ലൈംഗീക ചൂഷണത്തിനെതിരെ രക്ഷിതാക്കളുടെ സംഘടന

 


ലൈംഗീക ചൂഷണത്തിനെതിരെ രക്ഷിതാക്കളുടെ സംഘടന
കാസര്‍കോട്: കേരളത്തില്‍ സ്‌കൂളുകള്‍ക്കകത്തും പുറത്തും വര്‍ധിച്ചുവരുന്ന ലൈംഗീക ചൂഷത്തിനെതിരെ രക്ഷിതാക്കളുടെ സംഘടന രംഗത്ത്. അടുത്തിടെയായി സ്‌കൂളുകളില്‍ കുട്ടികളുടെ നേരെ നടക്കുന്ന ലൈംഗീക അരാജകത്വം ഇല്ലായ്മ ചെയ്യാനാണ് സംഘടന ലക്ഷ്യമിട്ടിട്ടുള്ളത്. അധ്യാപകരുടെയും അല്ലാത്തവരുടെയും നിരന്തരമായ ലൈംഗീക ചൂഷണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളുടെ സംഘടന ഏറെ പ്രയോജനകരമാണെന്ന് പൊതുവെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ ക്ലാസുകള്‍ വെച്ചും വീടുകളില്‍ ട്യൂഷന്‍ എടുത്തും ജോലിചെയ്യുന്ന അധ്യാപകര്‍ കുട്ടികളെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി പത്രമാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

തുടക്കത്തില്‍ കുട്ടികള്‍ക്കാവശ്യമായ മധുരപലഹാരങ്ങളും പുതുവസ്ത്രങ്ങളും വിലകൂടിയ പെര്‍ഫ്യൂമുകളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും നല്‍കിയാണ് കുട്ടികളെ അനാശാസ്യത്തിനായി വശത്താക്കുന്നത്. കുട്ടികള്‍ക്ക് ആവശ്യമുള്ളതും ഇഷ്ടമുള്ളതുമായ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്നതിനാല്‍ മിക്കകുട്ടികളും കാര്യങ്ങള്‍ പുറത്തുപറയുന്നില്ലെന്നത് ഇക്കൂട്ടര്‍ക്ക് അനുഗ്രഹമാകുന്നു.
സ്‌കൂള്‍ വിട്ടുകഴിഞ്ഞാലും ചില അധ്യാപകര്‍ പ്രത്യേക ക്ലാസുകള്‍ വെയ്ക്കുന്നതും ലൈംഗീക ചൂഷണം ലാക്കാക്കിയാണെന്ന് സംഘടന കണ്ടെത്തിയിട്ടുണ്ട്. ലൈംഗീക കാര്യങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന കുട്ടികളെ തോല്‍പ്പിക്കുമെന്നും വീട്ടില്‍ പറഞ്ഞാല്‍ സ്‌കൂളില്‍ നിന്നും പുറത്താക്കുമെന്നും ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന അധ്യാപകര്‍ ഭീഷണിപ്പെടുത്താറുണ്ട്. അതേ സമയം പാഠഭാഗങ്ങള്‍ യഥാക്രമം തീര്‍ക്കാനാകാതെ സ്‌പെഷ്യല്‍ ക്ലാസുകള്‍ നടത്തുന്നതിന് മാതൃകാധ്യാപകര്‍ക്ക് ഇത്തരം സംഭവങ്ങള്‍ പ്രശ്‌നത്തിനിടയാക്കുന്നുണ്ട്.

കേരളത്തില്‍ സ്‌കൂള്‍ കുട്ടികളുടെ ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപടാനും നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമാണ് സംഘടന രൂപം കൊണ്ടിട്ടുള്ളത്. കേരള പേരന്റ്‌സ് അസോസിയേഷന്‍ എന്ന പേരിലുള്ള സംഘടന മലപ്പുറം ജില്ലയിലെ തിരൂരിലാണ് രൂപം കൊണ്ടത്. അധ്യാപകരെ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുക, സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിക്കുക. സ്‌കൂള്‍ വിനോദ യാത്രകളില്‍ രക്ഷിതാക്കളെയും ഉള്‍പ്പെടുത്തുക, കുറ്റവാളികളായ അധ്യാപകരെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് സംഘടന രംഗത്തിറങ്ങുക.

ബോഡിംഗ് സ്‌കൂളുകളിലും, ഹോസ്റ്റലുകളിലും ലൈംഗീക അതിക്രമങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നുണ്ട്. സീനിയറായ കുട്ടികള്‍ ജൂനിയറായ കുട്ടികളെ നഗ്നചിത്രങ്ങളും വീഡിയോ ചിത്രങ്ങളും കാട്ടി ലൈംഗീക കാര്യത്തിന് പ്രചോദിപ്പിക്കുന്ന സംഭവങ്ങളും കുറവല്ല. ഇത്തരത്തില്‍ സീനിയറായ കുട്ടികളില്‍ നിന്നും പുതുതായി പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് മാനസിക ശാരീരിക പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ചില ഹോസ്റ്റലുകളിലെ ഒറ്റമുറികളില്‍ രണ്ടും നാലും കുട്ടികള്‍ക്ക് കട്ടിലുകളിട്ട് പ്രവേശനം നല്‍കുന്നുണ്ട്. ഇങ്ങനെയുള്ള ഹോസ്റ്റലുകളില്‍ പ്രകൃതി വിരുദ്ധകാര്യങ്ങള്‍ക്കും. ലൈംഗീകാവശ്യങ്ങള്‍ക്കുമായി കുട്ടികളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ചെറുത്തു നില്‍ക്കുന്ന കുട്ടികള്‍ക്ക് ഏറെ ശാരീരിക പീഢനങ്ങളാണ് സഹിക്കേണ്ടിവരുന്നത്. ഇത്തരം കുട്ടികളെ മുറിയില്‍ തനിച്ചാക്കി പുറത്തു നിന്നും കതകടച്ച് മുറിയിലേക്ക് പടക്കങ്ങള്‍ എറിഞ്ഞും മറ്റും ശല്യപ്പെടുത്താറുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഓരോവിദ്യാലയങ്ങളിലും പ്രത്യേകമായ സുരക്ഷാ സംവിധാനങ്ങളും കൗണ്‍സിലിംഗുകളും നടത്തേണ്ടത് അത്യാവശ്യമായിട്ടുണ്ട്. നിലവില്‍ ചില സ്‌കൂളുകളിലെല്ലാം ഇതിനായി ഹെല്‍പ് ഡെസ്‌കുകളുണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനങ്ങളൊന്നും തന്നെ കാര്യക്ഷമമല്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.

-അലീഷമോള്‍


Keywords: Kerala, Students, sexual abuse, parents-union
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia