P Jayarajan | തോറ്റത് തോറ്റത് തന്നെ; പാര്‍ടി പാഠം പഠിച്ച് തിരിച്ചുവരണം, തിരുത്തല്‍ ശക്തിയായി പി ജയരാജന്‍
തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ എവിടെയെല്ലാം പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടോയെന്നും അത് സംബന്ധിച്ച് കൃത്യമായി പരിശോധിച്ച് പാഠം ഉള്‍ക്കൊള്ളണമെന്നും ആവശ്യം
സിപിഎമിന് വിജയവും പരാജയവും ഉണ്ടായിട്ടുണ്ട്
കണ്ണൂര്‍: (KVARTHA) പാര്‍ടിക്കേറ്റ ലോക് സഭാ തിരഞ്ഞെടുപ്പ് പരാജയം വിമര്‍ശനാത്മകമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജന്‍. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ എവിടെയെല്ലാം പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടോയെന്നും അത് സംബന്ധിച്ച് കൃത്യമായി പരിശോധിച്ച് പാഠം ഉള്‍ക്കൊള്ളണമെന്നും സിപിഎം സംസ്ഥാന കമിറ്റിയംഗം പി ജയരാജന്‍ പറഞ്ഞു. പി കെ കുഞ്ഞനന്തന്റെ ചരമവാര്‍ഷികാചരണം പാനൂരില്‍ ഉദ് ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമിന് വിജയവും പരാജയവും ഉണ്ടായിട്ടുണ്ട്. നാം ഉയര്‍ത്തിപ്പിടിച്ച് ശരിയായ നയങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. എപ്പോഴും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്ന പാഠം നാം ഉള്‍ക്കൊളളണം. ചരിത്രത്തെ ശരിയായി വിലയിരുത്തണം. അതില്‍ നിന്നും ഊര്‍ജം സംഭരിക്കണം. എവിടെയെല്ലാം പോരായ്മകള്‍ സംഭവിച്ചുവെന്നു കൃത്യമായി പരിശോധിച്ച് മുന്‍പോട്ട് പോകണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു.
ടിപി വധക്കേസില്‍ പ്രതിയായി ഗൂഢാലോചന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പികെ കുഞ്ഞനന്തന്റെ നാലാം ചരമവാര്‍ഷിക ദിനാചരണമാണ് പാനൂരിലെ പാറാട്ട് നടന്നത്. ശിക്ഷാ തടവുകാരനായിരിക്കെ ചികിത്സയ്ക്കിടെയാണ് പികെ കുഞ്ഞനന്തന്‍ മരിച്ചത്. ലോക് സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ടിക്കേറ്റ പരാജയത്തിന് കാരണം സംസ്ഥാന സര്‍കാരിനെതിരെയുളള ഭരണവിരുദ്ധ വികാരമല്ലെന്ന് മുഖ്യമന്ത്രിയും പാര്‍ടി സംസ്ഥാന സെക്രടറിയും ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് പാര്‍ടിക്ക് വീഴ്ചയുണ്ടായെന്ന് പി ജയരാജന്‍ തുറന്നു പറയുന്നത്.
ഇത് വരും ദിനങ്ങളില്‍ സിപിഎമില്‍ ചര്‍ചയായേക്കും. ലോക് സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിയെ തുടര്‍ന്ന് കേരളത്തില്‍ ബിജെപിക്ക് വോടുകൂടിയത് ആശങ്കാജനകമാണെന്ന് പി ജയരാജന്‍ പ്രതികരിച്ചിരുന്നു. ഇതിനുശേഷമാണ് പാര്‍ടിയുടെ തോല്‍വിയെപ്പറ്റി പരസ്യമായി പ്രതികരിച്ചുകൊണ്ട് ജയരാജന്‍ രംഗത്തുവന്നത്.