പി ഡി പി നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

 


തിരുവനന്തപുരം: (www.kvartha.com 10.06.2016) പി ഡി പി സംസ്ഥാന നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി. പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കുന്നതിനും മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത പിണറായി വിജയന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനും വേണ്ടിയാണ് പി ഡി പി സംസ്ഥാന നേതാക്കള്‍ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചത്.

ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ആറ് വര്‍ഷത്തിലധികമായി വിചാരണതടവുകാരനായി കഴിഞ്ഞിരുന്ന മഅ്ദനി സുപ്രീം കോടതിയില്‍ നിന്ന് ചികിത്സക്ക് വേണ്ടി ജാമ്യം നേടി കടുത്ത ഉപാധികളോട് കൂടി ബംഗളൂരു സഹായ ഹോസ്പിറ്റലില്‍ കഴിഞ്ഞ് വരികയാണ്. ഗുരുതരവും അപകടകരവുമായ ആരോഗ്യാവസ്ഥയിലാണ് ഇപ്പോള്‍ മഅ്ദനി ഉള്ളത്. കണ്ണിന്റെ കാഴ്ച ശേഷി തകരാറിലായതിന് പുറമെ ഇപ്പോള്‍ വൃക്ക രോഗവും ബാധിച്ചിരിക്കുകയാണ്. ഷുഗര്‍ ,ബി പി എന്നിവ അനിയന്ത്രിതമായ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് പരിശോധനക്കായി മറ്റൊരാശുപത്രിയില്‍ അഡ്മിറ്റ് ചെയ്‌തെങ്കിലും പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയില്‍ വീക്കമുള്ളതായി കണ്ടെത്തുകയും സര്‍ജറിക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുകയാണ്.

കണ്ണിന്റെ കാഴ്ച ശേഷി തിരിച്ച് കിട്ടുന്നതിനും മറ്റ് രോഗങ്ങള്‍ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നതിനും വേണ്ടി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കേരളത്തില്‍ വരുന്നതിന് വേണ്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി ഈ മാസം അവസാനം പരിഗണിക്കാനിരിക്കെ കോടതിയില്‍ നിന്നും അനുകൂലമായ വിധിയുണ്ടാകുന്നതിന് വേണ്ട ഫലപ്രദമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് പി ഡി പി നേതാക്കള്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

പി ഡി പി സീനിയര്‍ വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മൈലക്കാട് ഷാ, ടി എ മുജീബ് റഹ് മാന്‍, ജില്ല പ്രസിഡന്റ് പാച്ചിറ സ്വലാഹുദ്ദീന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. പൂന്തുറ സിറാജ് മുഖ്യമന്ത്രിയെ ഷാള്‍ അണിയിച്ചു.
പി ഡി പി നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

Keywords:  PDP, Kerala, Pinarayi vijayan, CM, Visit, Abdul-Nasar-Madani, Secretariat, Thiruvananthapuram, Poonthura Siraj.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia