റമസാന്‍ നല്കിയ വിശുദ്ധി ജീവിതമുടനീളം കാത്തുസൂക്ഷിക്കുക-തങ്ങള്‍
Aug 18, 2012, 20:00 IST
മലപ്പുറം: ഒരു മാസം നീണ്ട റമസാന്‍ വ്രതത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത വിശുദ്ധി ജീവിതമുടനീളം കാത്തുസൂക്ഷിക്കാന്‍ ഓരോ വിശ്വാസിയും സൂക്ഷ്മത പുലര്‍ത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
പ്രപഞ്ചനാഥനായ അല്ലാഹു നല്കിയ അനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്ന ആഘോഷമാണ് ഈദുല്‍ ഫിത്വര്‍.
അന്ത്യപ്രവാചകന് മുഹമ്മദ് നബി(സ)യിലൂടെ വിശുദ്ധഖുര്ആന് ലോകത്തിനു കൈമാറിയ മാനവിക ഏകതയുടെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശമാണ് ഈദുല്‍ ഫിത്വര്‍ നല്‍കുന്നത്.
ദാരിദ്ര്യമില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ഇസ്ലാമിന്റെ മഹിത ലക്ഷ്യങ്ങളുടെ പ്രതിജ്ഞാദിനം കൂടിയാണിത്.
സകാത്ത് എന്ന നിര്‍ബന്ധ ദാനം പോലെ, പെരുന്നാള്‍ ദിനത്തിലാരും പട്ടിണി കിടക്കാതിരിക്കാന്‍ ഫിത്വര്‍ സകാത്തും ബാധ്യതയാക്കിയിരിക്കുന്നു ഇസ്ലാം.
ഒരുമാസക്കാലമാണ് പകല്‍ മുഴുവന്‍ വിശപ്പും ദാഹവും സഹിച്ചും രാപകലില്ലാതെ ആരാധനയില്‍ മുഴുകിയും വിശ്വാസികള്‍ കഴിഞ്ഞു കൂടിയത്. ഭക്ഷണത്തിനും വെള്ളത്തിനും മോഹിച്ച് ലോകമെങ്ങും അലഞ്ഞു നടക്കുന്നവരുടെ വേദന സ്വയം അനുഭവിച്ചറിയാന്‍ കൂടി റമസാന്‍ ഇടയാക്കി.
മനുഷ്യബന്ധങ്ങളെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കുന്ന ദിനം കൂടിയാണ് ഈദുല്‍ ഫിത്വര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേവലം പ്രചാരണത്തിലൊതുങ്ങുന്ന ഒരു സേവനം എന്നതിലപ്പുറം വിശ്വാസിയുടെ ബാധ്യതകൂടിയാണെന്ന് റമസാനും പെരുന്നാളും ഓര്‍മിപ്പിക്കുന്നു.
രാഷ്ട്രീയ, മത, സാംസ്കാരിക ബാനറുകളില്‍ നിരവധി സംഘങ്ങള്‍ മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുവെന്നത് ഏറെ ആശ്വാസദായകമാണ്. ദരിദ്ര ജനങ്ങളുടെ താങ്ങാനാവാത്ത ചികിത്സാ ചെലവും വീട് നിര്‍മാണവും കുടിവെള്ളവും വിദ്യാഭ്യാസ , വിവാഹ ചെലവുകളുമെല്ലാം ബൃഹദ് പദ്ധതികളായി ഏറ്റെടുത്തു നടത്താന്‍ നാട്ടിലും മറുനാട്ടിലുമുള്ള മലയാളി സംഘടനകള്‍ കാണിക്കുന്ന പ്രയത്നങ്ങളും ചുമതലാ ബോധവും അഭിമാനകരവും ലോകത്തിനു തന്നെ മാതൃകയുമാണ്. ഇതെല്ലാം അല്ലാഹുവിന്റെ പക്കല്‍ സ്വീകാര്യ യോഗ്യമായ കര്‍മങ്ങളായി തീരാന്‍ ഈ സുദിനത്തില്‍ പ്രാര്‍ത്ഥിക്കുക.
മാനവ സമൂഹത്തിനു മാര്‍ഗദര്‍ശനം നല്കുന്ന വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസം എന്ന പരിശുദ്ധിയാണ് റമസാനിന്റെ ഏറ്റവും വലിയ പുണ്യം.
സ്രഷ്ടാവിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നും ഭക്തിയിലും സൂക്ഷ്മതയിലുമൊഴികെ ആര്‍ക്കും മറ്റൊരാളെക്കാള്‍ ഔന്നത്യമില്ലെന്നും പഠിപ്പിച്ചു തന്ന ഖുര്‍ആനിന്റെ മാസമാണ് റമസാന്‍.
ദൈവത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്ന ഖുര്‍ആന്‍ ബോധനമുള്ക്കൊള്ളാന് സമൂഹം സന്നദ്ധമായാല്‍ ധനത്തിന്റെയും അധികാരത്തിന്റെയും പേരിലുള്ള കിട മത്സരങ്ങളവസാനിക്കും. പകയും പ്രതികാരവും ആര്‍ത്തിയും ഇല്ലാതാകുമ്പോള്‍ ലോകത്ത് സമാധാനം സ്ഥാപിക്കപ്പെടും. യുദ്ധങ്ങളവസാനിക്കും. സംഘര്‍ഷങ്ങള്‍ നിലക്കും. മനുഷ്യര്‍ ജന്മനാടുപേക്ഷിച്ച് പലായനം ചെയ്യുന്ന ദുരവസ്ഥ ഇല്ലാതാകും. ഇതാണ് മുഹമ്മദ് നബി(സ)യിലൂടെ ഖുര്‍ആന്‍ മാനവസമൂഹത്തെ പഠിപ്പിച്ചത്.
മനുഷ്യ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും പുലര്‍ത്തിപ്പോരേണ്ട നീതിയും മര്യാദയും സൂക്ഷ്മതയും സംബന്ധിച്ച അറിവുകളുടെ മഹാസാഗരമായ വിശുദ്ധ ഖുര്‍ആന്‍ നല്‍കിയതിത് അല്ലാഹുവിനെ സ്തുതിക്കാനുള്ള ആഘോഷം കൂടിയാണ് ഈദുല്‍ ഫിത്വര്‍.
ജന്മനാട്ടില് നിര്‍ഭയരായി ജീവിക്കാന്‍ പോലും കഴിയാതെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട്, ഭക്ഷണവും വെള്ളവും തടയപ്പെട്ട് പലായണം ചെയ്യേണ്ടിവരുന്ന വിശ്വാസികളുടെ വേദന കൂടി കലര്‍ന്നതാണ് ഈ പെരുന്നാള്‍ ദിനം. അസമിലും മ്യാന്മാറിലുമുള്പ്പെടെ നടക്കുന്ന നരമേധങ്ങള്‍ മനുഷ്യ സ്നേഹികളെ ഭയപ്പെടുത്തുന്നതാണ്. മനുഷ്യര്‍ മനുഷ്യരെ വേട്ടയാടി കൊന്നൊടുക്കുന്ന ക്രൂരതകളാണരങ്ങേറുന്നത്.
ലോകത്തിന്റെ പലഭാഗത്തും യുദ്ധവും സംഘര്‍ഷവും നിറഞ്ഞു നില്ക്കുന്നു.
ലോകമെങ്ങും ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥനയും സഹായവുമായി കൂടെയുണ്ടാവാന്‍ പെരുന്നാള്‍ സന്തോഷത്തിനിടയിലും ശ്രദ്ധിക്കുക.
മതമൈത്രിക്കും മാനവസ്നേഹത്തിനും ജീവ കാരുണ്യത്തിനുമായി സമര്‍പ്പിക്കുമെന്നും പ്രതിജ്ഞ ചെയ്യുക.
അല്ലാഹുഅക്ബര്‍.... വലില്ലാഹില്‍ ഹംദ്
എല്ലാവര്ക്കും മനസ്സുനിറഞ്ഞ ഈദാശംസകള്‍ നേരുന്നതായി ഹൈദരലി തങ്ങളുടെ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
Keywords: Panakkad Hyder Ali Shihab Thangal, Kerala, Eid Message
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.