നിയമസഭയിലെ കയ്യാങ്കളി; വിചാരണ നേരിടണമെന്ന് സുപ്രീംകോടതി അന്തിമമായി വിധി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ശിവന്‍കുട്ടി മന്ത്രിയായി തുടരുന്നത് അധാര്‍മികം; മുഖ്യമന്ത്രി രാജി എഴുതി വാങ്ങണമെന്ന് വി ഡി സതീശന്‍

 


തിരുവനന്തപുരം: (www.kvartha.com 28.07.2021) നിയമസഭയില്‍ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി അന്തിമമായി വിധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്ഥാനം രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 

 പരിപാവനമായ നിയമസഭ തല്ലിത്തകര്‍ക്കാന്‍ നേതൃത്വം കൊടുത്തയാള്‍ മന്ത്രിസഭയിലെ അംഗമാണെന്നിരിക്കെ, കോടതിയില്‍ വിചാരണ നേരിടുമ്പോള്‍ അദ്ദേഹം ആ പദവിയില്‍ ഇരിക്കുന്നത് നിയമവ്യവസ്ഥകള്‍ക്കും ധാര്‍മികതയ്ക്കും പൂര്‍ണമായും യോജിക്കുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെയ്ക്കണം. രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തോട് രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

നിയമസഭാ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷനേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിയമസഭയില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് എംഎല്‍എമാര്‍ക്ക് ലഭിക്കേണ്ട യാതൊരു പ്രിവിലേജും ഇല്ലെന്ന കോടതിയുടെ പരാമര്‍ശം നേരത്ത യുഡിഎഫ് സ്വീകരിച്ച നിലപാടിന് സമാനമാണ്. ഒരു നിയമസഭാംഗം മറ്റൊരു നിയമസഭാംഗത്തെ കുത്തിക്കൊന്നാല്‍ കേസെടുക്കാന്‍ കഴിയില്ലേയെന്നാണ് യുഡിഎഫ് ചോദിച്ചത്.

ഒരു നിയമസഭാംഗം തോക്കെടുത്ത് മറ്റൊരാളെ വെടിവെച്ചാല്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും അതിനൊരു പ്രിവിലേജും ഇല്ലെന്നുമാണ് കോടതിയുടെ പരാമര്‍ശം. നിയമസഭയ്ക്ക് അകത്തും പുറത്തും ഏതൊരു പൗരനും ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ വിചാരണയ്ക്ക് വിധേയമാണെന്നും സതീശന്‍ പറഞ്ഞു.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന ശിവന്‍കുട്ടിയുടെ നിലപാട് ബാലിശമാണെന്ന് ചോദ്യത്തിന് മറുപടിയായി സതീശന്‍ ചൂണ്ടിക്കാട്ടി.

വനം മന്ത്രിയായിരുന്ന കെപി വിശ്വനാഥന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് അന്ന് അദ്ദേഹത്തിന് രാജിവെയ്‌ക്കേണ്ടിവന്നത്. ഈ കേസില്‍ വനം മന്ത്രിയുടെ ഓഫിസുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ എന്ന് മാത്രമായിരുന്നു പരാമര്‍ശം. എന്നിട്ടും അദ്ദേഹം രാജിവെച്ചു. ഇത് അങ്ങനെയല്ല, കോടതിയുടെ പ്രതിക്കൂട്ടില്‍ കയറി നിന്ന് വിദ്യാഭ്യാസ മന്ത്രി വിചാരണ ചെയ്യപ്പെടുന്ന സംഭവമാണ്.

ലോകം മുഴുവന്‍ ടെലിവിഷനിലൂടെ ലൈവായി കണ്ട സംഭവം. അതിനാല്‍ മുഴുവന്‍ തെളിവുകളും സാക്ഷികളുമുണ്ട്. ബഞ്ചിന്റെയും ഡസ്‌കിന്റെയും മുകളില്‍ കയറി നിന്ന് അതിക്രമം കാണിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസ്. ആ കേസില്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് നല്ല മാതൃകയാകേണ്ട വിദ്യാഭ്യാസ മന്ത്രി രാജിവെയ്‌ക്കേണ്ടെന്നും അത് അദ്ദേഹത്തിനൊരു ഭൂഷണമാണെന്നും നിലപാട് എടുത്താല്‍ പിന്നില്‍ മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് സംശയിക്കേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടാണോ സാധാരണ മന്ത്രിമാര്‍ രാജിവെയ്ക്കാറുള്ളത്. ഇവര്‍ നടത്തിയ അക്രമത്തിന് ആസ്പദമായ സംഭവത്തില്‍ കെഎം മാണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടത് ഏതെങ്കിലും കോടതി അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടായിരുന്നോ? 

നിയമസഭയിലെ കയ്യാങ്കളി; വിചാരണ നേരിടണമെന്ന് സുപ്രീംകോടതി അന്തിമമായി വിധി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ശിവന്‍കുട്ടി മന്ത്രിയായി തുടരുന്നത് അധാര്‍മികം; മുഖ്യമന്ത്രി രാജി എഴുതി വാങ്ങണമെന്ന് വി ഡി സതീശന്‍

വിചാരണ നേരിടുമ്പോഴും മന്ത്രി ശിവന്‍കുട്ടി രാജിവെയ്ക്കുന്നില്ലെങ്കില്‍ ജനപ്രതിനിധികള്‍ക്ക് കൊമ്പുണ്ടോയെന്ന് ജനങ്ങള്‍ ചോദിക്കും. ഏതെങ്കിലും സാധാരണക്കാരന്‍ നടത്തിയ അക്രമ കേസിലാണെങ്കില്‍ ഈ സംരംക്ഷണം ലഭിക്കുമോ. നിയമവ്യവസ്ഥയോട് സാധാരണക്കാരന് പുച്ഛം തോന്നുന്ന അവസ്ഥയുണ്ടാകരുത്. നാട്ടില്‍ രണ്ടുതരം നീതിയാണോയെന്നത് പ്രധാന ചോദ്യമാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

Keywords:  Opposition leaders demand V Sivankutty's resignation, Thiruvananthapuram, News, Politics, Supreme Court of India, Minister, Resignation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia