പാര്‍ടി കോണ്‍ഗ്രസ് ദേശീയ സെമിനാര്‍: കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രടറി എംവി ജയരാജന്‍
Apr 4, 2022, 11:28 IST
കണ്ണൂര്‍: (www.kvartha.com 04.04.2022) സി പി എം പാര്‍ടി കോണ്‍ഗ്രസിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം അതിരൂക്ഷമാകുന്നു. പാര്‍ടി ഹൈകമാന്‍ഡിനോട് ഇടഞ്ഞു നില്‍ക്കുന്ന രണ്ടു നേതാക്കള്‍ ഒന്‍പതിന് പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂരില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കുമെന്ന വ്യക്തമായ സുചനയാണ് സിപിഎം നല്‍കുന്നത്.
എ ഐ സി സി - കെ പി സി സി നേതൃത്വങ്ങള്‍ വിലക്കിയ സെമിനാറില്‍ പങ്കെടുത്താല്‍ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും കെവി തോമസും പാര്‍ടി അച്ചടക്ക നടപടി നേരിടേണ്ടിവരും. ഇതില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശശി തരൂരിനോട് സിപിഎം സെമിനാറില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന് പാര്‍ടി അധ്യക്ഷ സോണിയാ ഗാന്ധി തന്നെ നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ കെ വി തോമസിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇതു സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് കെവി തോമസ് പറയുന്നത്.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സി പി എം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായിട്ടുള്ള ദേശീയ സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് ഇരുവര്‍ക്കും ക്ഷണം ലഭിച്ചത്.
എന്നാല്‍ പാര്‍ടിയില്‍ നിന്നും പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ വിഷയത്തില്‍ ഇടപെടുകയും ഉന്നത നേതാക്കള്‍ സി പി എം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ അണികള്‍ക്ക് പ്രതിഷേധമുണ്ടെന്ന് എ ഐ സി സിയെ അറിയിക്കുകയുമായിരുന്നു.
സി പി എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന അക്രമം കണ്ണൂരില്‍ തുടരുകയാണെന്നും ഇതവസാനിപ്പിക്കാന്‍ തയ്യാറാകാത്ത പാര്‍ടി നിലപാടില്‍ പ്രതിഷേധിച്ചാണ് ദേശീയ സെമിനാര്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു സുധാകരന്റെ നിലപാട്. പാര്‍ടി നിര്‍ദേശം ലംഘിച്ചാല്‍ എത്ര വലിയ നേതാവായാലും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.