Security Concerns | പെരിന്തല്‍മണ്ണ സംഭവം: കേരളത്തിലെ സ്വർണ വ്യാപാരികൾ കവർച്ച ഭീഷണിയിൽ; ആശങ്കകൾ ഏറെ
● കേസില്‍ ഇതുവരെ 13 പേർ അറസ്റ്റിലായി.
● അഞ്ച് പ്രതികളാണ് ഇനി പിടിയിലാവാനുള്ളത്.
കൊച്ചി: (KVARTHA) കേരളത്തിലെ സ്വർണ വ്യാപാര മേഖല സുരക്ഷിതത്വ പ്രശ്നങ്ങളെ നേരിടുകയാണെന്ന് വ്യാപാരികൾ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മോഷ്ടാക്കൾ സുരക്ഷാ വീഴ്ചകൾ മുതലാക്കി വ്യാപാരികളെ ലക്ഷ്യമാക്കുന്നത് വർധിച്ചുവരുന്നു. പെരിന്തൽമണ്ണയിൽ സംഭവിച്ച സമാനമായ സംഭവങ്ങൾ ഇനി ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ.
വ്യാഴാഴ്ച രാത്രി എട്ടരയോടെ പെരിന്തല്‍മണ്ണ ഊട്ടിറോഡിലെ ജ്വല്ലറി അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഉടമ യൂസഫിനേയും സഹോദരന്‍ ഷാനവാസിനേയും കാറില്‍ പിറകെവന്ന് ഒരു സംഘം പട്ടാമ്പിറോഡില്‍ വച്ച് കാര്‍ കുറുകെയിട്ട് ഇടിച്ചുവീഴ്ത്തുകയും മറിഞ്ഞുവീണ ഇരുവരുടെയും കണ്ണിലേക്ക് കുരുമുളക് സ്പ്രേ അടിക്കുകയും മുഖത്ത് ഇടിച്ച് മാരകമായി പരിക്കേല്‍പിച്ച് കൈവശമുണ്ടായിരുന്ന മൂന്ന് കിലോഗ്രാമോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത് കാറില്‍ രക്ഷപ്പെടുകയായിരുന്നു.
കേസില്‍ ഇതുവരെ 13 പേർ അറസ്റ്റിലായി. അഞ്ച് പ്രതികളാണ് ഇനി പിടിയിലാവാനുള്ളത്. സ്വർണാഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇല്ലാത്തതാണ് പ്രധാന പ്രശ്നമെന്ന് സ്വർണ വ്യാപാരികൾ പറയുന്നു. പല ചെറുകിട വ്യാപാരികളും സ്വർണം വീട്ടിലേക്ക് കൊണ്ടുപോകുന്ന പതിവ് കവർച്ചയ്ക്കും തട്ടിപ്പിനും ഇടയാക്കുന്നു. രാത്രികാലങ്ങളിൽ സ്വർണം വീട്ടിലേക്ക് കൊണ്ടുപോകുന്നത് നിരീക്ഷിച്ച് തട്ടിപ്പുകാർ ആക്രമിക്കുന്ന സംഭവങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
പൊലീസ് അന്വേഷണങ്ങൾ പലപ്പോഴും വിഫലമാകുന്നതും സുരക്ഷിതത്വ ഭീഷണി വർദ്ധിപ്പിക്കുന്നു. കവർച്ചക്കിടയിൽ വ്യാപാരികൾക്ക് ദേഹോപദ്രവം സംഭവിക്കുന്നതും പതിവ്. ഇൻഷുറൻസ് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതും വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു.
സ്വർണ വ്യാപാര മേഖലയിലെ തട്ടിപ്പുകളും വ്യാപകമാണ്. സ്വർണം പൂശിയ വസ്തുക്കൾ, വ്യാജ ഹാൾമാർക്ക് മുദ്രകൾ എന്നിവയുമായി എത്തുന്ന ഗൂഢ സംഘങ്ങൾ വ്യാപാരികളെ കബളിപ്പിക്കുന്നു. മോഷണം പോയ സ്വർണം തിരിച്ചെടുക്കുന്നതും വലിയ പ്രതിസന്ധിയാണ്. പഴയ സ്വർണം മാറി എടുക്കുന്നവരെ നല്ല ഉപഭോക്താക്കളായി കണക്കാക്കുന്ന വ്യാപാരികൾ പൊലീസ് പരിശോധനയിൽ പെട്ട് പ്രതിസന്ധിയിലാകുന്ന സംഭവങ്ങളും ഉണ്ട്.
സ്വർണ വ്യാപാര മേഖലയിലെ സുരക്ഷിതത്വ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു യോഗം അടിയന്തരമായി വിളിച്ചു ചേർക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ സംസ്ഥാന ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ ആവശ്യപ്പെട്ടിട്ടുണ്ട്.
#GoldTraders, #Perinthalmanna, #Robbery, #Kerala, #SecurityConcerns, #Crime