സംസ്ഥാനത്ത് പാന്‍മസാല മാഫിയ വേരുപിടിക്കുന്നു

 


സംസ്ഥാനത്ത് പാന്‍മസാല മാഫിയ വേരുപിടിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പാന്‍മസാല ഉല്‍പന്നങ്ങളുടെ കള്ളക്കടത്തിന് വന്‍സന്നാഹങ്ങള്‍ രൂപപ്പെട്ടതായി പോലീസ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി. ചാരായ നിരോധനത്തിന് പിന്നാലെ കേരളത്തിലെ സാമൂഹ്യ വിപത്തായി മാറിയ വ്യാജ ചാരായ മാഫിയയെ ഓര്‍മിപ്പിക്കുന്ന തരത്തിലാകും പാന്‍മസാല മാഫിയയും കേരളത്തില്‍ പിടിമുറക്കുമെന്നാണ് പൊതുവിലയിരുത്തല്‍.


നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങള്‍ കൊറിയര്‍ സര്‍വീസ് വഴി വ്യാപാരികള്‍ക്ക് എത്തിക്കുന്നതായി സര്‍ക്കാറിന് ഇതിനകം വിവരം കിട്ടിയിട്ടുണ്ട്. അന്തര്‍സംസ്ഥാന റൂട്ടുകളിലോടുന്ന ബസ്സുകളിലൂടെയും, ട്രൈയിനുകളിലൂടെയും പാന്‍മസാല കള്ളകടത്തുകള്‍ നടത്തുന്നതായാണ് സൂചന. സംസ്ഥാനത്ത് നിരോധനം നിലവില്‍ വന്നതിനുശേഷം അനധികൃതമായി സൂക്ഷിച്ച 16 ടണ്‍ പുകയില ഉല്‍പ്പന്നങ്ങളാണ് ഇതുവരെ പിടിച്ചെടുത്തത്. അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗോഡൗണുകളില്‍ ആയിരക്കണക്കിന് ടണ്‍ പുകയില ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചുവെച്ചിട്ടുണ്ട്.


പാന്‍മസാല ഉല്‍പ്പനങ്ങള്‍ നിര്‍മ്മിക്കുന്ന ഉത്തരേന്ത്യന്‍ മുതലാളിമാരുടെ പ്രതിനിധികള്‍ നിരോധനത്തിനുശേഷം ഒന്നിലേറെത്തവണ കേരളത്തിലെത്തി സംസ്ഥാനത്തെ മൊത്തവിതരണക്കാരുമായി രഹസ്യചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് കള്ളകടത്ത് ശക്തമാക്കാന്‍ പാന്‍മസാല മാഫിയ തീരുമാനിച്ചത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയും തൊഴില്‍ രഹിതരെയും സ്ത്രീകളെയും രംഗത്തിറക്കിയുള്ള അനധികൃത വില്‍പ്പനയ്ക്കാണ് മാഫിയയുടെ നീക്കം.


സ്‌കൂള്‍ പരിസരങ്ങളായിരുന്നു പാന്‍മസാലയുടെ മുഖ്യ വിപണന കേന്ദ്രം. ഇത് എന്തുവിലകൊടുത്തും നിലനിര്‍ത്തണമെന്നും പാന്‍മസാല കമ്പനി ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് വിദ്യാര്‍ത്ഥികളെപോലും ദുരുപയോഗപ്പെടുത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.


അതിനിടെ നിരോധിച്ച പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. റവന്യൂ, പോലീസ്, ഭക്ഷ്യ സുരക്ഷാവകുപ്പുകള്‍ അടങ്ങിയ സംയുക്ത സംഘമായിരിക്കും ഇത്. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ പുതിയ സ്‌ക്വാഡ് രൂപവല്‍ക്കരിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.


മദ്ധ്യപ്രദേശിലും, ബീഹാറിലും പുകയില ഉല്‍പ്പന്ന നിരോധനം നിലവിലുണ്ട്. മഹാരാഷ്ട്രയും, ആന്ധ്രപ്രദേശും ഉടന്‍ നടപ്പില്‍വരുത്തും. എന്നാല്‍ കേരളത്തിലെ നിരോധനത്തിന്റെ സാധുത ചോദ്യംചെയ്തുകൊണ്ട് ഏഴ് കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിന്മേലുള്ള വിധി വന്നതിനുശേഷമായിരിക്കും കൂടുതല്‍ തുടര്‍ നടപടികള്‍ എടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്.


Keywords:  Thiruvananthapuram, Pan masala mafia, Pan masala, School location 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia