● ഇതുസംബന്ധിച്ച ഉത്തരവിറങ്ങി
● എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍പ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു
● നിലവില്‍ കേരള പൊലീസ് അക്കാഡമി ഡയറക്ടറാണ്
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ പുതിയ ഇന്റലിജന്‍സ് മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പി വിജയനെ നിയമിച്ചു. മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം.
എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍പ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് പി വിജയന്‍. ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിയുമായുള്ള യാത്രാവിവരങ്ങള്‍ പുറത്തായത് വിജയന്‍ വഴിയാണെന്നായിരുന്നു അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, എംആര്‍ അജിത് കുമാറിന്റെ കണ്ടെത്തല്‍ അന്വേഷണത്തില്‍ തള്ളിയിരുന്നു. തുടര്‍ന്ന് പി വിജയനെ സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു. ഇപ്പോള്‍ പൊലീസിന്റെ നിര്‍ണായക പദവിയിലെത്തുകയും ചെയ്തു. ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതോടെയാണ് ഇന്റലിജന്‍സ് വിഭാഗം മേധാവിയായിരുന്ന മനോജ് ഏബ്രഹാമിന് പകരം ചുമതല നല്‍കുന്നത്.
മനോജ് ഏബ്രഹാമിനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നെങ്കിലും പുതിയ ഇന്റലിജന്‍സ് വിഭാഗം മേധാവിയെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഇതുവരെ ഉത്തരവിറക്കിയിരുന്നില്ല. നിയമസഭ നടക്കുന്നതിനാല്‍ പകരം ഉദ്യോഗസ്ഥന്‍ വരാത്തതിനാല്‍ ക്രമസമാധന ചുമതല മനോജ് ഏബ്രഹാം ഏറ്റെടുത്തിരുന്നുമില്ല. എഡിജിപിമാരായ എസ് ശ്രീജിത്, പി വിജയന്‍, എച്ച് വെങ്കിടേഷ് എന്നിവരെയായായിരുന്നു പുതിയ ഇന്റലിജന്‍സ് മേധാവിയായി സര്‍ക്കാര്‍ പരിഗണിച്ചിരുന്നത്. ഒടുവില്‍ നറുക്ക് വീണത് പി വിജയനായിരുന്നു. ഇതുസംബന്ധിച്ച നിര്‍ണായക ഉത്തരവിറങ്ങി.
നിലവില്‍ കേരള പൊലീസ് അക്കാഡമി ഡയറക്ടറാണ് പി വിജയന്‍. എറണാകുളം റേഞ്ച് ഐ ജി എ അക്ബറിനെ പൊലീസ് അക്കാദഡമി ഡയറക്ടറായി നിയമിച്ചു. 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിജയന്‍ തീവ്രവാദ വിരുദ്ധ സേനയുടെ തലവനായിരുന്നു. ബുക്ക് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ചുമതലയും സ്റ്റുഡന്‍ഡ് കേഡറ്റ് ചുമതലയും വഹിച്ചിരുന്നു.
#KeralaPolice #IPS #IntelligenceChief #Appointment #Controversy #Kerala