്ടാക്കും. നിയമസഭയില്‍ വരുമ്പോള്‍ അത് ഒളിച്ചുവെയ്ക്കാന്‍ പ്രതിപക്ഷമായ ഞങ്ങള്‍ക്ക് കഴിയില്ല. അത് സഭാ പ്രവര്‍ത്തനത്തില്‍ പ്രകടമാകും. അതുകൊണ്ട് തീര്‍ച്ചയായും അതെല്ലം ഒഴിവാക്കണം എന്ന് വിനയപൂര്‍വം അങ്ങയോട് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ അനുമോദനപ്രസംഗം
അങ്ങയെ ഞാന്‍ ആത്മാര്‍ഥമായി അനുമോദിക്കുന്നു. നിയമനിര്‍മാണത്തിലും മറ്റ് നടപടി ക്രമങ്ങളിലും ഇൻഡ്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയായ ഈ സഭയുടെ നാഥനായിട്ടാണ് അങ്ങ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്, 1957 ഏപ്രില്‍ അഞ്ചിനാണ് കേരള നിയമസഭ നിലവില്‍ വന്നത്. അന്നുതൊട്ട് ഇന്നേവരെ ഉന്നതമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കാര്യത്തില്‍ ഈ സഭ മുന്നിലാണ്. പതിമൂന്നാം കേരള നിയമസഭയില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ കാര്യങ്ങളെ വിസ്മരിച്ചുകൊണ്ടല്ല ഞാനിത് പറയുന്നത്. പത്തുവര്‍ഷക്കാലത്തെ ഇന്ത്യന്‍ പാര്‍ലമെന്റിലുള്ള പരിചയവും അനുഭവ സമ്പത്തും നമ്മുടെ സഭ നിയന്ത്രിക്കാന്‍ അങ്ങേയ്ക്ക് സഹായകമാകും എന്ന് ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. സഭയുടെ നീതിപൂര്‍വമായ പ്രവര്‍ത്തനത്തിന് അങ്ങയുടെ നേതൃത്വം കൂടുതല്‍ ഊന്നല്‍ കൊടുക്കും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ജനാധിപത്യത്തെ കൂടുതല്‍ മനോഹരമാക്കാന്‍ അതിന് ചാരുത നല്‍കുന്ന ഒന്നാണ് പ്രതിപക്ഷ പ്രവര്‍ത്തനം. ആ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ നിയമസഭയില്‍ പൂര്‍ണമായ സംരംക്ഷണം സഭാ നാഥനായ അങ്ങയില്‍ നിന്നുണ്ടാകും എന്നെനിക്ക് ഉറച്ച വിശ്വാസമുണ്ട്. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന അങ്ങയുടെ ഒരു പ്രസ്താവന ഞങ്ങളെ കുറച്ചു വേദനിപ്പിച്ചു എന്ന കാര്യം ഞാനിവിടെ പരാമര്‍ശിക്കുന്നു. അത്തരം ഒരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളില്‍ നിന്നും ഉണ്ടായിട്ടില്ല. അങ്ങ് ഈ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും ഞങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. അത് സംഘര്‍ഷങ്ങളുണ്ടാക്കും. നിയമസഭയില്‍ വരുമ്പോള്‍ അത് ഒളിച്ചുവെയ്ക്കാന്‍ പ്രതിപക്ഷമായ ഞങ്ങള്‍ക്ക് കഴിയില്ല. അത് സഭാ പ്രവര്‍ത്തനത്തില്‍ പ്രകടമാകും. അതുകൊണ്ട് തീര്‍ച്ചയായും അതെല്ലം ഒഴിവാക്കണം എന്ന് വിനയപൂര്‍വം അങ്ങയോട് അഭ്യര്‍ഥിക്കുന്നു
പന്ത്രണ്ടാം കേരള നിയമസഭ എന്നെ സംബന്ധിച്ചിടത്തോളം എന്റെ പാര്‍ലമെന്റി ജീവിതത്തിന്റെ യുദ്ധപര്‍വം എന്ന് വിശേഷിപ്പിക്കാന്‍ കഴിയാവുന്ന ഒരു സഭയായിരുന്നു. അന്ന് ഈ സഭയുടെ നാഥനായി നിന്ന കെ രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിയായി സഭയിലുണ്ട്. അദ്ദേഹം നല്ലൊരു മാതൃകയാണ് എന്ന് പ്രത്യേകം പരാമര്‍ശിക്കുവാന്‍ ഈ അവസരം വിനിയോഗിക്കുന്നു.
ഈ സഭയിലെ ചര്‍ചകള്‍ ഉന്നതമായ നിലവാരത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയണം. നമ്മുടെ മദര്‍ പാര്‍ലമെന്റ് എന്ന് വിശേഷിപപ്പിക്കപ്പെടുന്ന ഹൗസ് ഓഫ് കോമെന്‍സിലെ കീഴ്‌വഴക്കങ്ങള്‍, പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ലമെന്റില്‍ നടത്തിയ ഉദാത്തമായ മാനങ്ങള്‍ ഉണ്ടായിരുന്ന പാര്‍ലമെന്ററി പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍, ആദ്യ ലോക്‌സഭാ സ്പീകെറായിരുന്ന മാവ്‌ലങ്കാര്‍ ഉണ്ടാക്കിയ കീഴ്‌വഴക്കങ്ങള്‍, പാര്‍ലമെന്റിലെ നടപടിക്രമങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന ശാക്തര്‍ ആന്റ് കൗള്‍, ഈ സഭയിലെ മഹാരഥന്മാര്‍ നടത്തിയ ഉജ്ജ്വലമായ പ്രസംഗങ്ങളിലെ ഉദ്ധരണികള്‍, കൊച്ചി നിയമസഭയിലെയും തിരുവിതാംകൂര്‍ സഭയിലെയും 57 മുതലുള്ള കേരള നിയമസഭയിലെയും ഇഎംഎസിനെയും വിആര്‍ കൃഷ്ണയ്യരെയും പട്ടം താണുപിള്ളയെയും സി നാരായണപിള്ളയെയും സി അച്യുതമേനോനെയും പിഎം വര്‍ഗീസിനെയും സി കേശവനെയും നടരാജപിള്ളയെയും പോലുള്ള പ്രഗത്ഭമതികള്‍ നടത്തിയ ആഴത്തിലുള്ള പ്രസംഗങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐവര്‍ ജെന്നിംഗ്‌സിന്റെ പ്രസിദ്ധമായ ക്യാബിനറ്റ്, പാര്‍ലമെന്റ് തുടങ്ങിയ പുസ്തകങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ കയ്യിലിട്ട് അമ്മാനമാടിയിരുന്ന, ഈ സഭയെ കോരിത്തരിപ്പിച്ച പനമ്പള്ളി ഗോവിന്ദമേനോന്റെ വാക്കുകള്‍.... ആ കാലഘട്ടങ്ങളിലെല്ലാം ഈ സഭ ഉന്നതമായ നിലവാരത്തിലേക്ക് പോയിരുന്നു.
ഈ സഭയില്‍ കടന്നുവന്നിരിക്കുന്ന പുതിയ അംഗങ്ങള്‍ ഉള്‍പെടെയുള്ളവര്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തി ഈ സഭയെ ഇന്ത്യയിലെ തന്നെ, അല്ലെങ്കില്‍ ലോകത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഏറ്റവും നിലവാരമുള്ള ഒരു സഭയാക്കി ഉയര്‍ത്തണം. അതിന് അങ്ങ് എല്ലാ പ്രോത്സാഹനവും നല്‍കണം എന്ന് ഞാന്‍ വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു. സഭാ നടപടികള്‍ ഫലപ്രദമായി നിയന്ത്രിക്കാനും ഈ സഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനും അങ്ങേയ്ക്ക് കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.
Keywords: News, Thiruvananthapuram, V.D Satheeshan, Kerala, State, Politics, Opposition Leader, Congratulatory speech, MB Rajesh, Speaker, Opposition Leader VD Satheesan's Congratulatory speech After The Election Of MB Rajesh As Speaker.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.