PSC Bribe | പി എസ് സി കൈക്കൂലി ആരോപണം: പാര്‍ടി കോടതി പോരെന്ന ഉറച്ച നിലപാടെടുത്ത് പ്രതിപക്ഷം; മുഖ്യമന്ത്രിയുടെ അഭിപ്രായം ഇങ്ങനെ; സഭയില്‍ നടന്നത് രൂക്ഷമായ വാക് പോര്

 
Opposition raised the PSC bribery allegation in the Assembly, Thiruvananthapuram, News, Assembly, PSC Bribe, Allegation, VD Satheesan, CM Pinarayi Vijayan, Probe, Politics, Kerala News
Opposition raised the PSC bribery allegation in the Assembly, Thiruvananthapuram, News, Assembly, PSC Bribe, Allegation, VD Satheesan, CM Pinarayi Vijayan, Probe, Politics, Kerala News


മാധ്യമ വാര്‍ത്തകള്‍ അല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ ഉണ്ടായതായി ഇതേവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി


അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയതെല്ലാം യുഡിഎഫ് ഭരണകാലത്താണെന്നും വിശദീകരണം

തിരുവനന്തപുരം: (KVARTHA) പി എസ് സി കൈക്കൂലി ആരോപണത്തില്‍ ചൊവ്വാഴ്ച നിയമസഭയില്‍ നടന്നത് ഭരണ പ്രതിപക്ഷ വാക് പോര്. പി എസ് സി അംഗത്വ നിയമനത്തിന് കോഴിക്കോട്ടെ സിപിഎം നേതാവ് കൈക്കൂലി വാങ്ങിയെന്ന പരാതി പ്രതിപക്ഷം സബ് മിഷനായി നിയമസഭയില്‍ ഉന്നയിച്ചതോടെയാണ് രൂക്ഷമായ വാക് പോരിന് കളമൊരുങ്ങിയത്. പി എസ് സി അംഗത്വം ലേലത്തില്‍ വെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.

 

പണം നല്‍കി ആ പോസ്റ്റില്‍ വന്ന് ഇരുന്നാല്‍ പിന്നെ പി എസ് സിക്ക് എന്ത് വിശ്വാസ്യതയാണ് ഉള്ളതെന്ന് ചോദിച്ച അദ്ദേഹം ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ ജോലിക്കായി പി എസ് സിയെ ആശ്രയിക്കുന്ന കാലത്ത്, ആ പി എസ് സിയിലെ അംഗങ്ങളാകുന്നവരെ ലേലത്തില്‍വെച്ച് കാശ് വാങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇത്  അപമാനകരമായ കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം ഇത് സിപിഎമിലെ ആഭ്യന്തര കാര്യമല്ലെന്നും പരിഹസിച്ചു.

 

അന്വേഷണത്തിന് പാര്‍ടി പൊലീസ് സ്റ്റേഷനും പാര്‍ടി കോടതിയും മാത്രം പോരാ മന്ത്രിയുടെ പേര് പറഞ്ഞ് പണം വാങ്ങി കബളിപ്പിച്ചു എന്ന് പരാതി ലഭിച്ചിട്ട് എന്തുകൊണ്ട് പരാതി പൊലീസിന് കൈമാറിയില്ല എന്നും ഇത് ക്രിമിനല്‍ കുറ്റമല്ലേ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.  ഗൗരവതരമായ കാര്യമായതുകൊണ്ടുതന്നെ ഇതില്‍ എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്ത് അടിയന്തരമായി അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് അഭ്യര്‍ഥിച്ചു.

ഇതിന് പി എസ് സിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പി എസ് സി അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന മാധ്യമ വാര്‍ത്തകള്‍ അല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ ഉണ്ടായതായി ഇതേവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 


മാത്രമല്ല, പി എസ് സി അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയതെല്ലാം യുഡിഎഫ് ഭരണകാലത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേവരെ എല്‍ഡിഎഫ് സര്‍കാര്‍ നിലവിലുള്ള പി എസ് സി അംഗത്വത്തില്‍ വര്‍ധന വരുത്തിയിട്ടില്ല. 2004ല്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അന്തരിച്ച കെ കരുണാകരന്‍, ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, വക്കം പുരുഷോത്തമന്‍ എന്നിവരുടെയെല്ലാം പേരുകള്‍ ഉയര്‍ന്നുവന്നിരുന്നുവെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്ന പരാതിയുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള ഗൗരവമായ അന്വേഷണവും നടത്താന്‍ സര്‍കാര്‍ സന്നദ്ധമാകുമെന്നും ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും അംഗീകരിച്ചുകൊടുക്കില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia