Found Dead | പത്തനാപുരത്ത് മകന്റെ വാഹനം ജപ്തി ചെയ്തതിന് പിന്നാലെ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

 


കൊല്ലം: (www.kvartha.com) പത്തനാപുരത്ത് മകന്റെ വാഹനം ജപ്തി ചെയ്തതിന് പിന്നാലെ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തലവൂര്‍ അരിങ്ങട പ്ലാങ്കാല വീട്ടില്‍ കുഞ്ഞപ്പന്‍ (60) ആണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. മകന്റെ വാഹനം ജപ്തി ചെയ്തതില്‍ മനംനൊന്തുള്ള ആത്മഹത്യയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ശനിയാഴ്ച (12.08.2023) ഉച്ചയ്ക്ക് 12ന് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ കുഞ്ഞപ്പനെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ട് 5ന് മരിച്ചു. മരണത്തിന് പിന്നിലെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും ടൂറിസ്റ്റ് ബസ് ഉടമകളും രംഗത്തെത്തി. ധനകാര്യ സ്ഥാപനത്തില്‍ നിന്നുണ്ടായ പീഡനങ്ങളാണ് മരണത്തിലേക്ക് എത്തിച്ചതെന്ന് ഇവര്‍ പറയുന്നു. സംഭവത്തില്‍ എസ്പിക്ക് പരാതി നല്‍കുമെന്ന് കുഞ്ഞപ്പന്റെ മകന്‍ ലിനു പറഞ്ഞു. ഭാര്യ: ലിസി. മകള്‍: ലിന്‍സി.

ബന്ധുക്കള്‍ പറയുന്നത്: ഒരു ധനകാര്യ സ്ഥാപനത്തിന്റെ പുനലൂര്‍ ശാഖയില്‍നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ മകന്‍ ലിനുവിന്റെ ട്രാവലര്‍ ബുധനാഴ്ച പൊലീസിന്റെ സാന്നിധ്യത്തിലെത്തിയ പണമിടപാടു സ്ഥാപനത്തില്‍ നിന്നുള്ള സംഘം ജപ്തി ചെയ്തിരുന്നു.

ട്രാവലര്‍ വാന്‍ വാങ്ങാന്‍ സ്ഥാപനത്തില്‍ നിന്ന് 11 ലക്ഷം രൂപയാണ് ലിനു വായ്പയെടുത്തത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നുള്ള ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഭാഗമായി 5 ലക്ഷം രൂപ അടയ്ക്കാന്‍ സ്ഥാപനവുമായി ധാരണയിലെത്തി. ഇതില്‍ 4.75 ലക്ഷം രൂപ അടച്ചു. ബാക്കി 25000 രൂപ അടയ്ക്കാന്‍ അടുത്ത മാസം ചെന്നെങ്കിലും പണം സ്വീകരിച്ചില്ല. 

25000 രൂപയ്ക്ക് പകരം ബാങ്ക് പറയുന്ന അധികത്തുക അടയ്ക്കാന്‍ തയാറാണെന്നും ഓഗസ്റ്റ് 15 വരെ അവധി വേണമെന്നും പിന്നീട് സ്ഥാപനത്തെ അറിയിച്ചിരുന്നു. ഈ തുകയ്‌ക്കൊപ്പം, വ്യക്തി വായ്പയായി എടുത്ത രണ്ട് ലക്ഷം രൂപയും ചേര്‍ത്ത് 4 ലക്ഷം രൂപ അടയ്ക്കാമെന്നായിരുന്നു ലിനു നല്‍കിയ ഉറപ്പ്. 

കഴിഞ്ഞ ഒന്‍പതിന് വൈകിട്ട് പൊലീസ് സാന്നിധ്യത്തില്‍ വീട്ടിലെത്തിയ സ്ഥാപനത്തിലെ പ്രതിനിധി സംഘം വീട്ടുമുറ്റത്ത് കിടന്ന ട്രാവലര്‍ നിര്‍ബന്ധപൂര്‍വം കൊണ്ടു പോയി. പണം അടയ്ക്കാമെന്നും വാഹനം കൊണ്ടുപോകരുതെന്നും കുഞ്ഞപ്പന്‍ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. വാഹനം ജപ്തി ചെയ്യുന്നത് കണ്ടു ലിനു നിലവിളിച്ചതോടെ നിശബ്ദനായ കുഞ്ഞപ്പന്‍ പിന്നീട് ആരോടും മിണ്ടിയില്ല. വാഹനം കൊണ്ടുപോകുമ്പോള്‍ 'ഇതിനു നിങ്ങള്‍ സമാധാനം പറയേണ്ടി വരും' എന്ന് പറഞ്ഞു. താക്കോല്‍ കൊടുക്കില്ലെന്ന് പറഞ്ഞെങ്കിലും പൊലീസ് ഭീഷണിപ്പെടുത്തി താക്കോല്‍ എടുപ്പിക്കുകയായിരുന്നു.

Found Dead | പത്തനാപുരത്ത് മകന്റെ വാഹനം ജപ്തി ചെയ്തതിന് പിന്നാലെ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി


Keywords: News, Kerala, Kerala-News, Local-News, Regional-News, Pathanapuram, Found Dead, Vehicle, Householder, Kollam, Pathanapuram: Distraught over the attaching of son's vehicle, householder found dead.


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia