Train | പാലരുവി എക്സ്പ്രസ് ഇനി തൂത്തുക്കുടി വരെ; അന്ത്യോദയ എക്സ്പ്രസിന് ആലുവയിൽ സ്റ്റോപ്പ്; ഉദ്‌ഘാടനം നിർവഹിച്ച് സുരേഷ് ഗോപി
പാലരുവി എക്സ്പ്രസിന് അധിക കോച്ചുകളും അനുവദിച്ചിട്ടുണ്ട്.
പാലക്കാട്: (KVARTHA) പാലരുവി എക്സ്പ്രസ് (16791/16792) തൂത്തുക്കുടി വരെ നീട്ടുന്നതിന്റെയും ഹൗറ-എറണാകുളം അന്ത്യോദയ എക്സ്പ്രസിന് (22877/22878) ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചതിന്റെയും ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. വ്യാഴാഴ്ച വൈകിട്ട് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് ചടങ്ങുകൾ നടന്നത്.
പാലക്കാട്-തിരുനെൽവേലി റൂട്ടിലോടുന്ന പാലരുവി എക്‌സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടിയത് യാത്രക്കാർക്ക് ഗുണകരമാവും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പാലരുവി എക്സ്പ്രസിന് മൂന്ന് ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകളും ഒരു സ്ലീപ്പർ ക്ലാസ് കോച്ചും അധികം അനുവദിച്ചിട്ടുണ്ട്. ഇതോടെ ട്രെയിനിൽ 18 കോച്ചുകളായി. ഏറെക്കാലമായി യാത്രക്കാർ ഉന്നയിച്ച ആവശ്യമായിരുന്നു ഇത്.
വലിയ ജനക്കൂട്ടമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ഡിവിഷണൽ റെയിൽവേ മാനേജർ അരുൺ കുമാർ ചതുർവേദി, അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർമാരായ എസ്. ജയകൃഷ്ണൻ, കെ. അനിൽ കുമാർ തുടങ്ങിയ ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.