പരീക്ഷയും വിദ്യാര്‍ഥികളും: കുട്ടികളുടെ സമ്മര്‍ദം ലഘൂകരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

 



കൊച്ചി: (www.kvartha.com 22.03.2022) പരീക്ഷ അടുക്കുമ്പോള്‍ കുട്ടികളിലുണ്ടാകുന്ന സ്‌ട്രെസ് വളരെ വലുതാണ്. ഈ സ്ട്രെസിന്റെ ഭാഗമായി ടെന്‍ഷന്‍, ഉറക്കമില്ലായ്മ, തലവേദന, വയറുവേദന, ഭക്ഷണത്തോടുള്ള വിരക്തി, ഭാവിയെക്കുറിച്ചുള്ള ആധി ഇതൊക്കെ കുട്ടികളില്‍ കണ്ടുവരുന്നുണ്ട്. മാതാപിതാക്കള്‍ ഒന്ന് മനസിലാക്കി ശ്രദ്ധിച്ചാല്‍ ഇത് എളുപ്പത്തില്‍ മറി കടക്കാനാകും കുട്ടികള്‍ക്ക്. 

ഇതു തിരിച്ചറിയുക എന്നതാണ് മാതാപിതാക്കളെന്ന നിലക്ക് ആദ്യം ചെയ്യാനുള്ളത്. ഇത്തരം അവസ്ഥകളില്‍ കുട്ടികള്‍ക്ക് ആരോടെങ്കിലും സംസാരിക്കാന്‍ അവസരമുണ്ടായാല്‍ അതാണ് സഹായകമാകുക. നിങ്ങളുടെ മക്കളുടെ ടീചര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍ അങ്ങനെ ആരോടെങ്കിലും മക്കള്‍ നേരിടുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് മാതാപിതാക്കള്‍ക്ക് സംസാരിക്കാം.    

കുട്ടികളുടെ പരീക്ഷാ സമ്മര്‍ദം ലഘൂകരിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. പരീക്ഷയുടെ കാര്യം പറഞ്ഞ് കുട്ടികളില്‍ അധിക സമ്മര്‍ദം ചെലുത്താതിരിക്കുക. ഇത് വീട്ടിലെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഈ സമയങ്ങളിലെ അഥിതികളുടെ വരവ്, സല്‍ക്കാരങ്ങള്‍, വീടിന്റെ അറ്റകുറ്റപണി തുടങ്ങിയവ കഴിയുന്നതാണെങ്കില്‍ മാറ്റിവയ്ക്കുക. പഠിക്കാനായി ചെറിയ സഹായങ്ങള്‍ ചെയ്ത് കൊടുക്കുക. അന്തരീക്ഷം ഒരുക്കിക്കൊടുക്കുക. 

ഉല്‍കണ്ഠ, അസ്വസ്ഥത, ടെഷന്‍, ഉറക്കമില്ലായ്മ, ഭക്ഷണത്തോടുള്ള വിരക്തി, ഒറ്റക്കിരിക്കല്‍, ക്ഷീണം, വയറുവേദന, തലവേദന തുടങ്ങിയ കുട്ടികളിലുണ്ടാകുന്ന പരീക്ഷാ കാലത്തെ മാറ്റം ശ്രദ്ധിക്കുകയും അവയ്ക്ക് പരിഹാരം കാണുകയും വേണം.

ടെന്‍ഷന്‍ സാധാരണമാണെന്നും അത് പോസിറ്റീവായി ഉപയോഗിക്കുന്നതിലാണ് കാര്യമെന്നും പറഞ്ഞു കൊടുക്കണം. പഠന ഷെഡ്യൂള്‍ ഉണ്ടാക്കാന്‍ മാതാപിതാക്കള്‍ക്കും സഹായിക്കാം. നേരത്തെ തന്നെ അത് തയാറാക്കുക. എങ്കില്‍ അവസാന നിമിഷ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. ഏറ്റവും പ്രധാനപ്പെട്ടത് കുട്ടികളെ കേള്‍ക്കുക എന്നതാണ്. അവരുടെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ചെവി കൊടുക്കുകയും രക്ഷിതാവ് കൂടെയുണ്ടെന്നുമുള്ള ഉറപ്പ് ഉണ്ടാക്കിയെടുക്കുകയും ചെയ്യുക.

പരീക്ഷ അടുക്കുമ്പോള്‍ മക്കള്‍ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ടെന്‍ഷന്‍ കാരണം അവര്‍ ഭക്ഷണം വേണ്ടെന്ന് വക്കുന്നില്ലെന്നും ആവശ്യമായ ഊര്‍ജവും മറ്റും ലഭിക്കുന്നവ കഴിക്കുന്നുണ്ടെന്നും ശ്രദ്ധിക്കണം. പരീക്ഷയോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ വളരെ ലളിതമായ ഭക്ഷണങ്ങള്‍ കൊടുക്കുക.

പഠനത്തിനും മറ്റു ആക്ടിവിറ്റികള്‍ക്കും ശേഷം ശരിയായ ഉറക്കം ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക. നല്ല ഉറക്കം കുട്ടികളില്‍ ഏകാഗ്രതയും ചിന്താശേഷിയും വര്‍ധിപ്പിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എട്ട് മുതല്‍ 10 മണിക്കൂര്‍ വരെ അവര്‍ നിര്‍ബന്ധമായും ഉറങ്ങണം.

കൂടാതെ ചെറിയ തോതിലുള്ള വ്യായാമം ചെയ്യിക്കുന്നതും നല്ലതാണ്. നടത്തം, സൈക്ലിങ്, നീന്തല്‍, ഡാന്‍സിങ് എന്നിവയൊക്കെ നല്ലതാണ്. ഉറക്കത്തിന് തൊട്ടുമുന്‍പുള്ള സമയം അവര്‍ക്കിഷ്ടമുള്ളത് ചെയ്യാന്‍ വിടുക. എന്നാല്‍, മൊബൈലില്‍ അധികനേരം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. രാത്രി ഉറങ്ങാന്‍ കിടന്നിട്ട് ഫോണില്‍ നോക്കിയിരുന്ന് പഠനത്തിനായി ഇരിക്കുമ്പോള്‍ ക്ഷീണം തോന്നുന്ന കുട്ടികളുണ്ട്.  

സോഷ്യല്‍ മീഡിയ ഉപയോഗം പരമാവധി കുറക്കുക. ഗെയിമിങ് ആപ്പുകളും പരീക്ഷാ സമയത്ത് നിയന്ത്രിക്കാം. പഠനത്തിനിടയ്ക്ക് വിശ്രമിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ പരതുന്ന കുട്ടികള്‍ സമയത്തെക്കുറിച്ച് ധാരണയില്ലാതെ പോകുന്നു. പഠനം മിക്കതും ഓണ്‍ലൈനായ ഇക്കാലത്ത് ദിവസത്തിന്റെ ഭൂരിഭാഗം സമയം സ്‌ക്രീനിന് മുന്നില്‍ കുട്ടികള്‍ ചിലവഴിക്കേണ്ടി വരുന്നുണ്ട്.

പരീക്ഷയും വിദ്യാര്‍ഥികളും: കുട്ടികളുടെ സമ്മര്‍ദം ലഘൂകരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്


പഠിക്കുമ്പോള്‍ അവര്‍ക്കുവേണ്ട അന്തരീക്ഷമൊരുക്കുന്നത് പോലെ പ്രധാനമാണ് വീട്ടിലെ മറ്റു കാര്യങ്ങളില്‍ മാതാപിതാക്കള്‍ കാണിക്കേണ്ട ശ്രദ്ധ. മാതാപിതാക്കള്‍ പരസ്പരം വഴക്കിടാതിരിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല, ശാന്തരായിരിക്കുക. കുട്ടികളെക്കുറിച്ചാലോചിച്ച് ഉല്‍കണ്ഠയുണ്ടെങ്കില്‍ അത് അവരുടെ മുന്നില്‍ കാണിക്കാതിരിക്കുക. ടീചര്‍മാരുമായോ സ്‌കൂള്‍ കൗണ്‍സിലര്‍മാരുമായോ സംസാരിക്കാം.

പരീക്ഷയില്‍ വിജയിക്കുമ്പോള്‍ അഭിനന്ദിക്കാന്‍ മറക്കരുത്. ചെറിയ സമ്മാനങ്ങള്‍ കുട്ടികള്‍ക്ക് നല്‍ക്കാം. വളരെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ഒഴിവാക്കുക. പരാജയം ഒന്നിന്റെയും അവസാനമല്ലെന്ന് പറഞ്ഞുകൊടുക്കുക. പരാജയങ്ങളെ അംഗീകരിക്കാനും മുന്നോട്ടു പോകാനും പഠിപ്പിച്ചു കൊടുക്കുക.

പഠനത്തിന്റെ ഇടനേരങ്ങളില്‍ കുട്ടികളെ പുറത്തു കൊണ്ടുപോകുക. ഉത്കണ്ഠ അകറ്റി അവര്‍ റിലാക്സ് ആവട്ടെ. അതേസമയം, പരീക്ഷയ്ക്കുശേഷം അമിത ഉല്‍കണ്ഠ കാണിക്കുകയാണെങ്കില്‍ വിദഗ്ധ സഹായം തേടാനും മടിക്കരുത്.

Keywords:  News, Kerala, State, Kochi, Exam-Fear, Examination, Students, Parents, Parents need to know take care of their children's exam stress
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia