Joined | ഒടുവില്‍ സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ പിബി അനിത കോഴിക്കോട് മെഡികല്‍ കോളജില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചു

 


കോഴിക്കോട്: (KVARTHA) ഏറെ വിവാദങ്ങള്‍ക്ക് ശേഷം സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ പിബി അനിത കോഴിക്കോട് മെഡികല്‍ കോളജില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചു. രാവിലെ പത്തരയോടെ മെഡികല്‍ കോളജിലെത്തിയ അനിത അഡ്മിനിസ്‌ട്രേറ്ററെ കണ്ടതിന് ശേഷമാണ് ജോലിയില്‍ പ്രവേശിച്ചത്.

കോഴിക്കോട് തന്നെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാനുള്ള സര്‍കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് അനിത മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് അനുകൂലമായ ഹൈകോടതി വിധിക്കെതിരെ സര്‍കാര്‍ റിവ്യു ഹര്‍ജി നല്‍കുന്നതില്‍ വിഷമമുണ്ടെന്ന് പറഞ്ഞ അനിത റിവ്യു ഹര്‍ജി നല്‍കിയാലും കോടതിയില്‍ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി. ഹൈകോടതിയില്‍ കൊടുത്ത സര്‍കാറിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി പിന്‍വലിക്കില്ലെന്നും അവര്‍ അറിയിച്ചു.

Joined | ഒടുവില്‍ സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ പിബി അനിത കോഴിക്കോട് മെഡികല്‍ കോളജില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചു

ജോലിയില്‍ തിരികെ പ്രവേശിച്ചാലും ഭരണാനുകൂല സംഘടനകളില്‍ നിന്ന് പ്രതികാര നടപടികള്‍ ഉണ്ടാകുമെന്ന് ആശങ്കയുണ്ട്. അതിജീവിതയുടെ കാര്യത്തില്‍ തന്റെ കര്‍ത്തവ്യമാണ് ചെയ്തതെന്നും സര്‍കാര്‍ നീതിയുടെ കൂടെ നില്‍ക്കണമെന്നും അനിത ആവശ്യപ്പെട്ടു.

ഐ സി യു വില്‍ ചികിത്സയിലിരിക്കെ രോഗി പീഡനത്തിനിരയായ സംഭവത്തില്‍ അതിജീവിതക്കൊപ്പം നിന്നുവെന്ന കാരണത്താലുള്ള പ്രതികാര നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഹൈകോടതിയില്‍ നിന്നും അനുകൂല നടപടി ഉണ്ടായിട്ടും ജോലിയില്‍ തിരികെ എടുക്കാന്‍ സാര്‍കാര്‍ തയാറായിരുന്നില്ല.

മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുക്കുകയും വിവിധ രാഷ്ട്രീയ പാര്‍ടികള്‍ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് അനിതയെ കോഴിക്കോട് തന്നെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍കാര്‍ തീരുമാനിച്ചത്. അനിശ്ചിത കാലസമരത്തിന് ലഭിച്ച ജനകീയ പിന്തുണക്ക് പിന്നാലെ തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം വിഷയം രാഷ്ട്രീയ ആയുധമാക്കുക കൂടി ചെയ്തതോടെ വെട്ടിലായ സര്‍കാര്‍ ഒടുവില്‍ നിലപാട് മയപ്പെടുത്തുകയായിരുന്നു.

മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിയേണ്ടി വന്നതിനാല്‍ ഉപാധികളോടെയാണ് നിയമനം. കേസ് കോടതിയിലായതിനാല്‍ വിധിതീര്‍പ്പിന് അനുസരിച്ചാകും അന്തിമ തീരുമാനമെന്ന വ്യവസ്ഥയാണ് ഉത്തരവില്‍ ഉള്‍പെടുത്തുക. തിരക്കിട്ട കൂടിയാലോചകള്‍ക്കു ശേഷമാണ് സര്‍കാര്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം എടുത്തത്. രാത്രി വൈകി ഇതുസംബന്ധിച്ച് ഉത്തരവിറങ്ങി. തീരുമാനം വൈകിയത് നടപടിക്രമങ്ങള്‍ മൂലമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

ഐ സി യുവില്‍ രോഗി പീഡനത്തിരയായ സംഭവത്തില്‍ വീഴ്ച പറ്റിയെന്ന അന്വേഷണ കമീഷന്റെ റിപോര്‍ട് ചൂണ്ടിക്കാട്ടിയായിരുന്നു അനിതക്കെതിരായ നടപടി. എന്നാല്‍, അനിതയെ തിരികെ കോഴിക്കോട് മെഡികല്‍ കോളജില്‍ തന്നെ പ്രവേശിപ്പിക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചെങ്കിലും ആരോഗ്യവകുപ്പ് തയാറായില്ല. കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നായിരുന്നു അനിത മെഡികല്‍ കോളജില്‍ ആരോഗ്യ വകുപ്പിനെതിരെ സമരം ആരംഭിച്ചത്. ആറു ദിവസം നീണ്ട സമരത്തില്‍ അതിജീവിതയും പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശനും പിന്തുണയുമായെത്തി.

Keywords: PB Anitha Joined Kozhikode Medical College, Kozhikode, News, PB Anitha, Joined, Kozhikode, Medical College, Protest, High Court, Petition, Controversy, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia