LDF Govt | പിസി ജോര്‍ജിന് രണ്ടാമത്തെ കേസിലും ജാമ്യം; ഇടത് സർകാർ എന്തിനിങ്ങനെ തോല്‍വി ചോദിച്ചു വാങ്ങുന്നു?

 


/ അരുൺ പി സുധാകർ

തിരുവനന്തപുരം: (www.kvartha.com) പൊലീസിനെ നിയന്ത്രിക്കാന്‍ പി ശശിയെ പൊളിറ്റികല്‍ സെക്രടറിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് തെറ്റുപറ്റിയെന്ന് ഇടതു മുന്നണിയില്‍ മുറുമുറുപ്പ്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ പി സി ജോര്‍ജിനെ രണ്ട് തവണ അറസ്റ്റ് ചെയ്തിട്ടും അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും സര്‍കാരും പ്രോസിക്യൂഷനും കോടതിയില്‍ തലതാഴ്‌ത്തേണ്ടി വരുകയും ചെയ്തത് വലിയ നാണക്കേടായെന്ന് സിപിഎമില്‍ തന്നെ ചിലര്‍ക്ക് അഭിപ്രായമുണ്ട്, അവരത് തുറന്ന് പറയുന്നില്ലെന്ന് മാത്രം.
        
LDF Govt | പിസി ജോര്‍ജിന് രണ്ടാമത്തെ കേസിലും ജാമ്യം; ഇടത് സർകാർ എന്തിനിങ്ങനെ തോല്‍വി ചോദിച്ചു വാങ്ങുന്നു?

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പാതിരാത്രി ഇരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജിന് അടുത്ത ദിവസം ജാമ്യം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയത് പി സി ജോര്‍ജിന്റെ ഗൂഢാലോചന അനുസരിച്ചാണെന്ന് ആരോപിച്ച് കേസ് എടുത്തതും അമ്പേ പരാജയമായി. കേസെടുക്കാനുള്ള തെളിവില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടും സര്‍കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെല്ലാം പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയും പി ശശിയും ആണെന്നാണ് ജോര്‍ജ് ആരോപിക്കുന്നത്.

പി സി ജോര്‍ജ് വിവാദ വ്യവസായി ഫാരീസ് അബൂബകറെ കുറിച്ചുള്ള എന്തോ ആക്ഷേപം വെളിപ്പെടുത്തുമെന്ന സൂചന ലഭിച്ചതോടെയാണ് അഴിക്കുള്ളിലാക്കാന്‍ ശ്രമിച്ചതെന്ന കിംവദന്തികളും പ്രചരിക്കുന്നുണ്ട്. ഫാരീസും പിണറായിയും തമ്മില്‍ മുമ്പ് വലിയ സൗഹൃദത്തിലായിരുന്നു എന്ന് ആക്ഷേപം ഉണ്ടായിരുന്നു.


രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ പൊലീസിനെ ആയുധമാക്കുന്ന സര്‍കാരിന് ലഭിച്ച വലിയ തിരിച്ചടിയാണ് പി സി ജോര്‍ജിന് കിട്ടിയ ജാമ്യം. സോളാര്‍ കേസിലെ പ്രതിയുടെ ലൈംഗികപീഡന പരാതിയില്‍ വിശദമായ വാദം കേട്ടു മജിസ്‌ട്രേറ്റ് കോടതി ആദ്യം ദിനം തന്നെ ജോര്‍ജിനു ജാമ്യം അനുവദിച്ചു. സര്‍കാരിലെ ചില ഉന്നതരും സോളാര്‍ കേസിലെ പ്രതിയും തമ്മില്‍ ഒത്തുകളിക്കുന്നെന്നും ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതി വീണ്ടും സജീവമാകാനുള്ള കാരണം അതാണെന്ന യുഡിഎഫ് നേതാക്കളുടെ ആരോപണം ശരിവയ്ക്കുന്നതാണ് ജോര്‍ജിനെതിരായ പരാതിയും ജാമ്യവും.

തുടര്‍ചയായി തോല്‍വി എന്തിന് ചോദിച്ചു വാങ്ങണമെന്ന അഭിപ്രായം പൊലീസിനുള്ളില്‍ ഉണ്ടെന്നാണ് റിപോര്‍ട്. പി ശശി പൊളിറ്റികല്‍ സെക്രടറിയായതിനുശേഷം സേനയെ അമിതമായി സമ്മര്‍ദത്തിലാക്കുന്നെന്ന അതൃപ്തി പൊലീസിലുണ്ട്. അവരത് പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രം. സ്വപ്‌ന മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ നടത്തിയ വെളിപ്പെടുത്തലുകളുടെ ശ്രദ്ധതിരിക്കാനാണ് ഈ നാടകങ്ങളെല്ലാം കളിക്കുന്നതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടുണ്ട്. എകെജി സെന്ററിന് നേരെ ഉണ്ടായ ബോംബേറ് അടക്കമുള്ള കാര്യത്തില്‍ യുഡിഎഫ് ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്.

Keywords:  PC George granted bail in second case: Why Pinarayi and P. Shashi are hunting him, Thiruvananthapuram, Kerala, News, Top-Headlines, Pinarayi vijayan, LDF, Government, Arrest, Police, Politics, Chief minister, PC George.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia