PDT Acharya | പാര്‍ലമെന്റിന്റെ സ്തംഭനാവസ്ഥയുടെ കാരണം പ്രതിപക്ഷമല്ലെന്ന് പി ഡി ടി ആചാര്യ

 


കണ്ണൂര്‍: (www.kvartha.com) നിയമ നിര്‍മാണ സഭയുടെ നിലവിലെ സ്തംഭനാവസ്ഥയുടെ പ്രധാന കാരണം പ്രതിപക്ഷമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ലോക്‌സഭാ മുന്‍ സെക്രടറി പി ഡി ടി ആചാരി. എന്നാല്‍ യഥാര്‍ഥത്തില്‍ ഭരണപക്ഷത്തിന്റെ കടുംപിടുത്തമാണ് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോള്‍ഡന്‍ ഫിഫ്റ്റിയോടനുബന്ധിച്ച് എസ് എസ് എഫ് സംഘടിപ്പിക്കുന്ന അന്‍പത് സമ്മേളനങ്ങളുടെ ഭാഗമായുള്ള രാഷ്ട്രീയ ചര്‍ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള ബന്ധം ആരോഗ്യകരമാകണമെന്നും രാഷ്ട്രീയ പ്രതിയോഗികള്‍ എന്നതില്‍ നിന്ന് മാറി പ്രതിപക്ഷം സംഹരിക്കപ്പെടേണ്ടവരാണെന്ന ചിന്ത അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തെ ചര്‍ചകള്‍ക്ക് ക്ഷണിക്കുകയോ, ചര്‍ചകള്‍ അനുവദിക്കുകയോ ചെയ്യുന്നില്ല. പ്രതിപക്ഷമില്ലാത്ത രാജ്യത്ത് ജനാധിപത്യത്തിന് സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ മതേതരത്വ മൂല്യങ്ങളില്‍ പൊതുസമൂഹം ആശങ്ക പ്രകടിപ്പിക്കുന്നതില്‍ കാര്യമുണ്ട്. പാര്‍ലമെന്റ് ചര്‍ചകള്‍ നടക്കേണ്ട ഇടമാണെങ്കിലും ഇന്ന് കാര്യങ്ങള്‍ മാറി.

ഭരണഘടനയുടെ അന്തസത്തയുള്‍ക്കൊള്ളുന്ന അതിന്റെ ആമുഖ വാചകങ്ങളെയും അതെഴുതിയ വ്യക്തിയേയും പുതിയ തലമുറ മറവിക്ക് വിടുന്നു. ഭരണഘടന അടിസ്ഥാനപരമായി സെക്യൂലറിസമാണെങ്കിലും ഇന്നും അതേകുറിച്ചുള്ള സംവാദം നിലനില്‍ക്കുന്നു. മതേതരത്വം എന്നതിന്റെ അര്‍ഥം ഭരണകൂടത്തിന് മതമില്ല എന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റും കൂട്ടുത്തരവാദിത്വമുള്ള മന്ത്രി സഭയും പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ രണ്ടു തൂണുകളാണ്. അതുകൊണ്ടുതന്നെ രണ്ടിന്റെയും സംരക്ഷണം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് മതഗ്രന്ഥങ്ങളെ കൂട്ടുപിടിച്ചു നിയമ നിര്‍മാണവും ഭരണവും നടത്താന്‍ ശ്രമിച്ചാല്‍ 140 കോടിയിലധികം വരുന്ന ജനങ്ങളും ആറ് പ്രധാന ന്യൂനപക്ഷങ്ങളും അധിവസിക്കുന്ന ഈ രാജ്യം മുന്നോട്ടു പോകില്ല എന്നും അദ്ദേഹം പറഞ്ഞു.

എസ് എസ് എഫ് സംസ്ഥാന സെക്രടറി പി ജാബിര്‍ അധ്യക്ഷത വഹിച്ചു. ഡോ: എം എസ് മുഹമ്മദ്, അനീസ് മുഹമ്മദ് ആലപ്പുഴ, ഫാറൂഖ് കാസര്‍കോട് എന്നിവര്‍ സംസാരിച്ചു.

PDT Acharya | പാര്‍ലമെന്റിന്റെ സ്തംഭനാവസ്ഥയുടെ കാരണം പ്രതിപക്ഷമല്ലെന്ന് പി ഡി ടി ആചാര്യ

മൂന്നു ദിവസമായി ഏഴ് വേദികളിലായി നടന്നു വരുന്ന 50 സമ്മേളനത്തില്‍ ധിഷണ, സൗഹൃദം; ആസാദിന്റെ സ്വപ്ന രാജ്യം എന്ന വിഷയത്തില്‍ ഡോ. ശിവദാസന്‍ പ്രഭാഷണം നടത്തി. ദേശീയ വിദ്യാഭ്യാസ നയം ആന്തരീക ആശയങ്ങള്‍ പ്രതിഫലനങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ ഡോ: എം എന്‍ മുസ്തഫ , ഡോ. ശ്യാംകുമാര്‍, ശഫീഖ് സിദ്ദീഖി എന്നിവര്‍ സംബന്ധിച്ചു.

രാജ്യത്തിന്റെ വര്‍ത്തമാനം പൗരന്റെ ഭാവി എന്ന വിഷയത്തില്‍ നടന്ന ചര്‍ചയില്‍ കെ പി സി സി സെക്രടറി എം ലിജു, ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി കെ സനോജ്, കെ ബി ബശീര്‍ എന്നിവര്‍ സംസാരിച്ചു. മാധ്യമങ്ങള്‍ ഭരണകൂട മുഖ പത്രമാകുമ്പോള്‍ ജനാധിപത്യത്തിന് എന്ത് സംഭവിക്കുന്നു എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരായ ആര്‍ രാജഗോപാല്‍, രാജീവ് ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.

Keywords:  PDT Acharya says opposition is not the reason for deadlock in Parliament, Kannur, News, Politics, SSF, Parliament, Media, Politics, Conference, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia